കോഴിക്കോട്∙ കോർപറേഷൻ സ്റ്റേഡിയത്തിലെ ഓരോ പുൽത്തകിടിയും ഓരോ മൺതരിയും കോരിത്തരിച്ചിരുന്നുപോയ മൂന്നു മണിക്കൂർ. ലോകത്തിലെ ആദ്യ ഓഫ്റോഡ് സാഹസിക ബൈക്ക് റേസിങ് ഫ്രാഞ്ചസിയായ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിന്റെ ഫൈനൽ റൗണ്ട് മത്സരം സ്റ്റേഡിയത്തെ ആകാംക്ഷയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തി.
ആ ആവേശത്തിന് മാറ്റുകൂട്ടാൻ സൂപ്പർതാരം സൽമാൻഖാനും കാണിയായെത്തി. വൈകിട്ട് അഞ്ചോടെ സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞുതുടങ്ങി.
ബൈക്ക് സ്റ്റണ്ടുമായി വിദേശതാരം സെബാസ്റ്റ്യൻ കാണികളെ ആവേശം കൊള്ളിച്ചതോടൈ ഗാലറി ഉണർന്നു.
കാവസാക്കിയുടെ പുതിയ ഓഫ്റോഡ് ബൈക്കായ കെഎൽഎക്സ് മൈതാനത്ത് ആവേശം വിതറി പ്രദർശനയോട്ടം നടത്തി. വൈകിട്ട് ആറോടെ ഡിജെ സംഗീതവും ലൈറ്റ് ഷോയുമായി പരിപാടി തുടങ്ങി. റാപ്പറും പിന്നണിഗായകനുമായ ബേബി ജീൻ തന്റെ സൂപ്പർഹിറ്റ് പാട്ടായ ‘കായി കായി’ പാടി കാണികളെ ഇളക്കിമറിച്ചു.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, മുർഷിദ് ബാൻഡിഡോസ് തുടങ്ങിയവർ പങ്കെടുത്തു.
ഇതിനുശേഷമാണ് കൗണ്ട് ഡൗൺ തുടങ്ങിയത്.
ആകാശത്തേക്കുയർന്നു പൊട്ടിയ കരിമരുന്നിനിടയിലൂടെ 250 സിസി ബൈക്കുകളുടെ രാജ്യാന്തര വിഭാഗം മത്സരങ്ങൾ തുടങ്ങി. ഇതിനുപിറകെ 250 സിസി ഇന്ത്യ–ഏഷ്യ വിഭാഗം, 450 സിസി രാജ്യാന്തര വിഭാഗം എന്നിവയുടെ ആദ്യറൗണ്ട് മത്സരവും നടന്നു.
പുണെയിലും ഹൈദരാബാദിലും നടന്ന ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾക്കു ശേഷം 6 ടീമുകളാണ് കോഴിക്കോട്ടെ ഫൈനലിൽ പങ്കെടുക്കാനെത്തിയത്.
ചെളിതെറിപ്പിച്ച് കുതിക്കുന്ന ബൈക്കുകളുടെ ഇരമ്പം. അവ മൺകൂനകൾക്കു മുകളിലൂടെ അൻപതു മീറ്ററോളം ഉയരത്തിലേക്ക് പറക്കുമ്പോൾ കാണികൾ ശ്വാസമടക്കി നോക്കിനിന്നു.
ലോകോത്തര മോട്ടോക്രോസ് ബൈക്ക് റേസിങ് ചാംപ്യൻമാരും ഇന്ത്യക്കാരായ റൈഡർമാരും ഏഷ്യയിലെ മറ്റു രാജ്യങ്ങളിൽനിന്നുള്ള ബൈക്ക് റേസിങ് ചാംപ്യൻമാരുമാണ് ഏറ്റുമുട്ടിയത്.
