കുന്നമംഗലം / പയ്യന്നൂർ ∙ പയ്യന്നൂരിൽ ഷിംജിതയും ദീപക്കും സഞ്ചരിച്ച ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നും വിഡിയോ പ്രചരിപ്പിച്ചതു ദുരുദ്ദേശ്യത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ജീവനക്കാരുടെ മൊഴികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ വടകര കൈനാട്ടി സ്വദേശി വി.കെ.ഷിംജിതയ്ക്കെതിരെ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണു മെഡിക്കൽ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ഷിംജിത റിമാൻഡിലാണ്.
ജാമ്യാപേക്ഷ കുന്നമംഗലം കോടതി നാളെ പരിഗണിക്കും. പ്രതി ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി.
പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനു കോടതിയിൽ അപേക്ഷ നൽകുമെന്നും മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബൈജു കെ.ജോസ് പറഞ്ഞു.
അതേസമയം, 16ന് ബസിൽ യാത്ര ചെയ്യുമ്പോൾ ഷിംജിതയെ ഒരാൾ ശല്യം ചെയ്തെന്നു കാട്ടി സഹോദരൻ സിയാദ് ഇമെയിൽ വഴി പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർക്കു പരാതി നൽകി. ദീപക് 16ന് പയ്യന്നൂരിൽ വ്യാപാരാവശ്യത്തിനു വന്നതാണെന്നു തെളിയിക്കുന്ന മൊഴികൾ പയ്യന്നൂരിലെ ചില വ്യാപാരികൾ നൽകിയിട്ടുണ്ട്.
എന്നാൽ, ഷിംജിത പയ്യന്നൂരിൽ വന്നതെന്തിനെന്നു പരാതിക്കാരനെ ചോദ്യം ചെയ്താലേ അറിയൂ എന്നാണു പൊലീസ് പറയുന്നത്.
റിമാൻഡ് റിപ്പോർട്ടിൽ നിന്ന്
ബിരുദാനന്തര ബിരുദവും അസി. പ്രഫസർ യോഗ്യതയുമുള്ള പഞ്ചായത്ത് മുൻ അംഗം കൂടിയായ യുവതിക്കു നിയമത്തെക്കുറിച്ചു കൃത്യമായ അറിവ് ഉണ്ടായിട്ടും വിഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചതു ദുരുദ്ദേശ്യത്തോടെയാണ്.
അതിന്റെ മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. യുവതി അടുത്ത പൊലീസ് സ്റ്റേഷനിലോ നിയമപരമായ സ്ഥാപനങ്ങളിലോ വിവരം അറിയിച്ചിട്ടുമില്ല. ബസിൽ വച്ച് 7 തവണ വിഡിയോ ചിത്രീകരിച്ചതായി വ്യക്തമായിട്ടുണ്ട്.
ഇവ പല തവണ എഡിറ്റ് ചെയ്താണു പ്രചരിപ്പിച്ചത്. ജാമ്യം ലഭിച്ചാൽ വീണ്ടും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാനും മറ്റു സ്ത്രീകളും ഇത്തരം പ്രവൃത്തികളിലൂടെ കൂടുതൽ പേരെ ആത്മഹത്യയിലേക്കു തള്ളിവിടാനും സാധ്യതയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

