
വി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ വടകര നഗരസഭാ മുൻ കൗൺസിലറും ചെട്ട്യാത്ത് യുപി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ പണിക്കോട്ടിയിൽ വി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടന്നു. സിപിഎം പുതുപ്പണം മുൻ ലോക്കൽ കമ്മിറ്റി അംഗം, പണിക്കോട്ടി ബ്രാഞ്ച് അംഗം, കെഎസ്എസ്പിയു നേതാവ്, ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാലാപ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രധാന പ്രവർത്തകനുമായിരുന്നു.
1937 ൽ പണിക്കോട്ടിയിലാണ് ജനനം. 37 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1952 മുതൽ പണിക്കോട്ടി ഐക്യകേരള കലാസമിതിയുടെ പ്രവർത്തകൻ. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1962 മുതൽ ഗ്രന്ഥാലയത്തിന്റെ പ്രവർത്തകൻ. 1968 ൽ രൂപീകരിച്ച ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തിന്റെ സ്ഥാപകാംഗം. കേരള ഗ്രന്ഥശാലാസംഘം താലൂക്ക്, ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 2004 മുതൽ 10 വർഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഗ്രന്ഥശാലകളുടെ ഗ്രേഡ് മാനദണ്ഡ പുനർനിർണയ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു.
കെഎസ്വൈഎഫ്, കെപിടിയു, കെഎസ്ടിഎ, എഫ്എസ്ഇടിഒ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, പെൻഷനേഴ്സ് യൂണിയൻ എന്നീ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു. സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രസ്ഥാനം എന്നിവയിൽ മുനിസിപ്പാലിറ്റിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അംഗീകാരമായി 2008ൽ കൊൽക്കത്തയിലെ രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരം, 2014ൽ കേരള സാഹിത്യ അക്കാദമിയുടെ ആദരം, 2016ൽ പി.എൻ.പണിക്കർ സ്മാരക പുരസ്കാരം എന്നിവ നേടി.