
തൊട്ടിൽപാലത്തിന് അടുത്ത് പൂതംപാറയിൽനിന്നു തൊടുത്തുവിട്ട ഒരു സ്മാഷ് പല ദേശങ്ങൾ കടന്ന്, വിജയങ്ങൾ താണ്ടി നിലംതൊടാതെ പറന്നതു രണ്ടു പതിറ്റാണ്ടോളം.
പൂതംപാറയിലെ കുന്നോളം ഉയരമുണ്ട് ആറരയടി പൊക്കമുള്ള ടോം ജോസഫ് എന്ന വോളിബോൾ താരം പേരിനൊപ്പം ചേർത്ത നേട്ടങ്ങൾക്കും. സ്കൂൾ പഠനകാലത്ത് ലോങ് ജംപിനും റിലേക്കും പോയി സമ്മാനം കിട്ടാതെ നിരാശയോടെ തിരിച്ചുപോന്ന കൗമാരക്കാരൻ.പിന്നീട് നാട്ടിൽ നടക്കുന്ന ചെറിയ വോളിബോൾ ടൂർണമെന്റുകളിലെ ബോൾബോയ്. ബ്ലാഡർ പൊട്ടിയ ഒരു ബോളാണ് ടോമിന്റെ കളി വഴിതിരിച്ചു വിട്ടത്. പൊട്ടിയ പന്തിൽ കടലാസ് നിറച്ച്, അടുത്ത വീടുകളിലെ കുട്ടികളെയും കൂട്ടി കളിച്ചുതുടങ്ങി. അതുകണ്ട മറ്റു കുട്ടികളും വോളിബോളിനെ പ്രണയിച്ചു.
പ്രദേശമാകെ കളി പനി പോലെ പടർന്നു.ഇടയ്ക്ക് ചില പ്രാദേശിക ടൂർണമെന്റുകളിൽ പകരക്കാരനായി അവസരം കിട്ടി.
തൊട്ടിൽപാലം വോളിബോൾ അക്കാദമിയിൽ തോമസ് മാഷിന്റെയും ഗോവിന്ദൻ മാഷിന്റെയും കീഴിലെ കോച്ചിങ് കോഴിക്കോട് ‘സായി’ലെ പരിശീലനത്തിനു വഴിതുറന്നു. അവിടെ പരിശീലനത്തിനിടെ കാലിനു നീരു വന്നതിന്റെ മറവിൽ വീട്ടിലേക്ക് ‘ഒളിച്ചോട്ടം’. പക്ഷേ, തലയിൽ വരച്ചതു വോളിബോൾ കൊണ്ടുതന്നെയായിരുന്നു. കോച്ച് ജോസഫ് തിരികെ എത്തിച്ചു.
പയ്യന്നൂരിൽ നടന്ന ടൂർണമെന്റിൽ സായ് ടീമിനൊപ്പം പോയി. ആദ്യം അവസരം കിട്ടിയില്ല. ഫൈനലിൽ ആദ്യ 2 സെറ്റ് നഷ്ടപ്പെട്ട
സമയത്ത് പകരക്കാരനായി ഇറങ്ങി ടോം.
മികച്ച പ്രകടനത്തിലൂടെ അടുത്ത 3 സെറ്റും നേടി ടീം ജേതാക്കളായി. മുഖ്യാതിഥിയായ പി.ടി.ഉഷയിൽനിന്ന് സ്വർണ മെഡലും വാങ്ങി മടക്കം. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല!
കേരള ടീം, ജൂനിയർ ഇന്ത്യൻ ടീം, ഇന്ത്യൻ ടീം… അങ്ങനെ പല ജഴ്സികളിൽ 20 വർഷത്തോളം കളിക്കളം വാണു. അപ്പോഴും ആദ്യനാളിൽ കടം വാങ്ങിയിട്ട
ആ ജഴ്സിയുടെ കഥ മറക്കാനാകില്ല ടോമിന്. ആ കടത്തിന്റെ കഥ പറയണമെങ്കിൽ ജ്യേഷ്ഠനെ കുറിച്ചു പറയണം ആദ്യം.
അരങ്ങേറ്റം കുടുംബകാര്യം
ടോമിന്റെ ജ്യേഷ്ഠൻ റോയ് ജോസഫും വോളിബോൾ താരമാണ്.
ബിഎസ്എഫിലാണ് ജോലി. ആദ്യം ഇന്ത്യൻ ടീമിൽ എത്തിയത് റോയ് ആണ്.
