കോഴിക്കോട് ∙ കൺമുന്നിൽ കാണുന്ന നേട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചുകൊണ്ട് എല്ലാ വികസനങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തുന്ന പ്രവണത കേരളത്തിൽ വർധിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും കഴിഞ്ഞാൽ വികസനത്തിനു വേണ്ടി ഒന്നിച്ചു നിൽക്കണമെന്നും എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുകയല്ല പ്രതിപക്ഷത്തിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.
കല്ലുത്താൻകടവിലെ ന്യൂപാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വികസനലക്ഷ്യങ്ങൾ നടപ്പാക്കിയതിന് ഉദാഹരണമാണ് ന്യൂ പാളയം മാർക്കറ്റ്.
വികസനം നടപ്പാക്കുന്നത് ആരെയും കുടിയൊഴിപ്പിച്ചുകൊണ്ടല്ല, മറിച്ച് ഏവരെയും പുരനധിവസിപ്പിച്ചുകൊണ്ടാണ് പദ്ധതി. തങ്ങൾക്ക് നേട്ടമുണ്ടായില്ല എന്ന ഒറ്റ കാരണം കൊണ്ടാകാം ചിലർ ഈ പദ്ധതിയെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമുച്ചയത്തിലെ മൾട്ടി ലെവൽ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 70,000 കോടി രൂപയുടെ വികസന പ്രവൃത്തികൾ സംസ്ഥാനത്ത് നടത്തിയതായി മന്ത്രി പറഞ്ഞു. സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും സർക്കാർ 0.5 ശതമാനം തുക തദ്ദേശസ്ഥാപനങ്ങൾക്കായി ഓരോ വർഷവും ക്രമാനുഗതമായി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
ഹോൾസെയിൽ ആൻഡ് ഓപ്പൺ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് നഗരവികസനത്തിന്റെ ഭാഗമായി 1000 കോടിയിലധികം രൂപ ചെലവഴിച്ച് നഗരത്തിൽ 12 പുതിയ ഡിസൈൻഡ് റോഡുകൾക്ക് സർക്കാർ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു. മാർക്കറ്റിലെ ബ്ലോക്കുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പാലം നിർമിക്കാൻ പൊതുമരാമത്ത് നിരാക്ഷേപ പത്രം നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മാർക്കറ്റിലെ കടകളുടെ താക്കോൽദാന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മേയർ ഡോ.
ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.
പി.ഗവാസ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഡോ.എസ്.ജയശ്രീ, പി.സി.രാജൻ, പി.കെ.നാസർ, പി.ദിവാകരൻ, കൃഷ്ണകുമാരി, സി.രേഖ, ഒ.പി.ഷിജിന, കൗൺസിലർമാരായ ഒ.സദാശിവൻ, എൻ.സി.മോയിൻ കുട്ടി, എസ്.എം.തുഷാര, കൺസ്യൂമർ ഫെഡ് ചെയർ പേഴ്സൺ എം.മെഹബൂബ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, മുൻ മേയർമാരായ ടി.പി.ദാസൻ, ഒ.രാജഗോപാൽ, എം.എം.പത്മവതി, കാഡ്കോ ചെയർമാൻ കെ.സി.മുജീബ് റഹ്മാൻ, എംഡി: അലി മാനൊടികയിൽ, വൈസ് ചെയർമാൻ ദീപക് ഇല്ലത്തുകണ്ടി, സെക്രട്ടറി കെ.യു.ബിനി, അഡി.സെക്രട്ടറി എൻ.കെ.ഹരീഷ്, മറ്റ് ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധിച്ച് വ്യാപാരികൾ
കോഴിക്കോട്∙ കല്ലുത്താൻകടവിൽ ന്യൂപാളയം മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ്, ഒരു കിലോമീറ്റർ അപ്പുറത്ത് പഴയ പാളയം മാർക്കറ്റിലെ വ്യാപാരികൾ കരിദിനം ആചരിച്ച് പ്രതിഷേധച്ചങ്ങല തീർത്തു. അവിടേക്ക് കല്ലുത്താൻകടവ് മാർക്കറ്റിനെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗം പ്രകടനമായി എത്തിയെങ്കിലും പൊലീസ് ഇടപെട്ട് സംഘർഷ സാധ്യത ഒഴിവാക്കി.
ചെറിയ തോതിൽ ഉന്തും തള്ളും പരസ്പരം കൂക്കിവിളിയും ഉണ്ടായി. മാർക്കറ്റ് പാളയത്തു തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചെയർമാൻ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
എ.ടി.അബ്ദു, നാസർ കരിമാടം, കെ.വി.അബ്ദുൽ ജലീൽ, എം.മുഹമ്മദ് ബഷീർ, പി.അബ്ദുൽ റഷീദ്, ടി.മുസ്തഫ, മനാഫ് കാപ്പാട് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

