കോഴിക്കോട് ∙ 166 പേരുടെ മരണത്തിനും 300 പേർക്കു പരുക്കേൽക്കാനുമിടയാക്കിയ മുംബൈ ഭീകരാക്രമണത്തിനു 17 വർഷം തികയുമ്പോഴും തീര സുരക്ഷാ പദ്ധതികൾ പാതിവഴിയിൽ തന്നെ. കോസ്റ്റ് ഗാർഡും നാവികസേനയും ഭാരത് ഹെവി ഇലക്ട്രിക് ലിമിറ്റഡും (ഭെൽ) ചേർന്നുള്ള വിവര കൈമാറ്റവും ക്രോഡീകരണവും അവലോകനവും ശക്തമായ നിരീക്ഷണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതിൽ പ്രധാനം.
തീരദേശത്തെ ലൈറ്റ്ഹൗസുകളിൽ ഭെല്ലിന്റെ സഹായത്തോടെ ചെയിൻ സ്റ്റാറ്റിക് സെൻസർ നെറ്റ്വർക്ക് എന്ന നിരീക്ഷണ സംവിധാനമായിരുന്നു പദ്ധതിയിലെ പ്രധാന നിർദേശം.
രാത്രിയിലെ ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ഇൻഫ്രാറെഡ് ക്യാമറകളടക്കമുള്ള റഡാർ സംവിധാനത്തിന്റെ ശൃംഖലയാണു ചെയിൻ സ്റ്റാറ്റിക് സെൻസർ നെറ്റ്വർക്ക്. ഈ നെറ്റ്വർക്കിൽ നിന്നുള്ള വിവരങ്ങൾ, കോസ്റ്റ് ഗാർഡിന്റെ റിമോട്ട് ഓപ്പറേറ്റിങ് സ്റ്റേഷൻ, നാവികസേനയുടെ റിമോട്ട് ഓപറേറ്റിങ് സെന്റർ എന്നിവയിൽ നിന്നുമുള്ള ദൃശ്യങ്ങൾ, നാവികസേനയുടെ അന്തർവാഹിനികളിൽ നിന്നുള്ള വിവരങ്ങൾ, മാരിടൈം റികണൈസൻസ് എയർക്രാഫ്റ്റ് റിപ്പോർട്ട്, നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും അവലോകന റിപ്പോർട്ടുകൾ, സാറ്റലൈറ്റ് ഡേറ്റ, ഇന്റലിജൻസ് വിവരങ്ങൾ എന്നിവ ചേർത്ത് സമഗ്രവും വിശാലവുമായ അവലോകനമാണു ലക്ഷ്യമിട്ടിരുന്നത്.
ദൃശ്യങ്ങളും വിവരങ്ങളും ക്രോഡീകരിച്ച് വിശകലനം ചെയ്ത്, നാവികസേന, കോസ്റ്റ്ഗാർഡ് എന്നിവയുടെ ആസ്ഥാനങ്ങളിലേക്കു റിപ്പോർട്ട് ചെയ്യുകയായിരുന്നു പദ്ധതി.
എന്നാൽ, ഇൻഫ്രാറെഡ് ക്യാമറ അടക്കമുള്ള റഡാർ സംവിധാനം മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടില്ല. കേരളത്തിൽ മാത്രം 17 ഇടങ്ങളിൽ റഡാർ സംവിധാനം വയ്ക്കാനായിരുന്നു പദ്ധതി.
പക്ഷേ, ആറിടത്തു മാത്രമാണു സ്ഥാപിച്ചത്. തന്ത്രപ്രധാനമായ ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട് ബ്ലെയറിൽ റിമോട്ട് ഓപ്പറേറ്റിങ് സെന്റർ തുടങ്ങാൻ നൽകിയ ഫണ്ട്, സേനാംഗങ്ങൾക്കുള്ള റിക്രിയേഷനൽ സെന്ററിനു (തന്മയ) വേണ്ടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
മിക്ക തീരദേശ സംസ്ഥാനങ്ങളിലും ചെയിൻ സ്റ്റാറ്റിക് നെറ്റ്വർക്ക് സംവിധാനം ഇപ്പോഴും പാതിവഴിയിലാണ്.
കണ്ണൂർ ഏഴിമലയിൽ നാവികസേന, കോസ്റ്റ്ഗാർഡ്, തീരദേശ പൊലീസ് എന്നിവ ചേർന്നുള്ള നിരീക്ഷണ സംവിധാനത്തിനുള്ള പദ്ധതി ഉപേക്ഷിച്ച മട്ടാണ്. 2022ൽ കേന്ദ്ര കോസ്റ്റൽ പൊലീസിനായി കേന്ദ്രം ആലോചിച്ചിരുന്നുവെങ്കിലും നടപ്പായില്ല.
കോസ്റ്റ്ഗാർഡിൽ നിലവിൽ സുശക്തമായ ഇന്റലിജൻസ് സംവിധാനമില്ലെന്നതും വീഴ്ചയാണ്. കേരളത്തിൽ തീരദേശ പൊലീസിന്റെ ബോട്ടുകൾ ഒറ്റയടിക്കു 3 മണിക്കൂറിലധികം കടലിൽ നിരീക്ഷണത്തിനു ശേഷിയുള്ളവയല്ല.
ദീർഘദൂര പ്രഹരശേഷിയുള്ള തോക്കുകളില്ലാത്തതും തീരദേശ പൊലീസിന്റെ ശേഷി കുറയ്ക്കുന്നു.
തീരദേശ പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷം മാത്രമാണു പൊലീസുകാർക്കു കടലിലെ നിരീക്ഷണ, സുരക്ഷാ പരിശീലനം ലഭിക്കുന്നത്. 2008 നവംബർ 26ന് ആണു പാക്കിസ്ഥാനിൽ നിന്നുള്ള 10 അംഗ ഭീകരസംഘം കടൽ കടന്നു വന്നു മുംബൈയിൽ ആക്രമണം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

