കോഴിക്കോട് ∙ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർത്താൽ അത് ഇടതുപക്ഷത്തെ അന്തരാള കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽകുമാർ. പിഎം ശ്രീ വിഷയത്തിൽ മുന്നണി മര്യാദ ലംഘിച്ചതോ ചർച്ച നടത്തിയില്ലെന്നതോ അല്ല പ്രശ്നം, അതൊരു രാഷ്ട്രീയ പ്രശ്നമാണ്.
ആർഎസ്എസിന്റെ ആ രാഷ്ട്രീയത്തിനു മുന്നിൽ വിട്ടുവീഴ്ച ചെയ്യുകയെന്നത് അംഗീകരിക്കാനാവില്ല. ഇത് മുന്നണിക്കുള്ളിൽ പടലപ്പിണക്കമുണ്ടാക്കാൻ പറയുന്നതല്ല.
രാഷ്ട്രീയ കാര്യങ്ങളിൽ നിലപാടെടുക്കുമ്പോൾ നട്ടെല്ലുയർത്തി, വെളളം ചേർക്കാതെ, ആത്മാർഥതയോടെ രാഷ്ട്രീയം മുഖത്തുനോക്കി പറയണമെന്നാണ് കമ്യൂണിസ്റ്റ് പാർട്ടി പഠിപ്പിച്ചത്.
ഇടതു മുന്നണിയുണ്ടാക്കുന്നതിൽ ഏറ്റവും വിലകൊടുത്ത പാർട്ടിയാണ് സിപിഐ. അതിനാൽ തന്നെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന യുഡിഎഫ് കൺവീനർക്ക് ഈ പാർട്ടിയുടെ സത്യസന്ധമായ നിലപാട് മനസ്സിലാകണം എന്നില്ല.
പിഎം ശ്രീ വിഷയത്തിൽ പക്വതയോടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സിപിഐ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശതാബ്ദി സംഗമ’ത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന ഫാഷിസ്റ്റ് സർക്കാരിനെതിരെ ഇന്ത്യൻ ജനത പ്രതീക്ഷയോടെ കാണുന്ന സർക്കാരാണ് കേരളത്തിലേത്.
പിഎം ശ്രീ സ്കൂളുകൾ വേണമോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആർഎസ്എസ് ആശയം ഉൾക്കൊള്ളുന്ന ഇത്തരം സ്കൂളുകൾ പിഎം ശ്രീയിലൂടെ കേരളത്തിൽ നടപ്പാക്കാൻ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്.
വയനാട്ടിൽ ബിജെപി സർക്കാർ പണം നൽകിയില്ലെങ്കിലും അവിടെ പുനരധിവാസം നടത്തി മാതൃക കാട്ടിയ ഇടതു സർക്കാരാണ് ഇവിടെയുള്ളതെന്ന് സുനിൽ കുമാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനും സാമ്പത്തിക നയങ്ങൾക്കുമെതിരെ കമ്യൂണിസ്റ്റുകാർ പോരാട്ടം നടത്തുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സിപിഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ പറഞ്ഞു. കേന്ദ്ര ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ കരുതിയിരിക്കണം.
അദാനിക്കും അംബാനിക്കും കുത്തക മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമെല്ലാം ചരിത്രത്തിൽ നിന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണെന്നും അവർ പറഞ്ഞു.
സിപിഐ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ തന്നെയാണ് ആർഎസ്എസും നൂറാം വാർഷികം ആഘോഷിക്കുന്നത്. ഒരേ വർഷമാണ് ഇരു സംഘടനകളും സ്ഥാപിക്കപ്പെട്ടതെങ്കിലും ഇരുവരുടെയും നൂറു വർഷത്തെ പാതകൾ വേറിട്ടതാണ്.
സാമ്രാജ്യത്വ ചൂഷണത്തിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയുമെല്ലാം പോരാട്ടങ്ങളിലൂടെയാണ് സിപിഐ വളർന്നത്. ബ്രിട്ടിഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ നിരവധി കമ്യൂണിസ്റ്റുകാർ രക്തസാക്ഷിത്വം വഹിച്ചു.
പലരും ജയിൽവാസം അനുഷ്ഠിച്ചു. 1925ൽ കാൻപുർ സമ്മേളനം നടക്കുമ്പോഴും പല നേതാക്കളും ജയിലിലായിരുന്നു.
എന്നാൽ ഇത്തരമൊരു ചരിത്രം ആർഎസ്എസിനില്ല. എന്താണ് ആർഎസ്എസ് രാജ്യത്തിന് വേണ്ടി ചെയ്തത്.
ഹെഡ്ഗേവാറും ഗോൾവാൾക്കറുമൊന്നും ഒരിക്കലും ബ്രിട്ടിഷുകാർക്കെതിരെ ശബ്ദിച്ചിട്ടില്ല. പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാർ ചിന്തിക്കുമ്പോൾ ആർഎസ്എസ് ഫാഷിസത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
മാർക്സിസവും ലെനിനിസവും സോഷ്യലിസവുമാണ് നമ്മുടെ വഴിയെന്ന് കമ്യൂണിസ്റ്റുകാർ പറയുമ്പോൾ ആർഎസ്എസിന്റെ ഇസം ഫാഷിസം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ഗവാസ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ഇ.കെ.വിജയൻ എംഎൽഎ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, പി.വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.കെ.രാജൻ, കെ.കെ.ബാലൻ, പി.അസീസ് ബാബു, ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ യങ് കമ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെൽ അവീവ് പാർട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം, പിതാവ് യെദാം ഇലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

