ഫറോക്ക് ∙ ചെറുവണ്ണൂർ ജംക്ഷനിലെ സ്റ്റേഷനറി കടയിൽ അർധരാത്രിയുണ്ടായ അഗ്നിബാധയിൽ 20 ലക്ഷം രൂപയുടെ നാശനഷ്ടം. മധുരബസാർ നമ്പിലോളി കുഞ്ഞാലന്റെ ‘നമ്പിലോളി’ സ്റ്റോറാണ് ഇന്നലെ പുലർച്ചെ അഗ്നിക്കിരയായത്.
വൈദ്യുതി ഷോർട് സർക്കീറ്റ് ആകാമെന്നാണു പ്രാഥമിക നിഗമനം. 4 മുറിയുള്ള കടയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.
തൊട്ടടുത്ത ന്യൂ മൊബൈൽ ജംക്ഷൻ കടയുടെ പുറത്തെ സിസിടിവി ക്യാമറയും ബോർഡും വൈദ്യുതി വയറിങ്ങും നശിച്ചു.
സ്റ്റേഷനറി സാധനങ്ങൾ മൊത്തവിൽപന നടത്തുന്ന നമ്പിലോളി സ്റ്റോറിൽ കോഴിമുട്ട, വെളിച്ചെണ്ണ, ഓയിൽ, സോപ്പുകൾ, മിൽമ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ തുടങ്ങി വലിയ സ്റ്റോക്ക് ഉണ്ടായിരുന്നു. എല്ലാം കത്തിച്ചാമ്പലായി.
പുലർച്ചെ രണ്ടിനു കടയുടെ ഷട്ടറിന്റെ അടിയിലൂടെ പുറത്തേക്കു പുക വന്നത് ശ്രദ്ധയിൽപെട്ട
സമീപത്തെ സുരക്ഷാ ജീവനക്കാരൻ മീഞ്ചന്ത അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ ഷട്ടറിന്റെ പൂട്ട് മുറിച്ചെങ്കിലും തൊട്ടടുത്ത മുറിയുടെ ഷട്ടർ തുറക്കാനായില്ല.
ഷട്ടറിനോടു ചേർന്നു സാധനങ്ങൾ തള്ളി നിന്നതാണ് പ്രതിസന്ധിയായത്.
പിന്നീട് തുറന്ന മുറിയുടെ ചില്ലുകൾ പൊട്ടിച്ചാണ് അകത്തു കയറിയത്. കടയിൽ കറുത്ത പുക പടർന്നതിനാൽ സേനാംഗങ്ങൾക്ക് ഒന്നും കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
കടയുടെ മുകൾ ഭാഗത്തു നിന്നാണു തീ ആളിപ്പടർന്നത്. ഇതോടെ ശ്വസന ഉപകരണങ്ങൾ ധരിച്ച് ഉള്ളിൽ കയറിയ സേനാംഗങ്ങൾ വലിയ ഹോസുകൾ ഉപയോഗിച്ച് 2 മണിക്കൂറോളം പണിപ്പെട്ടാണു തീ നിയന്ത്രണവിധേയമാക്കിയത്.
ചെറുവണ്ണൂരിൽ ഒട്ടേറെ കടകളുള്ള സ്ഥലത്തായിരുന്നു അഗ്നിബാധ.
പെട്ടെന്നു തന്നെ തീ അണച്ചതിനാൽ തൊട്ടടുത്ത പള്ളിയിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കും പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതു വലിയ ആശ്വാസമായി. വിവരമറിഞ്ഞു നല്ലളം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

