
എലത്തൂർ∙ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിലേക്ക് ഇനി വിജിൽ തിരിച്ചെത്തില്ല. അച്ഛൻ വിജയന്റെയും അമ്മ വസന്തയുടെയും വർഷങ്ങൾ നീണ്ട
കാത്തിരിപ്പിന് തിങ്കൾ ഉച്ചയോടെ വിരാമമായി. 2019 മാർച്ച് 24ന് രാവിലെ 11:30നു പ്രഭാത ഭക്ഷണത്തിനു ശേഷമാണു വിജിൽ സ്വന്തം ബൈക്കിൽ ഒന്നും പറയാതെ വീട്ടിൽ നിന്നിറങ്ങിയത്.
ഉച്ചയ്ക്ക് ഊണിന് എത്താമെന്നു പറഞ്ഞു പുറത്തേക്കു പോയ വിജിലിനായി അമ്മ ഭക്ഷണം വിളമ്പി കാത്തിരുന്നെങ്കിലും അവൻ അന്ന് എത്തിയില്ല.
രാത്രിയായിട്ടും കാണാതായതോടെ, സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും അവർക്കും വിവരമുണ്ടായിരുന്നില്ല. പിറ്റേന്ന് എലത്തൂർ പൊലീസിൽ പരാതി നൽകി.
അന്ന് ഒപ്പമുണ്ടായിരുന്ന, ഇപ്പോൾ പ്രതികളായ 3 സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. വിജിൽ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മയും അച്ഛനും സഹോദരനും.
നിരന്തരം എലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തി മകനെ കുറിച്ച് വിവരമുണ്ടോ എന്നു വിജയൻ അന്വേഷിച്ചിരുന്നു.
തിങ്കൾ ഉച്ചയോടെ അച്ഛൻ വിജയനും എലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പ്രതികളെ പിടികൂടിയതോടെ വിവരങ്ങൾ ചോദിച്ചറിയാൻ പൊലീസ് വിളിച്ചു വരുത്തിയതായിരുന്നുവെങ്കിലും വിജിലിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയായിരുന്നു വിജയന്.
എന്നും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണു കൊലപാതകത്തിനു പിറകിലെന്ന് അറിഞ്ഞപ്പോൾ അതു കുടുംബാംഗങ്ങൾക്കാകെ ഞെട്ടലായി.
ആറു വർഷം മുൻപ് കാണാതായ യുവാവ് മരിച്ചെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
6 വർഷം മുൻപു കാണാതായ യുവാവ് അമിതമായ അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്നു മരിച്ചതാണെന്നും മൃതദേഹം കോഴിക്കോട് നഗരത്തിലെ സരോവരം പാർക്കിനു സമീപത്തെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയെന്നും സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. 2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിൽ മരിച്ചതായും (29) തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയതായുമാണ് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ (35), വേങ്ങേരി തടമ്പാട്ട്താഴം ചെന്നിയാംപൊയിൽ ദീപേഷ് (37) എന്നിവർ പൊലീസിനു മൊഴി നൽകിയത്.
പൊലീസിന്റെ മികവ്
കോഴിക്കോട്∙ 6 മാസം മുൻപ് കോഴിക്കോട് കമ്മിഷണർ നാരായണൻ വിജിലിന്റെ തിരോധാന കേസ് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനോട് അന്വേഷിക്കാൻ നിർദേശം നൽകി.
മുൻപ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ പ്രതികളുടെ മൊഴിയും പിന്നീട് പുതിയ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യമാണ് പ്രതികളെ കുടുക്കിയത്. എലത്തൂർ എസ്ഐ വി.ടി.ഹരീഷ്കുമാർ, എസ്ഐമാരായ പി.കെ.സുരേഷ്, സി.അജിത്ത്, സിപിഒമാരായ വൈശാഖ്, പ്രശാന്ത്, മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
എല്ലുകൾ എടുത്ത് കടലിൽ ഒഴുക്കി
കോഴിക്കോട്∙ വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയ പ്രതികൾ മാസങ്ങൾക്ക് ശേഷം സംഭവ സ്ഥലത്ത് എത്തി അഴുകിയ ശരീരത്തിൽ നിന്ന് എല്ലുകളെടുത്തു.
