വടകര∙ മുറിമാറി കിടന്നതു കാരണം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ബോംബേറുണ്ടായത്, കെഎസ്യു നേതാവ് ബിതുലിന്റെ മാതാപിതാക്കൾ പതിവായി കിടക്കുന്ന മുറിക്കു നേരെയായിരുന്നു.
പക്ഷേ മറ്റൊരു മുറിയിലായതിനാൽ ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ജനൽ പൊട്ടി ചില്ലുകളും അവശിഷ്ടങ്ങളും മുറിയുടെ അകത്തെത്തി.
വീട്ടിലെ ക്യാമറയിൽ നിന്നു ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 3 പേരായിരുന്നു അക്രമി സംഘത്തിൽ.
ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണു സൂചന. ബിതുലിന്റെ പിതാവ് മുല്ലേരി ബാലൻ പ്രവാസിയാണ്.
കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം നാട്ടിൽ ബിസിനസ് നടത്തുകയാണ്. ബോംബേറിൽ വ്യാപക പ്രതിഷേധമുയർന്നു.
മന്ത്രി വീണാ ജോർജിനു നേരെ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ ശേഷം ബിതുലിന് സിപിഎം കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയുണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു വീടിനു നേരെ അക്രമം.
തോടന്നൂരിൽ വീടിനു നേരെ ബോംബേറുണ്ടായ സംഭവം പ്രതിഷേധാർഹമാണ്.
യഥാർഥ പ്രതികളെ പൊലീസ് അന്വേഷിച്ച് കണ്ടു പിടിക്കട്ടെ
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ
മന്ത്രി വീണാ ജോർജിനു നേരെയുണ്ടായ പ്രതിഷേധത്തെത്തുടർന്നു റിമാൻഡിൽ കഴിയുന്ന കെഎസ്യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം ബോംബേറുണ്ടായത്. പുലർച്ചെ 2.40 നാണ് വടകര തോടന്നൂരുള്ള വീടിന്റെ ഗേറ്റിനു പുറത്തുനിന്ന് 3 പേർ ബോംബെറിഞ്ഞത്.
കിടപ്പുമുറിയുടെ ജനലും സൺ ഷേഡും തകർന്നു. ചുവരിന് കേടുപാടുണ്ടായി.
വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയത്. വടകര പൊലീസ് സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വീടിനു കാവൽ ഏർപ്പെടുത്തി.
അക്രമത്തിൽ പ്രതിഷേധിച്ച് തോടന്നൂരിൽ യുഡിഎഫ് ഉച്ച വരെ ഹർത്താൽ ആചരിച്ചു.
സിപിഎമ്മുകാരാണ് അക്രമം നടത്തിയതെന്നും മുതിർന്ന സിപിഎം നേതാക്കൾ പോലും ബിതുലിനെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണിയുമായി രംഗത്തു വന്നിട്ടുണ്ടെന്നും ബിതുലിന്റെ പിതാവ് മുല്ലേരി ബാലൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ നിയമ വിദ്യാർഥിയായ ബിതുലിനെ മുൻപൊരിക്കൽ പാലയാട്ട് ബിതുൽ താമസിക്കുന്ന സ്ഥലത്തു പോയി മർദിച്ചിരുന്നു.
തോടന്നൂരിൽ വീടിനു നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നു.
പൊലീസ് അന്വേഷണം തുടങ്ങും മുൻപ് നിരപരാധികളെ പ്രതിയാക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്
ടി.പി.ഗോപാലൻ (സിപിഎം ഏരിയ സെക്രട്ടറി)
അതേസമയം, ബിതുലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിന്റെ വാട്സാപ് ചാറ്റുകൾ പുറത്തുവിട്ട് കോൺഗ്രസ്. ബിതുലിന്റെ വീടന്വേഷിക്കുന്ന ഡിവൈഎഫ്ഐ നേതാവിന്റെ ചാറ്റാണ് പുറത്തുവന്നത്.
തിരുവള്ളൂർ ജനകീയ കൂട്ടായ്മ എന്ന വാട്സാപ് ഗ്രൂപ്പിലാണ് ചാറ്റുകൾ. ഇവ കോൺഗ്രസ് പൊലീസിനു കൈമാറി.
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണോ ബോംബേറെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിതുലിന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.ഷീബ, ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു എന്നിവരും വീടു സന്ദർശിച്ചു.
മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ ഒത്തുകളി: കെ.മുരളീധരൻ
വടകര∙ കെഎസ്യു പ്രവർത്തകരെ ജയിലിൽ അടച്ചതും മന്ത്രി ആശുപത്രിയിൽ കിടന്നതും മുഖ്യമന്ത്രിയും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് കെ.മുരളീധരൻ.
ആരോഗ്യ മേഖല തകർന്നെങ്കിലും മന്ത്രി നല്ല ആക്ടറാണ് എന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് വരെ ആരോഗ്യമന്ത്രിക്ക് എതിരെ സമാധാനപരമായി കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോടന്നൂരിൽ ബിതുൽ ബാലന്റെ വീട് കെ.മുരളീധരൻ സന്ദർശിച്ചു.
സിപിഎം ഗൂഢാലോചന: വി.ടി.സൂരജ്
വടകര∙ ബിതുൽ ബാലന്റെ വീട്ടിൽ ബോംബെറിഞ്ഞത് മാതാപിതാക്കളെ അപായപ്പെടുത്താനുള്ള സിപിഎം ഗൂഢാലോചനയാണെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്.
മന്ത്രി വീണാ ജോർജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ ഉടനെ നടന്ന ബോംബ് ആക്രമണം ജനാധിപത്യ സമരങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ഭരണ നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്. അക്രമി സംഘത്തിന് സിപിഎമ്മിന്റെ പ്രാദേശിക സഹായം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് ബിതുലിന്റെ മാതാപിതാക്കൾ കിടന്നുറങ്ങുന്ന മുറി ലക്ഷ്യം വച്ച് ബോംബെറിഞ്ഞത്. അക്രമത്തിൽ കണ്ണൂരിലെയും കോഴിക്കോട്ടെയും സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് പൊലീസ് അന്വേഷിക്കണം– സൂരജ് പറഞ്ഞു.
ബിതുൽ ബാലന്റെ വീട് ആക്രമിച്ചതിനെതിരെ കെഎസ്യു വടകരയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്, സംസ്ഥാന സമിതി അംഗം അർജുൻ പൂനത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം.പി.രാഗിൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാഹുൽ ചാലിൽ, ദിൽരാജ് പനോളി, ആദിൽ മുണ്ടിയത്ത്, പി.എസ് സിദ്ധാർഥ്, മണ്ഡലം പ്രസിഡന്റ് കാർത്തിക് ചോറോട് എന്നിവർ നേതൃത്വം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

