
കൂരാച്ചുണ്ട് ∙ പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന താഴെ പൂവത്തുംചോല– താന്നിയാംകുന്ന് –കോട്ടക്കുന്ന് –വയലട റോഡിൽ താന്നിയാംകുന്ന് മേഖലയിൽ പാത ചെളിക്കുളം.
കൂരാച്ചുണ്ട് പഞ്ചായത്തിലെ മുതുപ്ലാക്കൽ താഴെ വരെയുള്ള 2.5 കിലോമീറ്ററോളം റോഡ് പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. 8 മീറ്റർ വീതിയുള്ള 1.5 കിലോമീറ്റർ കൂടി റോഡ് നവീകരിച്ചാൽ പനങ്ങാട് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ വയലടയുമായി ബന്ധിപ്പിക്കാൻ സാധിക്കും.
പനങ്ങാട് പഞ്ചായത്തിൽ റോഡിന്റെ പ്രവൃത്തി പൂർത്തിയായതാണ്.
കൂരാച്ചുണ്ട് പഞ്ചായത്തിൽ 7,8 വാർഡുകളിലെ അറുപതോളം കുടുംബങ്ങളുടെ യാത്രാമാർഗമാണ് ഈ റോഡ്. 25 വർഷം പഴക്കമുള്ള റോഡ് നവീകരണ പ്രവൃത്തി വൈകിയതോടെ ഒട്ടേറെ കുടുംബങ്ങൾ താന്നിയാംകുന്ന് മലയിൽ നിന്നും താഴ്ഭാഗത്തേക്ക് വീട് നിർമിച്ച് താമസം തുടങ്ങി.
താന്നിയാംകുന്ന് മേഖലയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2020ൽ പാത കോൺക്രീറ്റ് ചെയ്തിരുന്നു.
തുടർന്ന് 8 മീറ്റർ റോഡ് പഞ്ചായത്ത് ജില്ലാ പഞ്ചായത്തിന് കൈമാറാത്തതിനാൽ ഫണ്ട് അനുവദിച്ചിട്ടില്ല.റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറാൻ പഞ്ചായത്ത് ഭരണസമിതി മുൻപ് തീരുമാനിച്ചിരുന്നു.കനത്ത മഴയിൽ താന്നിയാംകുന്നിൽ പാതയിൽ ചെളി നിറഞ്ഞതോടെ വാഹനങ്ങൾ സഞ്ചരിക്കാൻ കഴിയാതെയായി. മുള്ളൻപാറ, വയലട
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും കരിയാത്തുംപാറ, കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഈ റൂട്ടിൽ ടൂറിസ്റ്റുകൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അപകടത്തിൽപെടുന്നതും പതിവാണ്.
കഴിഞ്ഞ ദിവസം ജീപ്പ് ചെളിയിൽ താഴ്ന്നുപോയി. മാസങ്ങൾക്ക് മുൻപ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞും അപകടമുണ്ടായി.1.5 കിലോമീറ്റർ മേഖലയിൽ പാത നവീകരണത്തിന് എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ 15 ലക്ഷം നീക്കവച്ചെന്നും കൂടുതൽ ഫണ്ട് അനുവദിക്കാൻ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെംബർ സിനി ഷിജോ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]