ചേവായൂർ∙ ഒടുവിൽ മെഡിക്കൽ കോളജ് ബസ് ടെർമിനൽ യാഥാർഥ്യമാകുന്നു. 2009 ൽ തറക്കല്ലിട്ട
പദ്ധതിയാണ് നടപടികളിൽ ക്രമക്കേടില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്ന് യാഥാർഥ്യമാകുന്നത്. അന്ന് 60 കോടി മുതൽമുടക്ക് കണക്കാക്കിയ പദ്ധതിക്ക് 200 കോടിയാണ് പുതിയ മതിപ്പ് ചെലവ്.
ഗൾഫ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മിൻഫ്ര (മലബാർ ഇൻഫ്രാ സ്ട്രക്ച്ചേഴ്സ്) ലിമിറ്റഡ് കമ്പനിയാണ് ബസ് ടെർമിനൽ നിർമിക്കുന്നത്. കോർപറേഷന് സമർപിച്ച പ്ലാനിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിർമാണം ആരഭിക്കുമെന്ന് മിൻഫ്ര സ്ട്രക്ചർ ലിമിഡിന്റെ ഡയറക്ടർമാർ പറഞ്ഞു.
മെഡിക്കൽ കോളേജിൽ നിന്ന് മാവൂരിലേക്ക് തിരിയുന്ന മായനാട്ടേക്കുള്ള റോഡിന്റെ ഇടതുഭാഗത്തെ 2.64 ഏക്കർ സ്ഥലമാണ് ബസ് ടെർമിലിനായി 2003 ൽ കണ്ടെത്തിയത്.
രണ്ടു ഘട്ടങ്ങളിലായി 2010ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ 2011 ൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ പദ്ധതി അട്ടിമറിക്കപ്പെട്ടതായി അന്നത്തെ കോർപറേഷൻ ഭരണസമിതി ആരോപിച്ചിരുന്നു.
പിന്നീട് വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ ബന്ധപ്പെട്ട ഫയലുകൾ എടുത്തുമാറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.
ഇത് സംബന്ധിച്ച നടപടികളിൽ ക്രമക്കേടില്ലെന്ന് ഹൈക്കോടതി വിധി കഴിഞ്ഞവർഷം വന്നതോടെയാണ് നിർമാണ നടപടി സജീവമായത്. 5 ലക്ഷം ചതുരശ്ര അടിയിൽ 8 നിലയിലാണ് കെട്ടിടം ഉയരുന്നത്.
വ്യാപാരസമുച്ചയങ്ങളും തിയറ്ററുകളും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കാർ, ഇരുചക്രവാഹന പാർക്കിങ് സൗകര്യമുണ്ടാകും.
ആംബുലൻസ്, ടാക്സി, ഓട്ടോ അടക്കമുളള വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനോട് ചേർന്ന 60 സെന്റ് സ്ഥലം കോർപറേഷൻ ഏറ്റെടുത്ത് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമം പൂർത്തിയായാൽ നിർമാണം ആരംഭിക്കും.
മെഡിക്കൽ കോളജ് കാരന്തൂർ റോഡ് 24 മീറ്ററായി വികസനിപ്പിക്കുന്നതിനാൽ മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് നാലാം നിലയിലെ ബസ് ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കുന്ന തരത്തിലാണ് നിർമിതി. സമീപത്തെ ഹോട്ടലിലെ മാലിന്യസംസ്കരണത്തെപ്പറ്റി പ്രദേശവാസികളും ഹോട്ടലും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമായി മാലിന്യം ഒഴുക്കിവിടുന്നതിന് ഓട
മാറ്റി സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.
അതിനിടെ ബസ് ടെർമിനലിന്റെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ ഹോട്ടൽ പൊളിച്ചുമാറ്റാൻ നീക്കമുണ്ടെന്ന് ആരോപിച്ച് കോർപറേഷൻ കൗൺസിലിലെ ചില അംഗങ്ങൾ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.
കാരന്തൂർ റോഡ് വികസിക്കുന്നതോടെ പൊലീസ് സ്റ്റേഷൻ നിൽക്കുന്ന സ്ഥലം മാറാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. മെഡിക്കൽ കോളജിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് വരാൻ ഭൂഗർഭപാത നിർമിക്കുന്ന കാര്യവും പരിഗണിക്കുന്നു. ബസ് സ്റ്റാൻഡിന്റെ ചുമതല കോർപറേഷനും വ്യാപാരരസമുച്ചയങ്ങളുടെ ചുമതല മിൻഫ്രയ്ക്കുമായിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