ജ്യേഷ്ഠന്റെ കൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയതാണ് ടോമിന്റെ കളിജീവിതത്തിലെ മറക്കാനാകാത്ത ദിവസം; 1999ൽ കഠ്മണ്ഡുവിൽ സാഫ് ഗെയിംസിൽ. ഫൈനലിൽ എതിരാളികൾ പാക്കിസ്ഥാൻ.
‘‘മത്സരത്തിൽ പാക്ക് മുന്നേറ്റമായിരുന്നു. ഇടയ്ക്ക് വച്ചു ചേട്ടനോടു സംസാരിച്ച കോച്ച് എന്നെ പകരക്കാരനായി ഇറക്കി.
അതോടെ കളിമാറി, ശേഷിച്ച സെറ്റുകൾ നേടി കപ്പടിച്ചു. അങ്ങനെ ചേട്ടനൊപ്പം അരങ്ങേറ്റ മാച്ച് കളിച്ച് കപ്പടിക്കാനായി’’ –ടോമിന്റെ വാക്കുകൾ.
റോയ് 2002 വരെ ഇന്ത്യൻ ടീമിൽ കളിച്ചു.
ഇപ്പോൾ ബംഗാളിൽ ബിഎസ്എഫ് കമൻഡാന്റ് ആണ്. ഇനി പഴയ ജഴ്സിക്കഥയിലേക്ക്– കയ്യിൽ നല്ലൊരു ബനിയൻ പോലുമില്ലാതിരുന്ന സായിലെ ആദ്യകാലത്ത് ജ്യേഷ്ഠൻ റോയ് നൽകിയ ബിഎസ്എഫ് ജഴ്സിയിലാണ് ടോം കളിച്ചു തുടങ്ങിയത്.
പൊട്ടി ഹൃദയംപൊട്ടി
ട്രോഫികൾ കൊണ്ട് അലങ്കരിച്ചൊരു ട്രോഫി ഹൗസ് ആണ് ടോമിന്റെ വീട്.
അർജുന അവാർഡ് ഉൾപ്പെടെ തിളക്കമേകുന്ന ആ ശേഖരത്തിൽ ഒരു ട്രോഫി മാത്രം പൊട്ടിയതാണ്. അതിനു പിന്നിലൊരു കഥയുണ്ട്.
ദേശീയ ഗെയിംസിൽ കേരളം കപ്പടിച്ചപ്പോൾ ടീമിനു കിട്ടിയത് 4 ട്രോഫികൾ. ബെസ്റ്റ് പ്ലെയറായ ടോമിന് കിട്ടിയത് ബൈക്ക്.
പക്ഷേ, ട്രോഫിയെ സ്നേഹിക്കുന്ന ടോം വോളിബോൾ അസോസിയേഷൻ സെക്രട്ടറിയുടെ അനുമതിയോടെ അതിലൊരെണ്ണം സൂക്ഷിക്കാനായി വീട്ടിൽ കൊണ്ടുപോയി. സ്ഥാനമാനങ്ങൾക്കായി പോരടിക്കുന്ന അസോസിയേഷനിലെ ചിലർ അതു വിവാദമാക്കി.
അതോടെ ട്രോഫി കുറിയറിൽ തിരിച്ചയച്ചു.
പക്ഷേ, അതു സ്വീകരിക്കാതെ തിരികെ അയച്ചു. പക്ഷേ, തുറന്നപ്പോൾ പലതായി പൊട്ടി നുറുങ്ങിയിരിക്കുന്നു, ഹൃദയവും.
അതിനോടുള്ള പ്രിയം കാരണം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു ടോം. 10 വട്ടം അപേക്ഷ തള്ളി, പല വിവാദങ്ങൾക്കു ശേഷം അർജുന അവാർഡ് വളരെ വൈകി ലഭിച്ചതും ജീവിതത്തിലെ മറക്കാനാകാത്ത മറ്റൊരു അധ്യായമാണെന്ന് ടോം പറഞ്ഞുനിർത്തി.
ടോം ജോസഫ് (45)15 വർഷം ഇന്ത്യൻ ടീമിൽ കളിച്ചു18 വർഷം കേരള ടീമിൽ2 വർഷം ഇന്ത്യൻ ക്യാപ്റ്റൻഇപ്പോൾ കൊച്ചി ഭാരത് പെട്രോളിയം കമ്പനിയിൽ എച്ച്ആർ മാനേജർഭാര്യ: ജാനറ്റ് ടോം (അധ്യാപിക).
മക്കൾ: റിയ ടോം, സ്റ്റുവർട്ട് ടോം, ജുവൽ റോസ് റിയ കേരള യൂണിവേഴ്സിറ്റി ബാഡ്മിന്റൻ താരമാണ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]