
‘ശാരീരികമായി ഉപദ്രവിച്ചില്ല, കൃത്യമായി ഭക്ഷണവും വസ്ത്രങ്ങളും തന്നു’; അമ്പരപ്പില്ലാതെ അന്നൂസ് റോഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുവള്ളി∙ അധികം അമ്പരപ്പില്ലാതെ ആണ് അന്നൂസ് റോഷൻ മോചനത്തിനു ശേഷം കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ശാരീരികമായി ഉപദ്രവിച്ചില്ല, സംഘത്തിലുണ്ടായിരുന്നവരെ പരിചയമില്ല. കൃത്യമായി ഭക്ഷണവും മാറാനുള്ള വസ്ത്രങ്ങളും തന്നിരുന്നുവെന്നും മാധ്യമങ്ങളോട് അന്നൂസ് റോഷൻ പറഞ്ഞു. കൊണ്ടുപോയ സ്ഥങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ല. തട്ടിക്കൊണ്ടുപോകുമ്പോൾ 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തിരിച്ചുവരുമ്പോൾ 2 പേരും. ഇടയ്ക്ക് ഉറങ്ങിപ്പോയ സമയത്താണ് ഈ 2 പേരും വഴിയിൽ ഇറങ്ങിയതെന്നും അന്നൂസ് പറഞ്ഞു. ജ്യേഷ്ഠനുമായുള്ള സാമ്പത്തിക തർക്കത്തെ കുറിച്ചൊന്നും തട്ടിക്കൊണ്ടുപോയവർ തന്നോട്ട് ചോദിച്ചില്ലെന്നും കേസിനെ ബാധിക്കും എന്നതിനാൽ പൊലീസിന്റെ നിർദേശമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പറയാനാകില്ലെന്നും അന്നൂസ് റോഷൻ പറഞ്ഞു.
മുഖ്യ പ്രതികളിപ്പോഴും കാണാമറയത്ത്
സംഭവവുമായി ബന്ധപ്പെട്ടുള്ള 2 കേസുകളിലായി 3 പേരാണ് ഇതുവരെ അറസ്റ്റിലായത്. നേരത്തേ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കൊടുവള്ളി സ്വദേശിയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറിന്റെ ഉടമയും സുഹൃത്തുമാണത്. തട്ടിക്കൊണ്ടു പോകലിന് നേതൃത്വം നൽകിയവരും ആറംഗ ക്വട്ടേഷൻ സംഘവും അടക്കം പത്തോളം പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന കൊണ്ടോട്ടി സ്വദേശികളായ ഷബീർ, ജാഫർ, നിയാസ് എന്നിവരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. ഇവർ ക്വട്ടേഷൻ സംഘത്തെ വച്ചാണ് തട്ടിക്കൊണ്ടുപോകലിലെ ഓരോ ഘട്ടങ്ങളും നടത്തിയതെന്നാണ് സൂചന. അജ്മൽ റോഷനുമായുള്ള സാമ്പത്തിക തർക്കത്തിൽ നേരിട്ട് പങ്കാളികളായവരെയും ക്വട്ടേഷൻ സംഘത്തെയും വലയിലാക്കുകയെന്ന വലിയ ദൗത്യം ഇനിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.
വഴിത്തിരിവായത് പൊലീസിന്റെ സമ്മർദ നീക്കം
തട്ടിക്കൊണ്ടുപോകൽ കേസിൽ യുവാവിനെ മോചിപ്പിക്കാൻ പ്രതികൾ തയാറായത് പൊലീസ് നടത്തിയ സമ്മർദ നീക്കങ്ങളെ തുടർന്ന്. പരപ്പാറയിലെ പൗരാവലി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് അന്നൂസ് റോഷന്റെ മോചനത്തിനായി സമ്മർദം ശക്തമാക്കിയതോടെ പൊലീസും നീക്കങ്ങൾ ശക്തമാക്കുകയായിരുന്നു. ആദ്യ അറസ്റ്റ് മറ്റൊരു പരാതിയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന് കൊടുവള്ളി സ്വദേശിയുടേതായിരുന്നു. പ്രതികൾക്കൊരാൾക്ക് സ്കൂട്ടർ നൽകിയ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് റിസ്വാന്റെയും സുഹൃത്ത് അനസിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യ പ്രതികൾ കൊണ്ടോട്ടി സ്വദേശികൾ തന്നെ ആയതിനാൽ ഇത് അവരിൽ സമ്മർദം വർധിപ്പിച്ചു. അഭിഭാഷകൻ വഴി തട്ടിക്കൊണ്ടുപോയ സംഘം പൊലീസുമായി ചർച്ചകൾക്കു തുടക്കമിട്ടു. പ്രതികളിലൊരാളുടെ സഹോദരീ ഭർത്താവിനെയും സുഹൃത്തിനെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇതോടെ പൊലീസിന് പിടിനൽകാതെ യുവാവിനെ മോചിപ്പിക്കുന്ന നീക്കത്തിലേക്ക് പ്രതികൾ നീങ്ങിയെന്നാണ് സൂചന.
ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലും നിർണായകം
തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സാമൂഹിക പ്രവർത്തകരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നടത്തിയ നീക്കങ്ങളും മോചനത്തിലേക്ക് വഴിതെളിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെ പരപ്പാറ ഉൾപ്പെടുന്ന വാർഡിന്റെ മെംബറും ആക്ഷൻ കമ്മിറ്റി ചെയർമാനുമായ വി.പി.അഷ്റഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തിയതോടെ നാടാകെ യുവാവിന്റെ മോചനത്തിനായി അണിചേർന്നു. അന്നൂസ് റോഷന്റെ മോചനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ആക്ഷൻ കമ്മിറ്റി ചെയർമാനും വാർഡ് മെംബറുമായ വി.പി.അഷ്റഫിന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. മകന്റെ മോചനം സാധ്യമാക്കാൻ പിന്തുണച്ച അന്വേഷണ സംഘത്തിനും, മാധ്യമങ്ങൾക്കും പിതാവ് ആയിക്കോട്ടിൽ വീട്ടിൽ അബ്ദുൽ റഷീദും, മാതാവ് ജമീലയും നന്ദി അറിയിച്ചു.
തട്ടിക്കൊണ്ടുപോയ യുവാവിനെ ആറാം നാൾ മോചിപ്പിച്ചു
കൊടുവള്ളി ∙ ആറുനാൾ മുൻപ് കിഴക്കോത്ത് പരപ്പാറയിൽനിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിക്കടുത്ത് മോങ്ങത്തുവച്ച് അന്വേഷണ സംഘം മോചിപ്പിച്ചു. പരപ്പാറയിലെ ആയിക്കോട്ടിൽ വീട്ടിൽനിന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷൻ (21) ആണു മോചിപ്പിക്കപ്പെട്ടത്. ജ്യേഷ്ഠൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ക്വട്ടേഷൻ സംഘം കഴിഞ്ഞ ശനിയാഴ്ച അനിയനെ തട്ടിക്കൊണ്ടുപോയത്. ജ്യേഷ്ഠനെ കിട്ടാതെ വന്നതോടെയാണ് അനിയനെ തട്ടിയെടുത്തത്. അന്നൂസ് റോഷനെ മൈസുരുവിലെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30 ക്ക് കോയമ്പത്തൂർ, പാലക്കാട് വഴി യുവാവിനെയും കൊണ്ട് സംഘം യാത്ര തിരിച്ചു.
അന്വേഷണ സംഘം കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ പല ടീമുകളായി തിരച്ചിൽ ഊർജിതമാക്കുകയും, മൈസൂരുവിലെ ഹോട്ടലുകളിലും, പൊതു സ്ഥലങ്ങളിലും പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്തതോടെയാണ് ക്വട്ടേഷൻ സംഘം അന്നൂസ് റോഷനുമായി കേരളത്തിലേക്ക് തിരിച്ചത്. മൈസൂർ ടൗണിൽ നിന്നും കർണാടക റജിസ്ട്രേഷനുള്ള ടാക്സി വിളിച്ചാണ് ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ അന്നൂസ് റോഷനെയുമായി കേരളത്തിലേക്ക് വന്നത്. കോയമ്പത്തൂർ വഴി പാലക്കാടെത്തും മുൻപ് ഈ രണ്ട് പേരും ടാക്സിയിൽ നിന്നും ഇറങ്ങി. ടാക്സി ഡ്രൈവർക്ക് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ ആദ്യം പെരിന്തൽമണ്ണയിൽ ഇറക്കിവിടാൻ ഫോണിൽ ഡ്രൈവർക്ക് നിർദേശം നൽകിയ സംഘം, പിന്നീട് കൊണ്ടോട്ടി ഭാഗത്തേക്കു നീങ്ങാൻ നിർദേശിച്ചു. ഇതിനിടെ ഈ നീക്കം മനസ്സിലാക്കിയ താമരശ്ശേരി ഡിവൈഎസ്പി കെ.സുശീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്തിനും കൊണ്ടൊട്ടിക്കുമിടയിലെ മോങ്ങത്തുവെച്ച് ടാക്സി കാർ തടഞ്ഞു മോചിപ്പിക്കുകയായിരുന്നു. മൈസൂരുവിൽ നിന്നും ഇവർ വന്ന ടാക്സിയും, ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
യാത്രക്കിടെ മുക്കത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് അന്നൂസ് റോഷന്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് പൊലീസ് സംഘം കൊടുവള്ളിയിലെത്തിച്ചത്. സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം 4.30ഓടെ പരപ്പാറ ആയിക്കോട്ടിൽ വീട്ടിലെത്തിച്ച് അന്നൂസ് റോഷനെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.