
ഈ കുഴികൾക്കിടയിൽ വഴി കണ്ടുപിടിക്കാമോ? പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ കുളമായി റോഡുകൾ
തകർന്നു കിടക്കുന്ന റോഡിലെ കുഴിയെണ്ണാൻ പൊലീസിനെ ചുമതലപ്പെടുത്തിയും അടിയന്തരമായി കുഴി അടയ്ക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രഖ്യാപനങ്ങൾ നടത്തിയും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടെങ്കിലും നടുവൊടിയാതെ യാത്ര ചെയ്യാനുള്ള മോഹം ബാക്കി. കൊയിലാണ്ടി, വടകര മേഖലയിൽ യാത്ര ചെയ്യാൻ സാധിക്കാത്ത രീതിയിൽ റോഡുകൾ തകർന്നതോടെ ബസുകൾ കഴിഞ്ഞ ദിവസം പണി മുടക്കിയിരുന്നു.
ഇതു സാധാരണക്കാരന്റെ യാത്രാദുരിതം ഇരട്ടിപ്പിച്ചതല്ലാതെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രയോജനപ്പെട്ടിട്ടില്ലെന്നാണ് മനോരമ സംഘം കഴിഞ്ഞ ദിവസം നടത്തിയ യാത്രയിൽ കണ്ടത്… ആ ചിത്രക്കാഴ്ചകളിലൂടെ…
വടകര ദേശീയപാതയിൽ പരവന്തല ജംക്ഷനിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്.
കോഴിക്കോട്∙ പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിൽ ഉൾപ്പെടെ റോഡുകൾ കുളമായി കിടക്കുന്നു. കനത്ത മഴയെ പഴിക്കാമെങ്കിലും കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പലയിടത്തും പ്രശ്നം. നല്ല രീതിയിൽ പണിത റോഡുകൾ, ജൽ ജീവൻ മിഷൻ പണികളുടെ ഭാഗമായി ഒരു വശത്തു കൂടി കുഴിച്ചു മറിക്കുമ്പോൾ വടകരയിലെ പ്രശ്നം ദേശീയപാത നിർമാണമാണ്.
ഭാവിയിൽ വരാൻ പോകുന്നത് ആറുവരി പാതയാണെങ്കിലും ആ ‘ശാന്തസുന്ദര വഴികളി’ൽ എത്താൻ ഒരുപാട് കുഴികൾ താണ്ടേണ്ടി വരും എന്ന യാഥാർഥ്യം വടകരക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു. ശോച്യാവസ്ഥയിലുള്ള കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രം റോഡ്. കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ കുന്നംതിരുത്തി റോഡ് ജംക്ഷൻ വരെയുള്ള 300 മീറ്റർ ദൂരമാണ് കുളമായി കിടക്കുന്നത്.
കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്ന സഞ്ചാരികൾ ഉൾപ്പെടെ ആശ്രയിക്കുന്ന പാതയാണ്. റെയിൽവേ അധീനതയിലുള്ള ഭൂമി വിട്ടുകിട്ടാത്താണ് നവീകരണത്തിനു തടസ്സം.
കണ്ണൂർ വിമാനത്താവളത്തിലേക്കും ബെംഗളൂരു, മൈസൂരു, വയനാട് തുടങ്ങിയ ഇടങ്ങളിലേക്കും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന നാദാപുരം – കുറ്റ്യാടി സംസ്ഥാന പാതയിൽ കല്ലാച്ചി പൈപ്പ് റോഡ് നവീകരണത്തിനായി 8 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് ഏറെയായി.
എന്നാൽ പാറപ്പൊടി ഇടയ്ക്കിടെ ഇട്ടു പോകുന്നതല്ലാതെ മറ്റൊന്നും നടന്നില്ല. കല്ലാച്ചി ടൗൺ വികസനത്തിന് മറ്റൊരു 3 കോടി അനുവദിച്ചിട്ടും കാലമേറെയായി. പണി നടക്കുന്നത് ഒച്ചിന്റെ വേഗത്തിലാണ്.
റോഡ് വീതി കൂട്ടലിനു സ്ഥലം കിട്ടാതായതാണ് തടസ്സം. ഇതു തന്നെയാണ് മറ്റിടങ്ങളിലേയും പൊതു സ്ഥിതി. മൂരാട് പൊളിഞ്ഞു കിടക്കുന്ന റോഡിനും ഓടയുടെ സ്ലാബ് തകർന്ന ഭാഗത്തിന് ഇടയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ.
തകർന്ന തൊട്ടിൽപാലം മുള്ളൻകുന്ന് റോഡ് .അഴുക്കുചാൽ ഇല്ലാത്തതാണ് റോഡിലുടെ വെള്ളം ഒഴുകാൻ കാരണം.
മലയോര ഹൈവേയിൽ ഉൾപ്പെട്ട റോഡാണിത്.
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം കവാടത്തിൽ ജലസേചന വകുപ്പിന്റെ റോഡിൽ രൂപപ്പെട്ട
വൻ ഗർത്തം. ജലജീവൻ പദ്ധതി പൈപ്പിട്ട
ശേഷം 2 മാസം മുൻപു ടാറിങ് ചെയ്ത പാതയിലാണ് ഈ സ്ഥിതി.
മാവൂർ പൈപ് ലൈൻ റോഡിലെ കൽച്ചിറ താഴത്തെ ഭാഗം തകർന്ന നിലയിൽ. ഇതുവരെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]