കോടഞ്ചേരി∙ ഓമശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിലെ കോറോന്തിരി –കായലുംപാറ – പനച്ചിക്കുന്ന് റോഡിന്റെ നിർമാണം 5 മാസമായി മുടങ്ങി കിടക്കുന്നത് ജനത്തിനു ദുരിതമായി. റോഡ് നവീകരണത്തിന്റെ ഭാഗമായി 5 മാസം മുൻപ് റോഡ് ടാറിങ് നടത്തുന്നതിനായി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചു നീക്കിയെങ്കിലും മഴ എത്തിയതോടെ പ്രവൃത്തി തടസ്സപ്പെട്ടു.
റോഡിലെ മെറ്റലുകൾ എല്ലാം ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ട് ഒട്ടേറെ പേർക്ക് പരുക്ക് പറ്റി. റോഡിലെ മെറ്റലുകൾ ഇളകി കിടക്കുന്നതു മൂലം കാൽനട
യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണ്. ഓട്ടോറിക്ഷ പോലും ഇപ്പോൾ ഇതു വഴി വരാറില്ല. രോഗികളും വിദ്യാർഥികളും യാത്രാ ദുരിതം പേറുകയാണ്.
മുഖ്യമന്ത്രിയുടെ എൽആർആർപി പദ്ധതിയിൽ (റോഡ് പുനരുദ്ധാരണ പദ്ധതി) ഉൾപ്പെടുത്തി എം.കെ.മുനീർ എംഎൽഎ മുഖാന്തരം 20 ലക്ഷം രൂപ അനുവദിച്ചാണ് കോറോന്തിരി– കായലുംപാറ–പനച്ചിക്കുന്ന് റോഡിൽ 960 മീറ്റർ ദൂരം ടാറിങ് നടത്തുന്നത്.
റോഡ് പൊളിച്ചതല്ലാതെ പിന്നീട് പണികൾ ആരംഭിക്കുന്നതിന് ഒരു നടപടികളും ഉണ്ടായില്ല. 4 മാസത്തെ നിർമാണ കാലാവധിക്കാണു കരാറുകാരന് പണി പഞ്ചായത്ത് ഏൽപിച്ചത്.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഈ റോഡിന്റെ ദുരവസ്ഥയ്ക്കു കാരണമെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. മാസങ്ങളായി ഇതുവഴി ഓട്ടോറിക്ഷയോ സ്കൂൾ ബസുകളോ വരാറില്ല. റോഡ് നിർമാണത്തിനായി കഴിഞ്ഞ മേയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് ഇളക്കിയിടുകയും തുടർന്നുണ്ടായ ശക്തമായ മഴയിൽ റോഡ് നിർമാണം തടസ്സപ്പെടുകയുമായിരുന്നെന്നും കാലാവസ്ഥ അനുകൂലമായാൽ ഉടൻ റോഡ് പണി പുനരാരംഭിക്കുമെന്നും വാർഡ് മെംബർ എം.എം.രാധാമണി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]