
മഴ തുടരുന്നു; നാശവും: പേമാരിക്കിടയിൽ നാടെങ്ങും വ്യാപക നാശനഷ്ടങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാദാപുരം ∙ പേമാരിക്കിടയിൽ നാടെങ്ങും വ്യാപക നാശനഷ്ടങ്ങൾ. നാദാപുരം പൊലീസ് സ്റ്റേഷൻ പരിസരത്ത് വീട്ടുകാർ വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുകയാണ്. ഇടുങ്ങിയ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് വഴി പുറത്തേക്ക് എത്താൻ കഴിയാതെ വലയുകയാണ് വീട്ടുകാർ പലരും. ഇവരിൽ ഡയാലിസിസ് ആവശ്യമായ വൃക്ക രോഗി വരെയുണ്ട്.നാദാപുരം –തലശ്ശേരി സംസ്ഥാന പാതയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ രൂപപ്പെട്ട വെള്ളക്കെട്ട് മൂലം യാത്രക്കാർ വലഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ചേറ്റുവെട്ടി ഭാഗത്ത് ചെടികൾ വിൽക്കുന്ന സ്ഥാപനത്തിലേക്കു വെള്ളം കയറി. ചെടികളും മറ്റും നശിച്ചു.
പൊലീസ് ബാരക്സിനു സമീപം മഠത്തിൽ മീത്തൽ കുഞ്ഞിപ്പാത്തു, ചേലക്കാട്ടെ തോട്ടത്തിൽ കുഞ്ഞബ്ദുല്ല, തൂണേരി ബാലവാടിക്കു സമീപം ചെട്ട്യാംവീട്ടിൽ പ്രകാശൻ എന്നിവരുടെ കിണറുകൾ താഴ്ന്നു പോയി. കുഞ്ഞിപ്പാത്തുവിന്റെ 2 മോട്ടർ പമ്പ് സെറ്റും കുഞ്ഞബ്ദുല്ലയുടെ കിണറിന്റെ ആൾമറയും മോട്ടറും താഴേക്കു പതിച്ചു. പ്രകാശന്റെ വീടിനോടു ചേർന്ന കുളി മുറി അടക്കം ഭീഷണിയിലാണ്. ഇവിടെയും മോട്ടറും പൈപ്പുകളും നശിച്ചു.നാദാപുരം ചേറ്റുവെട്ടി ഭാഗത്ത് മുത്താറിക്കുനി ഡ്രൈവർ അസീസിന്റെ വീടിനു മുകളിൽ മരം വീണു.
ഈ ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ ഡയാലിസിസിനു വിധേയനാകുന്നയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അറിയിച്ചു. കക്കംവെള്ളി തോട് കരകവിഞ്ഞൊഴുകി.ചേലക്കാട് –വില്ല്യാപ്പള്ളി റോഡിൽ കുമ്മങ്കോട് ടൗൺ ഭാഗത്ത് മൂന്നിടങ്ങളിൽ വൻ വെള്ളക്കെട്ടാണ്. കല്ലാച്ചി വാണിയൂർ റോഡിലും വെള്ളക്കെട്ടാണ്. വാഹനങ്ങൾ വെള്ളത്തിൽ ഇറങ്ങി വഴിയിൽ കുടുങ്ങുകയും തകരാറു സംഭവിക്കുകയും ചെയ്തു. വൈദ്യുതി തകരാറുകൾ വ്യാപകമാണ്.
തകർന്ന തൂണുകൾ മാറ്റുന്നതും ലൈൻ നേരെയാക്കുന്നതുമായ പ്രവൃത്തിക്ക് പെരുമഴ തടസ്സമായെങ്കിലും വൈദ്യുതി ജീവനക്കാരും നാട്ടുകാരും വിശ്രമമില്ലാതെ പണി തുടരുകയാണ്.വിഷ്ണുമംഗലം ബണ്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നെങ്കിലും ചെറുമോത്ത്, ജാതിയേരി ഭാഗങ്ങളിൽ വെള്ളപ്പൊക്കം നേരിട്ടു. ജാതിയേരി ചെറുമോത്ത് റോഡ് തോടായി മാറി. പല ഇരുചക്ര വാഹനങ്ങളും നാട്ടുകാർ ചുമന്നു കൊണ്ടു വന്നാണ് ജാതിയേരിയിൽ എത്തിച്ചത്. കല്ലാച്ചി ടൗണിൽ സംസ്ഥാന പാതയിലും പഴയ മാർക്കറ്റ് റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. ജീർണിച്ച കെട്ടിടങ്ങൾ ടൗണിൽ ഭീതിപ്പെടുത്തുന്ന കാഴ്ചയായിട്ടുണ്ട്.
