
കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടർപട്ടികയിലെ മറിമായം തുടരുന്നു. ഒരേ വീട്ടിൽ താമസിക്കുന്ന ഭാര്യയ്ക്കും ഭർത്താവിനും വോട്ട് രണ്ടിടത്ത്.
ചിലർക്ക് ഒന്നിലേറെ വോട്ട്. ചിലരുടെ വോട്ട് കാണാനില്ല.
പിഴവുകൾ അബദ്ധമല്ലെന്നും കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ വെട്ടിമാറ്റലാണെന്നും ആരോപിച്ചു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.
ഒരേ വീട്, വോട്ട് പലയിടത്ത്
മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് മേഖലാ പ്രസിഡന്റ് പി.വി.ഷംസുദ്ദീന്റെ വീട്ടിൽ ഷംസുദ്ദീനും ഭാര്യയും അടക്കം കുടുംബാംഗങ്ങൾ എല്ലാവർക്കും നിലവിലെ വോട്ട് 54ാം വാർഡായ കപ്പക്കലിൽ ആണ്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പുതിയ കരട് പട്ടിക വന്നപ്പോൾ ഷംസുദ്ദീനു വോട്ട് 55ാം വാർഡിൽ (പയ്യാനക്കൽ). ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും വോട്ട് 56ാം വാർഡായ നദീനഗറിൽ.
ഒരേ വീട്ടിൽ താമസിക്കുന്ന, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വരെ ഒരേ സ്ഥലത്ത് വോട്ട് ചെയ്തവരുടെ വോട്ടുകൾ എങ്ങനെ പല വാർഡുകളായി എന്ന ചോദ്യത്തിന് അധികൃതർക്കു മറുപടിയില്ല.
ഡബിൾ എൻട്രികൾ
കോർപറേഷന്റെ 1–5 വരെയുള്ള വാർഡുകളിൽ മാത്രം ഒന്നിലേറെ വോട്ടുള്ള 1,321 വോട്ടർമാരുണ്ട്. പേരുകളിൽ ഒരു വ്യത്യാസവുമില്ലാതെയാണ് ഒന്നിലേറെ വോട്ടുകൾ കരട് വോട്ടർപട്ടികയിൽ കടന്നു കൂടിയത്. അതേസമയം, ഒന്നിലേറെ വോട്ടുള്ള വിവരം പല വോട്ടർമാർക്കും അറിയില്ല. വോട്ടുകൾ തള്ളിക്കളയാൻ അപേക്ഷ നൽകിയില്ലെങ്കിൽ അന്തിമ പട്ടികയിലും ഇവർ ഇടംപിടിക്കുകയും കള്ളവോട്ടിന് വഴി ഒരുങ്ങുകയും ചെയ്യും.
റദ്ദാക്കിയ നമ്പറിലും വോട്ടുകൾ
കോഴിക്കോട് കോർപറേഷനിലെ ഷീല എന്ന വോട്ടറെ KL/04/ ..എന്ന സീരീസിലുള്ള തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഷീല എന്ന വോട്ടർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ YTA85..
എന്ന നമ്പറിൽ തുടങ്ങുന്ന പുതിയ ഐഡി കാർഡ് അനുവദിച്ചിട്ടുണ്ട്. ആദ്യ സീരീസ് തിരിച്ചറിയൽ കാർഡിൽ വോട്ട് ഉണ്ടെങ്കിലും രണ്ടാമത്തെ ഐഡി കാർഡ് ഉപയോഗിച്ചു തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടികയിൽ തിരഞ്ഞാൽ വോട്ട് ഇല്ല എന്നാണു കാണിക്കുന്നത്. ഈ പഴുത് ഉപയോഗിച്ചു വേറെ വോട്ട് ചേർക്കാം.
ഒരേ തിരിച്ചറിയൽ കാർഡ്, വോട്ട് രണ്ട്
DSL129… എന്നു തുടങ്ങുന്ന തിരിച്ചറിയൽ കാർഡിൽ കോഴിക്കോട് കോർപറേഷനിലെ ഒരേ ബൂത്തിൽ രണ്ടു പേർക്ക് വോട്ടുണ്ട്.
ഒരാൾക്ക് 3 വോട്ട്
CSK188…എന്ന തിരിച്ചറിയൽ കാർഡുള്ള സരിത എന്ന വോട്ടർക്കു കോർപറേഷന്റെ 2 വാർഡുകളിലും മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലുമായി 3 വോട്ടുകളുണ്ട്.
വോട്ട് ഒഴിവാക്കാനുള്ള അപേക്ഷ ഓൺലൈനിൽ മാത്രമെന്ന്; വ്യാപക ആശയക്കുഴപ്പം
കരട് വോട്ടർപട്ടികയിലെ വോട്ട് ഒഴിവാക്കാനുള്ള അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂവെന്ന ചില തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നിലപാടിൽ വ്യാപക ആശയക്കുഴപ്പം.
ഏതെങ്കിലും വാർഡിൽ ഉൾപ്പെട്ട വോട്ട് ഒഴിവാക്കണമെങ്കിൽ വോട്ടർക്ക് ഫോം അഞ്ചിൽ ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ അപേക്ഷ നൽകാമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്.
ഇപ്രകാരം ഓഫ്ലൈൻ ആയി ഫോം അഞ്ചിൽ അപേക്ഷയുമായി തദ്ദേശസ്ഥാപനങ്ങളിൽ എത്തിയവരിൽനിന്നു ഫോം സ്വീകരിക്കാത്തതു പലയിടത്തും തർക്കത്തിനിടയാക്കി. ഓഫ് ലൈൻ ആയി ഫോം സ്വീകരിക്കേണ്ടെന്നു ജോയിന്റ് ഡയറക്ടറുടെ നിർദേശമുണ്ടെന്നായിരുന്നു സെക്രട്ടറിമാരുടെ വിശദീകരണം.
എന്നാൽ, ഓഫ് ലൈൻ ആയി സ്വീകരിക്കേണ്ടെന്ന് ആർക്കും നിർദേശം നൽകിയിട്ടില്ലെന്നു പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി.
വോട്ടർമാർ ഓഫ് ലൈനിൽ അപേക്ഷ നൽകിയാലും ഇത് അപ്ലോഡ് ചെയ്ത് ഓൺലൈൻ ആക്കിയാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂ. ആദ്യമേ ഓൺലൈൻ ആയി ലഭിക്കുന്നതാണു നടപടി വേഗത്തിലാക്കാൻ സഹായിക്കുക.
അപേക്ഷകൾ ഓൺലൈനിൽ വാങ്ങുന്നതു പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണു നിർദേശിച്ചിരുന്നത്. എങ്കിലും ഓഫ്ലൈനിൽ ആരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കരുതെന്നും നിർദ്ദേശം നൽകിയിരുന്നതായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പറഞ്ഞു.
വോട്ടർ പട്ടികയിലെ പലവിധത്തിലുള്ള പരാതികൾക്ക് ഇടയിലാണ് ഓഫ് ലൈൻ ആയി അപേക്ഷ സ്വീകരിക്കേണ്ടെന്ന നിർദ്ദേശം വന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസുമായും ജോയിന്റ് ഡയറക്ടറുമായും ബന്ധപ്പെട്ടതിനാലാണ് ഓഫ് ലൈൻ ആയി കൂടി സ്വീകരിക്കാമെന്ന നിർദ്ദേശം നൽകാൻ നടപടിയുണ്ടായത്.
പി.കെ.ഷറഫുദ്ദീൻ (ലോക്കൽ ഗവൺമെന്റ് മെംബഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി )
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]