
കോഴിക്കോട് ∙ 2019 ൽ വെസ്റ്റ്ഹിലിൽ നിന്നു കാണാതായ യുവാവ് ലഹരി മരുന്നു കുത്തിവച്ചതിനെ തുടർന്നു മരിച്ചെന്നും മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നുമുള്ള വെളിപ്പെടുത്തലിൽ പൊലീസ് തെളിവെടുത്തു. വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 2 പ്രതികളിൽ കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിലിനെ സരോവരം, കല്ലായി, ആനിഹാൾ റോഡ് എന്നിവിടങ്ങളിൽ എത്തിച്ചാണ് എലത്തൂർ പൊലീസ് തെളിവുകൾ ശേഖരിച്ചത്.
6 വർഷം മുൻപ് പ്രതികൾ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷനിൽനിന്നു കണ്ടെടുത്തു. ഇന്ന് മൃതദേഹത്തിനായി സരോവരം തണ്ണീർത്തടത്തിനു സമീപത്തെ ചതുപ്പിൽ രാവിലെ 6 മുതൽ പൊലീസ് പരിശോധന നടത്തും.
സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫൊറൻസിക് സർജൻ, സയന്റിഫിക് വിദഗ്ധർ, ഡോക്ടർമാർ, പൊലീസ് ഉന്നത ഉദ്യോഗസ്ഥർ, റവന്യു ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിലാണു പരിശോധിക്കുക. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ്, കെ.കെ.നിഖിൽ എന്നിവരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.
ചോദ്യം ചെയ്തതിൽ വിജിലിന്റെ ബൈക്ക് കല്ലായിയിൽ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചതായി പ്രതികൾ ആവർത്തിച്ചു. റെയിൽവേയിൽ ബൈക്ക് ഉപേക്ഷിച്ചതിനു ശേഷമാണ് വിജിൽ ട്രെയിൻ കയറി നാടു വിട്ടതെന്നാണ് പ്രതികൾ അന്നു പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.
വൈകിട്ട് പ്രതികളുമായി പൊലീസ് സംഘം സരോവരം തണ്ണീർത്തടത്തിനു സമീപമെത്തി മൃതദേഹം കുഴിച്ചിട്ടതെന്നു പറയുന്ന ചതുപ്പുനിലം കണ്ടു.
കല്ലായിയിൽ ബൈക്ക് പാതി ദ്രവിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചതെന്നു പറയുന്ന മൊബൈൽ ഫോണിനായി തിരഞ്ഞെങ്കിലും ലഭിച്ചില്ല. ആനിഹാൾ റോഡിലും കല്ലിങ്ങൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ റോഡ് പരിസരത്തും പൊലീസ് തെളിവെടുത്തു.
കണ്ടെടുത്ത ബൈക്ക് എലത്തൂർ സ്റ്റേഷനിൽ എത്തിച്ചു. പ്രതികളെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും കൂടുതൽ അന്വേഷണത്തിനായി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അന്വേഷണ സംഘം പറഞ്ഞു.
മരിച്ച ശേഷം ഉപേക്ഷിച്ചത് തെളിവു നശിപ്പിക്കാൻ
6 വർഷം മുൻപു കാണാതായ വിജിൽ അമിതമായ അളവിൽ ബ്രൗൺ ഷുഗർ കുത്തിവച്ചതിനെ തുടർന്നു മരിച്ചതാണെന്നും തെളിവു നശിപ്പിക്കാനായി മൃതദേഹം കോഴിക്കോട് നഗരത്തിലെ സരോവരം പാർക്കിനു സമീപത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയത് തിങ്കളാഴ്ചയാണ്.
2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. കേസിൽ ഉൾപ്പെട്ട
മൂന്നു പ്രതികളിൽ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതി പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്.
4 പേരും നേരത്തെ തന്നെ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്.
സരോവരം പാർക്കിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ, സംഭവദിവസം 4 പേരും ഒരുമിച്ചു ലഹരിമരുന്ന് ഉപയോഗിച്ചു. തുടർന്നു 4 പേരും ഏറെനേരം മയങ്ങിക്കിടന്നു.
രാത്രിയിൽ, വിജിലിനെ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. മൃതദേഹം അവിടെ ഉപേക്ഷിച്ച പ്രതികൾ അടുത്ത ദിവസമെത്തി ചതുപ്പിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]