ഗതാഗതക്കുരുക്ക് രൂക്ഷം; 3 കടകളിൽ വെള്ളം കയറി
വടകര ∙ ദേശീയപാതയിലെ വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. 3 കടകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ലിങ്ക് റോഡ് ജംക്ഷനു സമീപത്തെ യാറാ വെഡിങ്, പാർക്കോ ഗോൾഡ് എന്നീ സ്ഥാപനങ്ങൾ അടച്ചിട്ടു. സമീപത്തെ അക്യൂറ മെഡിക്കൽസിന്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ച മരുന്നു പായ്ക്കറ്റുകൾ നശിച്ചു.ഞായറാഴ്ച രാത്രി മുതൽ ഈ ഭാഗത്തെ റോഡിൽ ശക്തമായ വെള്ളക്കെട്ടാണ്. ഇരുചക്ര വാഹനങ്ങൾ പോകാൻ കഴിയാത്ത വിധമായിരുന്നു വെള്ളം നിറഞ്ഞത്.
ഇത് ഒഴുകി 3 സ്ഥാപനങ്ങളുടെ പാർക്കിങ് ഏരിയായിലും സ്റ്റോക്ക് റൂമിലും എത്തി. യാറയിലും പാർക്കോയിലുമുള്ള ജനറേറ്ററുകൾ വെള്ളം കയറി നശിച്ചു. 3 സ്ഥാപനങ്ങളിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.കഴിഞ്ഞ മഴക്കാലത്തും ഈ ഭാഗത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ചാൽ കീറി ഒഴുക്കിയിട്ടും പൂർണമായും ഒഴിഞ്ഞു പോയിട്ടില്ല. പല ഭാഗത്തുള്ള വെള്ളക്കെട്ട് മൂലം ദേശീയപാതയിൽ ഗതാഗത കുരുക്കും രൂക്ഷമാണ്. ഇന്നലെ നഗര ഭാഗത്ത് വാഹനങ്ങൾ കടന്നു പോകാൻ ഏറെ സമയമെടുത്തു.
ഇരുപതോളം വീടുകളിൽ വെള്ളം കയറി
കായക്കൊടി ∙ പഞ്ചായത്തിലെ മുട്ടുനട, പട്ടർകുളങ്ങര, കള്ളുഷാപ്പ്, കണ്ണന്റെ പീടിക, ആക്കൽ ഭാഗങ്ങളിൽ കനത്ത മഴയിൽ ഇരുപതോളം വീടുകളിൽ വെള്ളം കയറി. 5 വീട്ടുകാർ ബന്ധുവീടുകളിലേക്കു താമസം മാറി. മുട്ടുനട ഭാഗത്തെ തോടിന്റെ ഒരു ഭാഗം തകരുകയും തുടർന്ന് മഴവെള്ളം റോഡിലും പരിസര പ്രദേശത്തെ വീടുകളിലും എത്തുകയായിരുന്നു.
20 കുടുംബങ്ങൾ മാറി താമസിച്ചു
വടകര ∙ കരിമ്പനത്തോട്ടിൽ ദേശീയപാതയുടെ ഓവുചാൽ നിർമാണത്തിനു വേണ്ടിയുണ്ടാക്കിയ തടസ്സം മൂലം 20 കുടുംബം വീടൊഴിഞ്ഞു. നാരായണ നഗർ മുതൽ കരിമ്പനപ്പാലം വരെയുള്ള വീട്ടുകാരാണ് ബന്ധു വീടുകളിലേക്ക് മാറിയത്. ഞായറാഴ്ച രാത്രി മുതൽ കരിമ്പന തോട്ടിൽ വെള്ളം കയറിയിരുന്നു. രാവിലെ ദേശീയപാതയ്ക്ക് കുറുകെ റോഡ് പൊട്ടിച്ച് വെള്ളം ഒഴുക്കി വിട്ടെങ്കിലും മഴ തുടർന്നതു കൊണ്ട് ഇന്നലെ സന്ധ്യയോടെ വെള്ളം ക്രമാതീതമായി ഉയർന്നു.
നാരായണ നഗറിൽ ആറും കരിമ്പനത്തോട് പരിസരത്തെ പതിനാലും വീട്ടുകാരാണ് മാറി താമസിക്കുന്നത്. ദേശീയ പാതയ്ക്ക് അടിയിൽ കരിമ്പനത്തോട്ടിൽ പുതിയ പാലം പണിയാനാണ് വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയത്. എന്നാൽ 2 ദിവസമായി പെയ്യുന്ന മഴയിൽ വെള്ളം ഒഴുകി പോകാൻ കൂടുതൽ ഇടം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഉണ്ടാക്കിയ ചാൽ കൊണ്ടും പ്രശ്നത്തിന് പരിഹാരമായില്ല.
വടകര ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്
വടകര ∙ തുടരുന്ന കനത്ത മഴയിൽ പുതിയ ബസ് സ്റ്റാൻഡും പരിസരവും വെള്ളത്തിൽ മുങ്ങി. തൊട്ടടുത്ത് ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതു ഗതാഗതത്തിനു തടസ്സമാകുന്നു. ബസ് സ്റ്റാൻഡിന്റെ പല ഭാഗത്തും വെള്ളം ഒഴിഞ്ഞു പോകുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പണിത താൽക്കാലിക റോഡിലൂടെയാണ് കടത്തി വിടുന്നത്. ഇവിടെയും വെള്ളം നിറഞ്ഞു. ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിലും തിരുവള്ളൂർ ജംക്ഷനിലും വെള്ളം കെട്ടിനിൽക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടാകുന്നു. വെള്ളത്തിനുള്ളിലെ കുഴികൾ അപകട ഭീഷണിയാണ്.
