കോഴിക്കോട് ∙ അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പൊലീസ് മേധാവികൾ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫോമിലും സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകണമെന്ന് കമ്മിഷൻ എല്ലാ വരണാധികാരികൾക്കും നിർദേശം നൽകി. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.
പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ
പോളിങ് സ്റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫിസർമാർക്ക് പുറമേ, പോളിങ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫിസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫിസർമാർ, ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.
പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റൽ ബാലറ്റിനായി ഫോം 15 ൽ ബന്ധപ്പെട്ട
വരണാധികാരിക്ക് അപേക്ഷ നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അപേക്ഷ ഫോം വരണാധികാരിയുടെ ഓഫിസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ് സൈറ്റിലും ( ) ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയയ്ക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം.
നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി.
എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫോം 15 ലെ മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയയ്ക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ, ഫോം 16 ലെ സത്യപ്രസ്താവന (3 വീതം), ഫോം 17 ലെ സമ്മതിദായകർക്കുള്ള നിർദേശങ്ങൾ (1 വീതം), ഫോം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫോം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