കാവസാക്കി കെഎക്സ് 450, യമഹ വൈസെഡ് 250, കെടിഎം 250 എസ്എഫ്എക്സ് തുടങ്ങി സാഹസിക ഓഫ് റോഡിങ്ങിലെ ഏറ്റവുംമികച്ച ബൈക്കുകളാണ് ഇന്നലെ സ്റ്റേഡിയത്തിലെ ട്രാക്കിൽ മണ്ണ് ചീറ്റിത്തെറിപ്പിച്ച് ചാടിപ്പറന്നത്. ഉയർന്നും താഴ്ന്നും കിടക്കുന്ന ട്രാക്കിൽ രണ്ടും മൂന്നും മൺകൂനകൾ ചാടിപ്പറന്നാണ് ബൈക്കുകൾ മറികടന്നത്.
ഇതിനിടെ ചില ബൈക്കുകൾ നിയന്ത്രണംവിട്ടു മറിഞ്ഞു.
വീണിടത്തുനിന്ന് വാശിയോടെ ബൈക്കുമായി ട്രാക്കിലിറങ്ങിയവർക്ക് കാണികളുടെ കയ്യടിയും കിട്ടി. ഫൈനലിന്റെ അവസാന റൗണ്ട് മത്സരം തുടങ്ങാനിരിക്കെയാണ് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ വേദിയിലെത്തിയത്.
ഫൈനൽ മത്സരം വേദിയിൽനിന്ന് ആവേശത്തോടെ കണ്ട സൽമാൻ ചാംപ്യൻമാരായ ബിഗ് റോക്ക് മോട്ടോ സ്പോർട്സിനു ട്രോഫി നൽകിയ ശേഷമാണ് വേദിവിട്ടത്.
സൽമാൻ ഖാന് കോഴിക്കോടിന്റെ പിറന്നാൾ ആശംസ
കോഴിക്കോട് ∙ ‘ഈ ഗാലറിയിലെ കാണികളുടെ വൈബ്..
ഒരു രക്ഷയുമില്ല.. എന്തൊരു ഊർജമാണ് അവർക്ക്’ ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ കോഴിക്കോട് കോർപറേഷൻസ്റ്റേഡിയത്തിലെ ആവേശത്തിര കണ്ട് അമ്പരന്നു പറഞ്ഞു.
മത്സരത്തിന്റെ ആദ്യ റൗണ്ട് പൂർത്തിയായശേഷം വേദിയിലേക്ക് വന്ന സൽമാൻഖാനെ ഒരുമിച്ച് ‘പിറന്നാൾ ആശംസകൾ’ ആശംസിച്ചാണു സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. 27നാണ് സൽമാൻ ഖാന്റെ അറുപതാം പിറന്നാൾ.
‘ ഇന്ത്യക്കാരായ ബൈക്ക് റേസർമാർക്ക് രാജ്യാന്തര ചാംപ്യൻമാർക്കൊപ്പം മത്സരിക്കാനും പരിശീലിക്കാനുമുള്ള അവസരം ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിലൂടെ കിട്ടുന്നുവെന്നത് പ്രധാനമാണ്’ മത്സരശേഷം സൽമാൻഖാൻ പറഞ്ഞു.
ഗാലറിയിലെ കാണികൾ കൈവീശി സൃഷ്ടിച്ച ‘മെക്സിക്കൻ വേവ്’ സൽമാനെയും ആവേശത്തിലാക്കി.
‘ഏതാനും ദിവസങ്ങൾകൊണ്ടാണ് സ്റ്റേഡിയത്തിലെ പുൽമൈതാനത്ത് മണ്ണുനിരത്തി ട്രാക്കൊരുക്കിയത്. അതിനൊരു കയ്യടി നൽകണം.
കേരളത്തിലെ വലിയ ഫുട്ബോൾ സ്റ്റേഡിയമാണിത്. ഇവിടത്തെ മൈതാനം തിരികെ പഴയതു പോലെയാക്കണം.
3 ദിവസത്തിനകം ആ ജോലി അവർ പൂർത്തിയാക്കുമെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ട്’ – സൽമാൻ ഖാൻ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

