കോഴിക്കോട് ∙ താമരശ്ശേരി ‘ഫ്രഷ് കട്ട്’ മാലിന്യ സംസ്കരണ കേന്ദ്രം പ്രദേശവാസികളുടെ ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം പ്രദേശത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ ശുദ്ധവായു പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിക്കാൻ സാധിക്കില്ലെന്നും എം.കെ.രാഘവൻ എംപി.
ജനപ്രതിനിധി എന്ന നിലയിൽ വിഷയത്തിൽ നിരവധി തവണ ഇടപെടുകയും ജില്ലാ കലക്ടറെ ഉൾപ്പെടെ നേരിൽ കണ്ട് ജനങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തിയിരുന്നതായും ജില്ലാ ഭരണകൂടത്തിന്റെയും സ്ഥാപന അധികാരികളുടെയും ഭാഗത്ത് നിന്ന് നിസ്സഹകരണ നിലപാടാണ് ഉണ്ടായതെന്നും എംപി വ്യക്തമാക്കി. ഫാക്ടറിയിലെ മാലിന്യങ്ങൾ മൂലം സമീപ പ്രദേശത്തെ ശുദ്ധജല സ്രോതസ്സുകൾ മലിനീകരിക്കപ്പെടുന്നുണ്ട്.
ഇത് മൂലം പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമാധാനപരമായ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും വർഷങ്ങളായി നടത്തിവരികയാണ്.
ഇതിനൊക്കെ പുല്ലുവില കൽപ്പിച്ചുകൊണ്ട് ജനജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന ജില്ലാ ഭരണകൂടത്തിന്റെയും സ്ഥാപന അധികാരികളുടെയും നിലപാട് കൂടിയാണ് സ്ഥിതി ഇത്രത്തോളം വഷളാക്കാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങൾ അപലപനീയമാണ്.
എന്നാൽ പ്രദേശവാസികളെ അതിലേക്ക് നയിച്ച കാരണങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ പൊലീസ് നടപടി ശക്തമായി അപലപിക്കേണ്ടതാണെന്നും എംപി വ്യക്തമാക്കി.
ജില്ലാ ഭരണകൂടത്തെയും, മലിനീകരണ നിയന്ത്രണ ബോർഡിനെയും നിരവധി തവണ സമീപിച്ചിട്ടും ശാശ്വതമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പ്രദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുക എന്നതിനാണ് ആത്യന്തികമായ പരിഗണന നൽകേണ്ടതെന്നും, പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ആത്മാർഥമായി ശ്രമിക്കണമെന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ അവർക്ക് പൂർണ പിന്തുണ നൽകുമെന്നും എംപി വ്യക്തമാക്കി.
ഫ്രഷ് കട്ട് സമരം അക്രമാസക്തമാക്കിയത് എസ്പിയുടെ പ്രകോപന ഇടപെടൽ: ലീഗ്
കോഴിക്കോട് ∙ താമരശ്ശേരി ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുൻപിൽ ഇരകൾ നടത്തിയ സമരം അക്രമാസക്തമാക്കിയത് കോഴിക്കോട് റൂറൽ എസ്പി കെ.ഇ. ബൈജുവാണെന്നും സർക്കാരിന്റെ വഞ്ചന തിരിച്ചറിയണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖും ജനറൽ സെക്രട്ടറി ടി.ടി.
ഇസ്മായിലും പറഞ്ഞു. ആറു വർഷത്തോളമായി സമാധാനപരമായും നിയമപരമായുമാണ് സമരക്കാർ പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലു വരെയും ഇവരുടെ ഭാഗത്തു നിന്ന് പ്രകോപനപരമായ യാതൊന്നുമുണ്ടായിട്ടില്ല. എന്നാൽ, സമരക്കാർക്കിടയിലേക്ക് ഫ്രഷ് കട്ട് കമ്പനിയുടെ വാഹനം കടത്തിവിടാൻ പൊലീസ് ശ്രമിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്.
