
നവീകരണം : ആർഇസി– മലയമ്മ റോഡിന് നടുവിൽ വൈദ്യുതക്കാലുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കട്ടാങ്ങൽ∙ നവീകരണം നടക്കുന്ന ആർഇസി– മലയമ്മ റോഡിൽ കെഎസ്ഇബി വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിച്ചില്ല. സ്കൂൾ തുറക്കുന്നതോടെ സഞ്ചാരയോഗ്യമായ റോഡ് എന്നത് സ്വപ്നം മാത്രം. ഒരു വർഷമായി റോഡ് പ്രവൃത്തി നീളുന്നത് മൂലം പരിസരത്തെ 4 സ്കൂളുകൾ, കോളജ് തുടങ്ങി യാത്രക്കാർക്ക് ദുരിത യാത്രയാണ്.ആർഇസി– മലയമ്മ– പുത്തൂർ–കൂടത്തായി റോഡിന്റെ ഭാഗമായ ഈ ഭാഗത്ത് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരുടെ ദുരിതം തീർക്കുന്നതിന് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. റോഡിന്റെ അടിത്തറ ബലപ്പെടുത്തുന്നത് അടക്കം പൂർത്തിയാക്കിയെങ്കിലും 12ാം മൈൽ ജംക്ഷൻ മുതൽ വെണ്ണക്കോട് വരെ ഭാഗങ്ങളിൽ വൈദ്യുതി കാലുകൾ മാറി സ്ഥാപിക്കാത്തത് മൂലം പണി ഇഴയുകയാണ്.
പ്രവൃത്തി കരാർ എടുത്ത സ്ഥാപനം കെഎസ്ഇബിയിൽ വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്നതിന് പണം അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ഇതു വരെ വൈദ്യുതി കാലുകൾ റോഡിന് മധ്യത്തിൽ തന്നെയാണുള്ളത്.റോഡിന്റെ അടിത്തറ ഉറപ്പിക്കുകയും മറ്റും ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞയാഴ്ച വൈദ്യുതി കാലുകൾ ഉള്ള ഭാഗം ഒഴിച്ചാണ് പൂർത്തിയാക്കിയത്.
സ്കൂൾ തുറക്കും മുൻപ് ആർഇസി സ്കൂൾ, ദയാപുരം സ്കൂൾ, മലയമ്മ സ്കൂൾ ഭാഗങ്ങളിൽ സഞ്ചാരയോഗ്യമാക്കണമെന്ന അധികൃതരുടെ നിർദേശം വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കാൻ വൈകുകയും മഴ നേരത്തെ എത്തുകയും ചെയ്തതോടെ സ്കൂൾ തുറക്കുമ്പോൾ തന്നെ ദുരിത യാത്ര ആയിരിക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുകയും സ്കൂൾ പരിസരങ്ങളിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷരീഫ് മലയമ്മ പരാതി നൽകി.