മരം വീണു വീട് തകർന്നു
വടകര ∙ രാത്രി മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റിൽ മരം വീണു വീടു തകർന്നു. പത്ര വിതരണക്കാരനും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ചോറോട് കുരിയാടി മനയിൽ മീത്തൽ പുഞ്ചിരിമിൽ സിജുവിന്റെ വീടാണ് മരങ്ങളും കമുകും മുറിഞ്ഞു വീണു തകർന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. ആ സമയം സിജിന്റെ അച്ഛൻ ബാലനും അമ്മ ശാരദയും സഹോദര ഭാര്യയും വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല.
മാറ്റി താമസിപ്പിച്ചു
കായക്കൊടി ∙ കനത്ത മഴയെ തുടർന്നു കായക്കൊടി പഞ്ചായത്തിൽ കുളങ്ങരത്താഴ, മുട്ടുനട, പാലോളി വാർഡുകളിൽ നിന്നു വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ബന്ധു വീടുകളിലേക്കാണു മാറ്റിയത്. കുളങ്ങരത്താഴ വാർഡിലെ ആരിഫ് മുസല്യാർ, ഫാഹിദ, അമ്മദ് ഓത്തിയോട്ട് കുനി, ഹമീദ് പറാട്ടി, സാദത്ത്, കുഞ്ഞമ്മദ്, സബീബ എന്നിവരെയും മുട്ടുനടയിലെ കുഞ്ഞിപ്പറമ്പത്ത് കുമാരൻ, അമ്മച്ചൂർ സുരേന്ദ്രൻ, എടച്ചേരിക്കണ്ടി പവിത്രൻ, പാലോളിയിലെ കോളിക്കൂൽ ചാത്തു എന്നിവരെയാണ് ബന്ധുവീടുകളിലേക്കു മാറ്റിയത്. ഓത്യോട്ട്, മുട്ടുനട, പട്ടർകുളങ്ങര, പാറക്കൽ തോളോർമണ്ണിൽ, ആക്കൽപള്ളി, കള്ളുഷാപ്പ് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടുകൾ രൂപപ്പെട്ടു വീടുകളിലേക്കു വെള്ളം കയറുന്ന സ്ഥിതിയാണ്.
മലയോര മേഖല ഭീതിയിൽ
കുറ്റ്യാടി ∙ ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖല ഭീതിയിൽ. കാവിലുംപാറ പഞ്ചായത്തിലെ ചോയിച്ചുണ്ടിൽ നിന്ന് 3 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചു.വൈദ്യുതിവിതരണം നിലച്ചതോടെ മലയോര മേഖലയിലെ മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. കാറ്റിലും മഴയിലും മരങ്ങൾ വീണ് ഒട്ടേറെ വൈദ്യുതി തൂണുകൾ നിലംപൊത്തി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. പശുക്കടവ്, പൃക്കൻതോട് ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് 3 ദിവസം പിന്നിട്ടു.
കായക്കൊടി–കണയങ്കോട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ദേവർകോവിൽ പുളിയുള്ളതിൽ ഭാസ്കരൻ നായരുടെ വീട്ടുമുറ്റത്തെ കിണർ ആൾമറയടക്കം ഇടിഞ്ഞു താണു. മോട്ടറും മണ്ണിനടിയിലായി. വീട് അപകട ഭീഷണിയിലാണ്.തളീക്കര–കായക്കൊടി റോഡ് വെള്ളത്തിൽ മുങ്ങി. തീക്കുനി–അരൂർ റോഡും വെള്ളത്തിൽ മുങ്ങി. കള്ളാട്, ദേവർകോവിൽ ഭാഗങ്ങളിൽ കാറ്റിൽ മരങ്ങൾ പൊട്ടിവീണു. കുറ്റ്യാടി കണ്ടത്തിൽ ഹോട്ടലിന് അടുത്ത വൻ മരം പൊട്ടിവീണു.
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ 50 മീറ്റർ ഭാഗം ഇടിഞ്ഞു വീണു. മലയോരത്ത് കനത്ത മഴ പെയ്തതോടെ പട്യാട്ട്, തൊട്ടിൽപാലം പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. ഓത്തിയോട്ട് പാലം പ്രദേശം വെള്ളത്തിൽ മുങ്ങി. പക്രംതളം ചുരം റോഡിൽ അഴുക്കുചാലുകൾ മണ്ണ് വീണു നികന്നതു കാരണം റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇതു ഗതാഗത തടസ്സത്തിനിടയാക്കുന്നുണ്ട്.