
കോഴിക്കോട് ∙ മാലിന്യനിർമാർജന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. മാലിന്യസംസ്കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ ഞെളിയൻപറമ്പിൽ ആരംഭിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് കരാർ ഒപ്പിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യത്തിൽനിന്ന് ഒരു വ്യാവസായിക ഉൽപന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാകുന്നതിനൊപ്പം അദ്ഭുതകരമായ മാറ്റം കൂടിയാണ് ഉണ്ടാവുക.
150 ടൺ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചി ബ്രഹ്മപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ഒരുങ്ങുമ്പോൾ എതിർക്കുകയെന്ന പൊതുവായ മനോഭാവത്തിൽ മാറ്റമുണ്ടാവണം.
ശുചിത്വത്തിന്റെ കാര്യത്തിൽ കോഴിക്കോട് കൈവരിച്ച നേട്ടങ്ങൾ പൂർണതയിൽ എത്തിക്കാൻ കോർപറേഷന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നാടിന്റെ ആവശ്യമാണെന്നു കണ്ട് എല്ലാവിധ സഹകരണവും നൽകിയ പ്രദേശത്തെ ജനങ്ങളുടെ ഇടപെടൽ മാതൃകാപരമാണെന്നും കോർപറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും അഭിനന്ദനം അർഹിക്കുന്നുവെന്നും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നിവാസികളുടെ ഏറെക്കാലത്തെ പ്രശ്നത്തിനാണ് പദ്ധതിയിലൂടെ പരിഹാരമാകുന്നതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ഇത്തരത്തിലുള്ള പദ്ധതികൾ കേരളത്തെ ശുദ്ധവും മാലിന്യമുക്തവുമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഡപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഡോ.
ജയശ്രീ, പി.ദിവാകരൻ, പി.കെ.നാസർ, പി.സി. രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.അനിൽ കുമാർ, സ്റ്റേറ്റ് ഹെഡ് വി.ആർ.ഹരികൃഷ്ണൻ, കോർപറേഷൻ സെക്രട്ടറി ടി.യു.ബിനി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
∙ കോഴിക്കോട്ടെ മാലിന്യസംസ്കരണത്തിന് ഇനി പുതിയ മുഖം
ഞെളിയൻപറമ്പിലെ എട്ടേക്കറോളം സ്ഥലത്താണ് ജൈവ മാലിന്യം സംസ്കരിച്ച് പാചകവാതകമാക്കി മാറ്റുന്നതിനുള്ള പ്ലാന്റ് ഉയരുക.
നഗരം നേരിടുന്ന വലിയ മാലിന്യ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുക. 99 കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നിർമാണ ചുമതല ഭാരത് പെട്രോളിയം കോർപറേഷനാണ്.
ഇതുസംബന്ധിച്ച ധാരണാപത്രമാണ് തിങ്കളാഴ്ച കൈമാറിയത്. പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കോർപറേഷൻ 25 വർഷത്തേക്കാണ് ബിപിസിഎല്ലിന് അനുവദിച്ചത്.
24 മാസത്തിനകം പ്രവൃത്തി പൂർത്തീകരിച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിക്കാനാണ് ധാരണ. ദിവസേന 150 മുതൽ 180 ടൺ ജൈവ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുണ്ടാവുക.
ഇവിടെനിന്ന് 56 ടൺ ബയോഗ്യാസും 20 മുതൽ 25 ടൺവരെ ജൈവവളവും ഉൽപാദിപ്പിക്കാം. ഉൽപാദിപ്പിക്കുന്ന ഗ്യാസ് ഗെയിലിന് വിൽക്കും.
പദ്ധതി പ്രദേശത്ത് ഫ്യുവൽ സ്റ്റേഷനും സജ്ജീകരിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]