കാത്തിരിപ്പിനു വിരാമം; ചിറ്റടിക്കടവ് പാലത്തിന് 9.4 കോടിയുടെ അനുമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ചിറ്റടിക്കടവ് പാലം നിർമാണത്തിന് 9.4 കോടിയുടെ ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കലിനുള്ള ഒന്നാംഘട്ട തുകയായ 2.27 കോടി ഉൾപ്പെടെയാണിത്.കോർപറേഷനെയും കക്കോടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കക്കോടിപ്പുഴയ്ക്കു കുറുകെ റഗുലേറ്റർ കം ബ്രിജ് പദ്ധതി വരുമെന്ന പ്രഖ്യാപനം വന്നത് 16 വർഷം മുൻപാണ്.ഇതോടെ ഇവിടെയുണ്ടായിരുന്ന കടത്തുതോണി പിൻവലിച്ചു. തോണിയില്ലാതായതോടെ ആളുകൾക്ക് മറുകര കടക്കാൻ വഴിയില്ലാതായി. കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞാണ് പ്രദേശവാസികൾ ഇപ്പോൾ ബൈപാസിലേക്ക് എത്തുന്നത്. 2021ലെ ബജറ്റിൽ ചിറ്റടിക്കടവ് റഗുലേറ്റർ കം ബ്രിജിന് രണ്ടു കോടി നീക്കിവച്ചതായി മണ്ഡലത്തിന്റെ എംഎൽഎ എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. 2022ലെ അവലോകന യോഗത്തിലും പാലം പണി വേഗത്തിലാക്കാൻ നിർദേശിച്ചു.
ആറുവരിയാക്കുന്ന ദേശീയ പാതയിൽനിന്ന് 250 മീറ്റർ മാത്രം അകലെയാണ് ചിറ്റടിക്കടവ്. പാലം വരുന്നതോടെ കക്കോടി ബസാറിൽനിന്ന് നേരിട്ട് ബൈപാസിലേക്ക് റോഡ് മാർഗം എത്താം. ജില്ലയിൽ നിർമിക്കപ്പെട്ട ആദ്യ റോഡുകളിലൊന്നായ കക്കോടി ബസാർ–മോരീക്കര എൻ.വി.റോഡ് ചിറ്റടിക്കടവുവരെ എത്തുന്നുണ്ട്.പാലം വരുന്നതോടെ ഈ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കപ്പെടും. നിലവിൽ ഒറ്റത്തെങ്ങ് ഭാഗത്തുനിന്നുള്ളവരും കക്കോടി ഭാഗത്തുനിന്നുള്ളവരും മോരീക്കര–മാളിക്കടവ് വഴി നാലു കിലോമീറ്ററോളം ചുറ്റിയാണ് ദേശീയപാതയിലേക്ക് പോകുന്നത്. ദേശീയപാതയിൽനിന്ന് കക്കോടി–മൂട്ടോളി വഴി കുന്നമംഗലത്തേക്കുള്ള യാത്ര ചിറ്റടിക്കടവിൽ പാലം വരുന്നതോടെ എളുപ്പമാവും.