
അരോത്തുകുഴിയിലെ ഓവുചാൽ: റെയിൽവേ അധികൃതർ മണ്ണിട്ട് അടച്ചു; പത്തോളം വീടുകൾ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എലത്തൂർ ∙ അരോത്തുകുഴി ഓവുചാൽ പുനർനിർമാണത്തിന്റെ ഭാഗമായി റെയിൽവേ അധികൃതർ ഓവുചാൽ മണ്ണിട്ട് അടച്ചതു മൂലം പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെട്ടു. പത്തോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ മുപ്പതോളം വീടുകളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. 3 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എറന്താഴത്ത്, വയലിൽ, ഇല്ലത്തുതാഴം, ചാവാട്ട് പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണു മാറ്റി പാർപ്പിച്ചത്. എലത്തൂർ വില്ലേജ് ഓഫിസർ പരിശോധന നടത്തി തഹസിൽദാർക്കു കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റെയിലിന് അടിയിൽ നിർമിച്ച അരോത്തുകുഴി ഓവുചാൽ വഴിയാണു പ്രദേശത്തെ മഴവെള്ളം എലത്തൂർ പുഴയിലേക്കു പോകുന്നത്. ഓവുചാൽ മണ്ണിട്ടതിനാൽ നീരൊഴുക്കു തടസ്സപ്പെട്ടു. വർഷങ്ങൾക്കു മുൻപു ആരംഭിച്ച പ്രവൃത്തി വേഗം പൂർത്തീകരിക്കാൻ റെയിൽവേ അധികൃതർ ഇടപെടൽ നടത്തുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. പ്രദേശവാസികളുടെ വിഷയം പരിഗണിക്കാതെ അശാസ്ത്രീയമായ നിർമാണമാണു നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
അരോത്തുകുഴി ഓവുചാൽ പുനർനിർമാണത്തിന്റെ ഭാഗമായി ഇട്ട മണ്ണ് എടുത്തുമാറ്റാൻ റെയിൽവേ അധികൃതരോട് നിർദേശം നൽകി മന്ത്രി എ.കെ.ശശീന്ദ്രൻ. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണു മന്ത്രി ഉച്ചയോടെ സ്ഥലത്തെത്തിയത്.ഡപ്യൂട്ടി കലക്ടർ ഇ.അനിതാകുമാരി, തഹസിൽദാർ പ്രേംലാൽ, ഡപ്യൂട്ടി തഹസിൽദാർ സത്യജിത്ത്, വില്ലേജ് ഓഫിസർ ജിജി എന്നിവർക്കൊപ്പമാണു മന്ത്രി പ്രദേശത്ത് എത്തിയത്. തുടർന്ന് റെയിൽവേ ജീവനക്കാരുമായി മന്ത്രി സംസാരിച്ചു. റെയിൽവേ ഉദ്യോഗസ്ഥനെ വിളിച്ചു കരാറുകാരോട് മണ്ണെടുത്തു മാറ്റി നീരൊഴുക്കു പുനഃസ്ഥാപിക്കാൻ മന്ത്രി നിർദേശം നൽകി.