നാദാപുരം∙ ജീവിച്ചിരിക്കുന്ന ആൾക്ക് മരിച്ചെന്നു കാണിച്ചു തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നോട്ടിസ് വീണ്ടും. 24ാം വാർഡിലെ തട്ടാൻ കുന്നുമ്മൽ പാത്തുവിനെയാണ് മരിച്ചതായി കാണിച്ചു പുതുശ്ശേരി മീത്തൽ നിഷ പരാതി നൽകിയത്.
ഇക്കാര്യത്തിൽ പാത്തുവിന്റെ വീട്ടുകാർക്ക് നോട്ടിസ് നൽകാനാണ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും പാത്തു തന്നെ നേരിട്ട് മുന്നിലെത്തി. ഇന്ന് 11.40 നു പഞ്ചായത്തിൽ ഹാജരാകാൻ പാത്തുവിന് നോട്ടിസ് നൽകി ഉദ്യോഗസ്ഥർ മടങ്ങി.
യുഡിഎഫ് വോട്ടർമാരെ കള്ള ആക്ഷേപം ഉന്നയിച്ചു പട്ടികയിൽ നിന്നു നീക്കം ചെയ്യാൻ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമമാണിതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
ഇതേ വാർഡിൽ ചെറുവത്ത് മീത്തൽ പാത്തുവിന്റെ വോട്ട് തള്ളാനും നിഷ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. ഈ പാത്തുവും മരിച്ചെന്നാണു കാരണം കാണിച്ചത്. പാത്തു മരിച്ചെന്നു കാണിച്ചുള്ള നോട്ടിസ് നൽകിയതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്.
താൻ മരിച്ചില്ലെന്ന് അറിയിക്കാൻ ഇന്ന് ഈ പാത്തുവും പഞ്ചായത്ത് ഓഫിസിലെത്തും.
കൊയിലാണ്ടി∙ മൂടാടിയിൽ ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യാൻ ശ്രമം. മൂടാടി പഞ്ചായത്തിലെ പുതിയ 18-ാം വാർഡിലെ മുള്ളത്ത് ചെക്കോട്ടിയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ഞെട്ടിയത്. പട്ടികയിലെ പാർട്ട് 2 ക്രമനമ്പർ 714 ആയ ഇദ്ദേഹം മരണപെട്ടു എന്നു കാണിച്ച് പട്ടികയിൽ നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു യുഡിഎഫ് പ്രവർത്തകനായ രാമംവീട്ടിൽ ബാബു ആണ് പരാതി കൊടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ നിന്നു നോട്ടിസുമായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ചെക്കോട്ടി സംഭവം അറിയുന്നത്.
എൽഡിഎഫ് ജയിക്കുന്ന വാർഡ് പിടിച്ചെടുക്കുന്നതിനു വേണ്ടി വാർഡിലെ എൽഡിഎഫ് വോട്ടർമാരെ അനധികൃതമായി നീക്കം ചെയ്യാൻ വ്യാജ പരാതി നൽകിയതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
പൊലീസ് കാവലിൽ നിജേഷ് തള്ളിച്ചത് 23 വ്യാജ വോട്ടുകൾ
എടച്ചേരി∙ ഇരട്ട വോട്ടർമാർക്ക് എതിരെ പരാതി നൽകിയതിന്റെ പേരിൽ മർദനമേറ്റ കോൺഗ്രസ് നേതാവ് നിജേഷ് കണ്ടിയിൽ ഇന്നലെ പഞ്ചായത്ത് ഓഫിസിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട
വിചാരണയ്ക്ക് എത്തി തള്ളിച്ചത് 23 വ്യാജ വോട്ടുകൾ. വെള്ളിയാഴ്ചയാണ് നിജേഷിനു മർദനമേറ്റത്.
നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വൈകിട്ടോടെ ആശുപത്രി വിട്ട നിജേഷ് ഇന്നലെ പഞ്ചായത്ത് ഓഫിസിൽ വിചാരണയ്ക്ക് എത്തുമ്പോൾ വൻ പൊലീസ് സംഘം സ്ഥലത്ത് കാവലുണ്ടായിരുന്നു.
മറ്റിടങ്ങളിൽ വോട്ടുള്ളവരായ 23 പേരുടെ വോട്ടുകളാണ് ഇന്നലെ തള്ളിക്കാനായതെന്ന് നിജേഷ് പറഞ്ഞു.
നിജേഷിനെ മർദിച്ചതിന് ബിഎൻഎസ് 115(2), 118(1), 190 എന്നീ വകുപ്പുകൾ പ്രകാരം പുളിയനാണ്ടി ബിനീഷ്, കിരൺലാൽ, കുഞ്ഞിപ്പുരയിൽ പ്രമോദ് എന്നിവരെയും കണ്ടാലറിയാവുന്ന 10 പേരെയും പ്രതി ചേർത്ത് എടച്ചേരി പൊലീസ് കേസെടുത്തു. സിപിഎമ്മുകാരാണ് മർദിച്ചതെന്നാണ് പരാതി.
ഇതിനിടെ, നിജേഷ് മർദിച്ചെന്നു സിപിഎമ്മുകാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]