ഫറോക്ക്∙ പൂട്ടുകട്ട പാകിയുള്ള നവീകരണത്തിനായി രണ്ടുമാസം മുൻപ് അടച്ചിട്ട
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടം തുറന്നു. മെയിൻ റോഡിൽനിന്നു നേരിട്ട് ഒന്നാം പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്ന കവാടമാണ് വൈകിട്ടു യാത്രക്കാർക്കും വാഹനങ്ങൾക്കുമായി തുറന്നത്.ഇതോടെ സ്റ്റേഷനിലേക്ക് എത്താൻ യാത്രക്കാർ നേരിട്ട
പ്രയാസങ്ങൾക്കു പരിഹാരമായി.
സ്റ്റേഷൻ വളപ്പിൽ ഒരുക്കിയ പാർക്കിങ് മേഖലയിലേക്ക് ഓട്ടോ–ടാക്സി വാഹനങ്ങളും എത്തിയതോടെ ട്രെയിൻ ഇറങ്ങിവരുന്ന യാത്രക്കാർക്കു സൗകര്യമായി. കവാടം അടച്ചിട്ടതിനാൽ സ്റ്റേഷനിൽ എത്തുന്ന ഭിന്നശേഷിക്കാരും രോഗികളുമായ യാത്രക്കാർ ഏറെ ചുറ്റിവളഞ്ഞു വരേണ്ട
സ്ഥിതിയായിരുന്നു. ഇതു യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു.
ഇതു പരിഗണിച്ചാണ് കവാടം പെട്ടെന്നു തുറക്കാൻ തീരുമാനിച്ചത്.
നവീകരണ പ്രവൃത്തി വിലയിരുത്താൻ കഴിഞ്ഞ 10ന് സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുഖർ റോട്ട് പ്രവൃത്തി പൂർത്തിയാക്കി കവാടം ഉടൻ തുറന്നു കൊടുക്കാൻ നിർദേശിച്ചിരുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ 10.68 കോടി രൂപ ചെലവിട്ടാണ് ഫറോക്ക് റെയിൽവേ സ്റ്റേഷൻ നവീകരിച്ചു സൗന്ദര്യവൽക്കരിച്ചത്.
നിർമാണ പ്രവൃത്തി ഏതാണ്ട് പൂർത്തിയായ സ്റ്റേഷനിൽ ഇനി മുൻ വശത്തെ പൂന്തോട്ടം നിർമാണം മാത്രമാണ് ബാക്കിയുള്ളത്.
സ്റ്റേഷന്റെ മുഖഛായ മാറ്റിയ വികസനം
ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റിയ വികസനമാണ് അമൃത് ഭാരത് പദ്ധതിയിൽ നടപ്പാക്കിയത്. പ്രധാന കെട്ടിടം സൗന്ദര്യവൽക്കരിച്ച സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലും 5,000 ചതുരശ്ര മീറ്ററിൽ മേൽക്കൂര സ്ഥാപിച്ചു.
ഒന്നാം പ്ലാറ്റ്ഫോം 1,200 ചതുരശ്ര അടിയിൽ ഗ്രാനൈറ്റ് പതിപ്പിച്ചു യാത്രക്കാർക്കുള്ള സൗകര്യം വിപുലപ്പെടുത്തി.ആധുനിക സൗകര്യങ്ങളോടെയുള്ള റിസർവേഷൻ–യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ, ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സംവിധാനം, ഒന്നാം പ്ലാറ്റ്ഫോമിൽ എസി വെയ്റ്റിങ് മുറി എന്നിവ സജ്ജമാക്കി.
5400 ചതുരശ്ര മീറ്ററിൽ വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കി. സ്റ്റേഷൻ പോർട്ടിക്കോ (പൂമുഖം) പുതുക്കിപ്പണിതു.
മുറ്റം പൂർണമായും പൂട്ടുകട്ട പാകി ലാൻഡ് സ്കേപ്പിങ് നടത്തി.
പ്രവേശന കവാടം വീതി കൂട്ടി വികസിപ്പിച്ചു. 300 യാത്രക്കാർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ, ഇരു പ്ലാറ്റ്ഫോമിലും ഡിസ്പ്ലേ ബോർഡുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ, ശുദ്ധജലം, പുതിയ നടപ്പാത, അലങ്കാര വിളക്കുകൾ എന്നിവയും സജ്ജമാക്കി.
സ്റ്റേഷനിലെ ശുചിമുറിയും ആധുനീകരിച്ചു.
ഗിഫ്റ്റ് ഷോപ്പും മസാജ് ചെയറുംവരുന്നു
ഫറോക്ക്∙ ട്രെയിൻ യാത്രക്കാർക്ക് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായ ഫറോക്ക് സ്റ്റേഷനിൽ സ്റ്റേഷനറി ഗിഫ്റ്റ് ഷോപ്പും മസാജ് ചെയറും വരുന്നു. സ്റ്റേഷൻ വളപ്പിൽ ഹാൻടെക്സ് ഷോറൂം പരിസരത്താണ് സ്റ്റേഷനറി ഷോപ്പിനുള്ള സൗകര്യം ഒരുക്കുന്നത്.
ഒന്നാം പ്ലാറ്റ്ഫോമിലാണു മസാജ് ചെയർ സ്ഥാപിക്കുക.
ഇതിനുള്ള ടെൻഡർ നടപടി പൂർത്തിയായി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ വികസനം നടപ്പാക്കിയ സ്റ്റേഷനിൽ യാത്രക്കാർക്കായി വൈവിധ്യ സംരംഭങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണു സ്റ്റേഷനറി ഷോപ്പും മസാജ് ചെയറും സജ്ജമാക്കുന്നത്.
ഇതോടൊപ്പം ഒന്നാം പ്ലാറ്റ്ഫോമിൽ എടിഎം കൗണ്ടർ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സ്റ്റേഷനിൽ നിന്നുള്ള വരുമാന വർധന ലക്ഷ്യമിട്ടാണ് റെയിൽവേയുടെ പുതിയ നീക്കം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

