ഫറോക്ക്∙ മരിക്കാൻ പോകുകയാണെന്നു കത്തെഴുതി അറപ്പുഴ പാലത്തിനു സമീപം സ്കൂട്ടർ ഉപേക്ഷിച്ച് 3 വർഷം മുൻപ് നാടുവിട്ട യുവതിയെ തൃശൂരിൽ നിന്നു കണ്ടെത്തി.
ചെറുവണ്ണൂർ മാതൃപ്പിള്ളി വർഷയെയാണ് (30) ഫറോക്ക് പൊലീസും ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്നു കണ്ടെത്തിയത്. ഫറോക്ക് എട്ടേമൂന്ന് വാഴപ്പുറ്റത്തറയിലെ വാടകവീട്ടിൽ നിന്നു 2022 നവംബർ 11ന് രാവിലെയാണ് യുവതി സ്കൂട്ടറിൽ പോയത്.
കാണാതായതോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ ഇവരുടെ സ്കൂട്ടർ അറപ്പുഴ പാലത്തിന് സമീപം കണ്ടെത്തി.
ഫോണും സിമ്മും ഉപേക്ഷിച്ച് പോയ യുവതിയെ തേടി വ്യാപക അന്വേഷണം നടത്തിയെങ്കിലും തുമ്പ് കിട്ടിയില്ല. മ്മിഷണറുടെ നിർദേശപ്രകാരം നിയോഗിച്ച സ്പെഷൽ സ്ക്വാഡ് സൈബർ സെല്ലുമായി ചേർന്നു നടത്തിയ നീണ്ട അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരിപ്പുണ്ടെന്നും ഇന്റർനെറ്റ് കോളുകൾ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും തിരിച്ചറിഞ്ഞു.
തുടർന്നു നടത്തിയ നിരീക്ഷണത്തിലാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതിയെ അന്വേഷണസംഘം കണ്ടെത്തിയത്.
2022 നവംബറിൽ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജസ്വർണം പണയം വച്ച് 9.10 ലക്ഷം രൂപ കൈക്കലാക്കിയതായും ഒട്ടേറെ വ്യക്തികളിൽ നിന്നു പണം കടം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. പുഴയിൽ ചാടി മരിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കത്തെഴുതി വച്ച് പാലത്തിനു സമീപം സ്കൂട്ടർ നിർത്തി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
ധനകാര്യ സ്ഥാപനം നൽകിയ പരാതിയിൽ യുവതിക്കെതിരെ ഫറോക്ക് പൊലീസിൽ കേസുണ്ട്.
ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നു ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത് പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഫറോക്ക് എസ്ഐ എസ്.അനൂപ്, സിപിഒമാരായ കെ.പ്രജിഷ, എം.സനൂപ്, സൈബർ സെൽ സിപിഒമാരായ സുജിത്ത് മാവൂർ, ഷെഫിൻ സ്കറിയ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]