
കോഴിക്കോട്∙ ജില്ലയുടെ സമഗ്ര വികസനത്തിനു മുന്നൊരുക്കവുമായി ഡിസിസിയുടെ വികസന സെമിനാർ. എംപിമാരും ജനപ്രതിനിധികളും അടക്കമുള്ളവരെയും വിവിധ മേഖലയിലെ പ്രമുഖരെയും ഉൾപ്പെടുത്തിയാണ് ‘കോഴിക്കോട് @ 2040’ ചർച്ച സംഘടിപ്പിച്ചത്.
കേരളത്തിലെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത പ്രത്യേകതകളുള്ള കോഴിക്കോടിന്റെ വികസനത്തിനു ദീർഘകാല ആസൂത്രണം ആവശ്യമാണെന്നു ചർച്ച ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സുസ്ഥിര വികസനം എന്നതായിരിക്കണം ലക്ഷ്യം.
ഇതിനായി വിഷൻ ഡോക്യുമെന്റ് തയാറാക്കണം. ഇതു നടപ്പാക്കിയെടുക്കാൻ നല്ല കാഴ്ചപ്പാടുള്ള നേതൃനിരയുണ്ടാകണമെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.
ജില്ലയുടെ 2050 വരെയുള്ള വികസനം ആസൂത്രണം ചെയ്യാൻ കമ്മിഷൻ രൂപീകരിക്കണമെന്നു ചർച്ചയിൽ പങ്കെടുത്ത എം.കെ.രാഘവൻ എംപി പറഞ്ഞു.
മികച്ച പഠനഗവേഷണ കേന്ദ്രങ്ങൾ, റെയിൽവേ, ടൂറിസം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനം കോഴിക്കോട്ടേക്ക് എത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വൻ ചുവടുവയ്പാണ് മലബാറിലെ കുട്ടികൾ വരും വർഷങ്ങളിൽ നടത്താൻ പോകുന്നതെന്നു ഷാഫി പറമ്പിൽ എംപി പറഞ്ഞു. അവർക്കുവേണ്ട
അവസരങ്ങൾ ഇവിടെ ഒരുക്കി കൊടുക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.
2040ലെ കോഴിക്കോടിനെക്കുറിച്ചു വിവിധ മേഖലയിലുള്ളവർ അവരുടെ കാഴ്ചപ്പാട് പങ്കുവച്ച പരിപാടിയിൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, സാഹിത്യകാരൻ യു.കെ.കുമാരൻ, സംവിധായകൻ വി.എം.വിനു, വിവിധ മേഖലകളിൽ നിന്നുള്ള ഡോ.
കെ.മൊയ്തു, കമാൽ വരദൂർ, എൻ.കെ.മുഹമ്മദാലി, നിർമൽകുമാർ, ഇ.പി.മുഹമ്മദ്, രവി ഗുപ്ത, ബാപ്പു ഹാജി, നിത്യാനന്ദ കമ്മത്ത്, സിറാജ്ജുദ്ദീൻ, ആഷിഖ് ചെലവൂർ, ഡോ. ശങ്കർ, ബ്രസീലിയ ഷംസുദ്ദീൻ, ആർക്കിടെക്ട് അരുൺ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം.നിയാസ്, നേതാക്കളായ കെ.സി.അബു, കെ.എം.അഭിജിത്ത്, ആർ.ഷഹിൻ, വി.ടി.സൂരജ്, നിജേഷ് അരവിന്ദ്, പി.എം. അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]