
ദേശീയപാത: സർവീസ് റോഡിനു വീതിയില്ല; രാമനാട്ടുകരയിൽ യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര ∙ ദേശീയപാത സർവീസ് റോഡിന് വേണ്ടത്ര വീതിയില്ലാത്തത് വാഹനങ്ങൾക്ക് കുരുക്കാകുന്നു. ബൈപാസ് ജംക്ഷൻ മേൽപാലത്തിന്റെ കിഴക്കുഭാഗത്തെ (ഇടിമുഴിക്കൽ ഭാഗത്തേക്കുള്ള) സർവീസ് റോഡാണ് ഇടുങ്ങിയ നിലയിലുള്ളത്. 6.7 മീറ്റർ വീതി വേണ്ട റോഡിന് ഇവിടെ 3.5 മീറ്ററിൽ താഴെ മാത്രമാണ് വീതി. ദേശീയപാതയിൽ ദിൽകുഷ് പമ്പിനു സമീപത്തെ എക്സിറ്റ് പോയിന്റിൽ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന വലിയ ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെടുകയാണ്. ബൈപാസ് ജംക്ഷനിൽ പുതുതായി നിർമിച്ച മേൽപാലത്തിന്റെ ലാൻഡ് സ്പാനുകൾ (അബട്മെന്റ്) നിലകൊള്ളുന്ന ഭാഗത്താണ് ഏറെ ഇടുക്കം.
നേരത്തേ 5 മീറ്റർ വീതിയുണ്ടായിരുന്ന സർവീസ് റോഡ്, മേൽപാലം പണിതതോടെ പാലം ഇറങ്ങുന്ന ഇരുവശത്തും 3.5 മീറ്ററായി ചുരുങ്ങി. സർവീസ് റോഡിൽ നീലിത്തോട് പാലം പരിസരത്തും ഗതാഗത പ്രതിസന്ധിയുണ്ട്. നിസരി ജംക്ഷനിൽ ദേശീയപാതയിലേക്കുള്ള പ്രവേശനം അടച്ചതോടെ രാമനാട്ടുകര നഗരത്തിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും സർവീസ് റോഡിലൂടെ വേണം പോകാൻ. പഴയ ദേശീയപാതയിൽ എത്തി യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള കൂറ്റൻ ട്രക്കുകളും മറ്റു ഭാരവാഹനങ്ങളും ഇവിടത്തെ ഇടുങ്ങിയ റോഡിലൂടെയാണ് പോകുന്നത്.
ഉയരം കൂടിയ വാഹനങ്ങൾ അരികിലേക്ക് എടുത്താൽ മേൽപാലത്തിൽ തട്ടാനും സാധ്യതയുണ്ട്. മാരാത്ത് താഴം പരിസരത്തും സമാന സ്ഥിതിയാണ്. ഇവിടെയും സർവീസ് റോഡിനു തീരെ വീതിയില്ല.440 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലുമാണു ബൈപാസ് ജംക്ഷനിൽ പുതിയ മേൽപാലം നിർമിച്ചത്. അതേസമയം ബൈപാസ് ജംക്ഷനിൽ സർവീസ് റോഡരികിലുള്ള നിലവിലെ ഓട ഉയരം കുറച്ച് സ്ലാബിട്ടു മൂടി റോഡ് വീതി കൂട്ടാൻ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും ദേശീയപാത കരാർ കമ്പനി അധികൃതർ സൂചിപ്പിച്ചു.