8 മാസത്തിനു ശേഷം എത്തിയാണ് മൃതശരീരത്തിൽ നിന്ന് എല്ലെടുത്ത് കടലിൽ ഒഴുക്കിയതെന്നു പ്രതികളുടെ മൊഴി. 6 വർഷം മുൻപ് വിജിലിനെ കാണാതായെന്ന പരാതിയിൽ അന്വേഷണം നടത്തിയെങ്കിലും 3 മാസം മുൻപാണ് കേസിൽ വഴിത്തിരിവുണ്ടായത്.3 പ്രതികളുടെ സുഹൃത്തുക്കളെ പൊലീസ് കണ്ടെത്തി രഹസ്യമായി പ്രതികളുടെ നീക്കവും അന്നത്തെ കഥകളും ചോദിച്ചറിഞ്ഞു.
തുടർന്നു സൂചന ലഭിച്ച സാഹചര്യത്തിൽ വീണ്ടും പ്രതികളെ പൊലീസ് ചോദ്യം ചെയ്തു.
ദീപേഷിൽ നിന്നു ലഭിച്ച ഒരു സൂചനയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. ദീപേഷ് മനസ്സിൽ ഒളിപ്പിച്ച വിവരങ്ങൾ പൊലീസ് ഒരു ‘മെന്റലിസ്റ്റി”നെ പോലെ വിശദീകരിച്ചു നൽകി.
ഇതോടെ ദീപേഷിനു പിടിച്ചു നിൽക്കാൻ കഴിയാതെയായി. തുർന്നുള്ള കഥ ദീപേഷ് പറഞ്ഞു.
പിന്നീട് കെ.കെ.നിഖിലിനൊപ്പം ദീപേഷിനെയും ചോദ്യം ചെയ്തു.
6 മാസത്തിനിടെ പൊലീസ് കണ്ടെത്തിയത് 98 പേരെ
കോഴിക്കോട്∙ കാണാതായ കേസുകളിൽ കഴിഞ്ഞ 6 മാസത്തിനിടെ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള പരാതിയിൽ പൊലീസ് കണ്ടെത്തിയത് 98 പേരെ.കഴിഞ്ഞ 3 മുതൽ 6 വർഷത്തിനിടയിൽ പൊലീസ് സിറ്റി ജില്ലാ പരിധിയിൽ കണ്ടെത്താനുള്ളത് പഴയ കേസുകളിൽ 3 പേരെ മാത്രം. നിലവിൽ കാണാതാകുന്ന പരാതികളിൽ ഒരാഴ്ച അന്വേഷണം നടത്തി ഫയൽ സൂക്ഷിക്കുന്ന രീതിയിൽ നിന്നു മാറി അതത് പൊലീസ് സ്റ്റേഷനുകളിൽ ഇത്തരം പരാതിയിൽ കേസ് അന്വേഷിക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഡിഐടി) രൂപീകരിക്കുന്ന സംവിധാനം നടപ്പാക്കിയതോടെയാണ് പലരെയും കണ്ടെത്തി തുടങ്ങിയത്.
6 മാസത്തിനിടയിൽ വർഷങ്ങൾക്ക് മുൻപ് കാണാതായ 3 പേരിൽ 2 പേരെയും കണ്ടെത്തിയത് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അതത് പൊലീസ് സ്റ്റേഷനുകളിൽ രൂപീകരിച്ച എസ്ഡിഐടി ആണ്.
വയനാട് സ്വദേശി ഹേമചന്ദ്രൻ, ചുങ്കം വെസ്റ്റ്ഹിൽ സ്വദേശി വിജിൽ എന്നിവരുടെ തിരോധാന കേസിൽ മെഡിക്കൽ കോളജ് പൊലീസും എലത്തൂർ പൊലീസും തുമ്പുണ്ടാക്കിയതും അതത് പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം വഴി.
ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് നടക്കാവ് പൊലീസ് നേരത്തെ അന്വേഷിച്ചെങ്കിലും തിരോധാന കേസുമായി ബന്ധപ്പെട്ടു രണ്ടു പേരെ കുറിച്ചു സൂചന ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
ഈ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നുണ്ട്. 2019 മാർച്ച് 24 ന് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി വിജിലിനെ കാണാതായ സംഭവത്തിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സുരേഷ്, വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]