കഴിഞ്ഞ ആറു വർഷക്കാലമായി രൂക്ഷമായ ദുർഗന്ധം സഹിക്കവയ്യാതെ വൃദ്ധരും ഗർഭിണികളും കുട്ടികളും അർധരാത്രി വരെ തെരുവിലിറങ്ങി ശക്തമായ സമര രംഗത്തായിരുന്നു.
രൂക്ഷമായ ദുർഗന്ധം പുറത്തുവരാതെ മാലിന്യം സംസ്കരിക്കുന്നതിൽ നിന്നും പ്ലാന്റ് അധികൃതരെ ആരും തടഞ്ഞിരുന്നില്ല. കോഴിക്കോടിന് പുറമേ വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുകൂടി കോഴി മാലിന്യം വഹിച്ചുകൊണ്ടുള്ള വാഹനം ഫ്രഷ്കട്ട് സ്ഥാപനത്തിലേക്ക് വരാൻ തുടങ്ങിയതോടെയാണ് ഉപരോധം ഉൾപ്പെടെയുള്ള സമരത്തിന് നിർബന്ധിതമായത്.
കട്ടിപ്പാറ പഞ്ചായത്ത് അനുമതി റദ്ദാക്കിയിട്ടും മന്ത്രി രാജേഷ് നേരിട്ട് ഇടപെട്ടാണ് സെക്രട്ടറി വഴി ലൈസൻസ് സാധ്യമാക്കിയത്. 42 ഫ്രഷ് കട്ട് സ്ഥാപനങ്ങളുമായി സമീകരിച്ച് ജനദ്രോഹ സ്ഥാപനത്തെ ന്യായീകരിച്ച മന്ത്രി ഇരകൾക്കൊപ്പമല്ല, ഉടമക്കൊപ്പമാണെന്നും എന്തു വിലകൊടുത്തും സമരം അടിച്ചമർത്തുമെന്നുമാണ് പറയാതെ പറഞ്ഞത്.
മാരകമായ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത പൊലീസ് ഫ്രഷ് കട്ട് ഉടമയെ സഹായിക്കാൻ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണ്. സർക്കാരിനെ കൂട്ടുപിടിച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഫ്രഷ് കട്ട് സ്ഥാപന ഉടമകൾ കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചത്. 30 ടൺ സംസ്കരിക്കാൻ ശേഷിയുള്ളിടത്താണ് 100 ടൺ സംസ്കരിച്ച് ജനങ്ങളെ വെല്ലുവിളിച്ചത്.
നാലു പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് സ്ഥാപനം കവരുന്നത്. കടലാസിൽ എല്ലാം ഭദ്രമാകുമ്പോഴും ഈ പ്രദേശത്ത് ജീവിതം ദുസ്സഹമായിരുന്നു.
ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമിതി ഗതികെട്ടാണ് പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. ഒരു പകൽ മുഴുവൻ സമാധാനപരമായി പ്രതിഷേധിച്ചവരിലേക്ക് റൂറൽ എസ്.പി കെ.ഇ ബൈജു വാഹനം കടത്തിവിടാൻ പൊലീസിന് നിർദേശം നൽകിയതാണ് പ്രശ്നത്തിന്റെ മൂലകാരണം.
സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ രക്ഷിക്കാനും വാഹനം തടയാനും ശ്രമിച്ചവർക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ടിയർ ഗ്യാസും ലാത്തിച്ചാർജും നടത്തിയത്. ക്രമസമാധാനം ഉറപ്പാക്കേണ്ട
പൊലീസാണ് സംഘർഷങ്ങൾക്ക് വഴിയൊരുക്കിയത്. സമരക്കാരുടെ ഭാഗത്ത് നിന്ന് അക്രമങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കില്ല.
എന്നാൽ, ഇവിടെ പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതും അക്രമ സംഭവങ്ങൾക്ക് കാരണക്കാരെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റൂറൽ എസ്പി കെ.ഇ.
ബൈജുവിനെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും പൊലീസിന്റെ ധിക്കാരവും സർക്കാരിന്റെ ഒളിച്ചുകളിയും അവസാനിപ്പിക്കണമെന്നും ജില്ലാ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

