
ബേപ്പൂർ മത്സ്യബന്ധന ഹാർബർ; ജെട്ടി ആഴംകൂട്ടൽ തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബേപ്പൂർ∙ ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്ന പ്രവൃത്തി തുടങ്ങി. വലിയ ബൂം ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോ ലവൽ ജെട്ടി പരിസരത്താണ് ആദ്യഘട്ടത്തിൽ ഡ്രജിങ് നടത്തുന്നത്. കോരിയെടുക്കുന്ന ചെളിയും മണ്ണും ബാർജിൽ നിറച്ച് കടലിൽ 5 കിലോമീറ്റർ അകലെ തള്ളാനാണ് നിർദേശം.5.94 കോടി രൂപ ചെലവിട്ട് ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിൽ നടപ്പാക്കുന്ന പ്രവൃത്തി ഗോവ വെസ്റ്റേൺ ഡ്രജിങ് കമ്പനിയാണ് നടത്തുന്നത്. ജെട്ടിയുടെ നദീ മുഖത്ത് 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും ആഴം കൂട്ടാനാണ് എസ്റ്റിമേറ്റ്. ഇവിടെ ഏതാണ്ട് 90,000 ക്യുബിക് മീറ്റർ മണ്ണ് നീക്കാനുണ്ടെന്നാണ് കണക്ക്.കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിയിൽ നിലവിലെ വാർഫ് ബേസിനിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കുന്നതിനൊപ്പം അടിത്തട്ടിലെ പാറക്കെട്ടുകൾ പൊട്ടിച്ചെടുക്കാനും പദ്ധതിയുണ്ട്.
ഇതിനുള്ള കട്ടർ സക്ഷൻ ഡ്രജർ ഉടൻ ഹാർബറിൽ എത്തിക്കും.മൺസൂണിൽ ചാലിയാറിൽ ഒഴുകിയെത്തിയ മണ്ണ് വാർഫിൽ അടിഞ്ഞു കൂടിയതും സിൽക്ക് പരിസരത്ത് നദിയുടെ അടിയിലുള്ള പാറക്കെട്ടുകളും യന്ത്രവൽകൃത ബോട്ടുകൾക്കു ഭീഷണിയായിരുന്നു. വേലിയിറക്ക സമയങ്ങളിൽ പലപ്പോഴും യാനങ്ങളുടെ അടി തട്ടുന്ന സ്ഥിതിയാണ്. ഇതു സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് ഡ്രജിങ് നടത്താൻ ഹാർബർ എൻജിനീയറിങ് വകുപ്പ് പദ്ധതി തയാറാക്കിയത്. ജെട്ടി ആഴം കൂട്ടുന്നതോടെ ഏതു കാലാവസ്ഥയിലും വലിയ ബോട്ടുകൾക്ക് എളുപ്പത്തിൽ ഹാർബറിൽ അടുപ്പിക്കാൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.