
സർവീസ് റോഡിൽ മൂന്നടിയോളം ഉയരത്തിൽ വെള്ളക്കെട്ട്; സമീപവാസികൾക്ക് ദേശീയപാതയിലേക്കു പ്രവേശിക്കാൻ പറ്റാത്ത അവസ്ഥ
പയ്യോളി ∙ ദേശീയപാത സർവീസ് റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളുടെ ജീവിതം ദുരിതമാക്കി. അയനിക്കാട് കുറ്റിയിൽ പീടിക ബസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് സർവീസ് റോഡാണ് ചെറുമഴയിൽ പോലും പുഴയ്ക്കു സമാനമായി മാറുന്നത്.
ആറുവരി പാതയുടെ കിഴക്കുവശം സർവീസ് റോഡിന് സമീപത്തായി താമസിക്കുന്നവരും ഈ റോഡ് വഴി വീടുകളിലും ജോലി സ്ഥലത്തും സ്കൂളുകളിലും ആശുപത്രികളിലും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി പോകുന്നവരാണു ദുരിതം അനുഭവിക്കുന്നത്. മഴ പെയ്യുന്നതോടെ റോഡിൽ 200 മീറ്ററിലധികം ദൂരത്ത്, മൂന്നടിയോളം ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കും.
ജനങ്ങൾക്ക് വെള്ളക്കെട്ട് കാരണം ദേശീയ പാതയിലേക്കു പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാകും. ഈ റോഡിലൂടെയുള്ള ദുരിതയാത്ര കാരണം ഗതാഗതം ആറുവരി പാതയിലേക്ക് അധികൃതർ മാറ്റിയിട്ടുണ്ട്.
പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ യാതന പരിഹരിക്കാൻ അധികൃതർ തയാറായില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. ദേശീയപാത നിർമാണ കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവൃത്തികളാണു വെള്ളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറയുന്നു.
ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെയ്തു തീർക്കേണ്ട ഓവുപാലം പണി ഇതുവരെ തുടങ്ങിയിട്ടില്ല.
പണി പൂർത്തിയാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. വെള്ളക്കെട്ട് ദുരിതത്തിൽ സഹികെട്ട
പ്രദേശവാസികൾ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി പരിഹാരം ആവശ്യപ്പെട്ട് കലക്ടർക്കു പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]