തിരുവമ്പാടി എന്ന കുടിയേറ്റ നാടിന് സ്വന്തമായ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ വ്യക്തിത്വമാണ് മാർ ജേക്കബ് തൂങ്കുഴി. പാലായിലെ വിളക്കുമാടത്ത് ജനിച്ചു എങ്കിലും വൈദികനായ ശേഷം കുടുംബം മലബാറിലേക്ക് കുടിയേറിപ്പാർത്തതിനാൽ ഈ വ്യക്തി പ്രാഭവത്തെ സ്വന്തമാക്കുന്നതിനു ഭാഗ്യം ലഭിച്ച നാട് തിരുവമ്പാടി ആണ്.
1300 ഓളം ക്രിസ്തീയ കുടുംബങ്ങളുള്ള തിരുവമ്പാടി ഇടവകയ്ക്ക് അഭിമാനമാണ് ഈ ഇടവകാംഗമായ മാർ ജേക്കബ് തൂങ്കുഴി മെത്രാപ്പൊലീത്ത. ആത്മീയതയുടെ ശുശ്രൂഷയിൽ അദ്ദേഹത്തിന് തുല്യം ഉയരങ്ങൾ കീഴടക്കിയ മറ്റൊരു വ്യക്തിത്വം ഈ നാട്ടിൽ ഇല്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം തീർക്കുന്ന ശൂന്യതയ്ക്കും ദു:ഖത്തിനും തുല്യതയില്ല.
മലബാറിന്റെ ഇടയൻ
ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിപ്പിതാവാണ് തൂങ്കുഴിപ്പിതാവിന്റെ ചരിത്ര നിയോഗങ്ങൾ വഴിതിരിച്ചു വിട്ടത്. ചങ്ങനാശേരി രൂപതയ്ക്ക് വേണ്ടി വൈദിക പരിശീലനത്തിന് എത്തിയ ജേക്കബിനെ മലബാറിന്റെ ആത്മീയ പാലകൻ ആകുന്നതിന് ഇടയാക്കിയത് ക്രാന്തദർശിയായ വള്ളോപ്പിള്ളിപ്പിതാവിന്റെ ക്ഷണമാണ്.
തലശ്ശേരി രൂപതയ്ക്ക് വേണ്ടി 1956 ൽ വൈദികനായ അദ്ദേഹം രൂപതാ കേന്ദ്രത്തിൽ സെക്രട്ടറിയായും ചാൻസലറായും മൈനർ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു. 1973ൽ മാനന്തവാടി കേന്ദ്രമായി പുതിയ രൂപത സ്ഥാപിച്ചപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് തൂങ്കുഴിപ്പിതാവായിരുന്നു.
22 വർഷങ്ങളുടെ ചൈതന്യവത്തായ നേതൃത്വം മാനന്തവാടി രൂപതയെ വലിയ വളർച്ചയിലേക്ക് നയിച്ചു. 1995ൽ മാതൃ രൂപത ആയ താമരശ്ശേരിയിൽ രൂപത അധ്യക്ഷനായി അദ്ദേഹം എത്തി.
കേവലം ഒന്നര വർഷത്തെ ചെറിയ കാലഘട്ടമേ അദ്ദേഹത്തിന് ലഭിച്ചുള്ളൂ എങ്കിലും താമരശ്ശേരി രൂപതയിൽ ഇന്നും നിലനിൽക്കുന്ന സ്ഥായിയായ പല സംരംഭങ്ങളും അദ്ദേഹം തുടങ്ങിവച്ചതാണ്. 1997 തുടങ്ങി 2007 വരെ തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പൊലീത്ത ആയി.
ഭൂമിശാസ്ത്രം ഒന്ന് ശ്രദ്ധിച്ചാൽ അഭിവന്ദ്യ തൂങ്കുഴി പ്പിതാവ് നേതൃത്വം കൊടുത്ത ജനങ്ങൾ കേരളത്തിൽ തൃശൂർ തുടങ്ങി കാസർകോട് വരെ 6 ജില്ലകളിലും, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 7 രൂപതകളിലും അധിവസിക്കുന്നു. ഇത്ര വിശാലമായ ഒരു ഭൂപ്രദേശത്തെ ജനങ്ങൾക്ക് അജപാലകനായിരുന്ന മറ്റധികം മെത്രാന്മാർ ഉണ്ടാവില്ല.
സൗമ്യദീപ്തമായ വ്യക്തിത്വം
അടുത്ത് ഇടപെടുന്ന ആരെയും അദ്ഭുതപ്പെടുത്തുന്ന ശാന്തവും സൗമ്യവും ആയ പെരുമാറ്റം തൂങ്കുഴി പിതാവിന് സ്വന്തം ആയിരുന്നു.
വാക്കുകളിലെ വിനയവും ഇടപെടലുകളിലെ വിനീത ഭാവവും അദ്ദേഹത്തെ അനന്യ സാധാരണക്കാരനാക്കി. ഒരു അധികാരിയുടെ സ്വരത്തിന്റെ കണിശത അല്ല, മറിച്ച്, ഒരു പിതാവിന്റെ വാക്കുകളുടെ ഊഷ്മളതയും സ്നേഹവും ആണ് അദ്ദേഹവുമായുള്ള സംഭാഷണത്തിൽ അവശേഷിപ്പിക്കുന്നത്.
അഭിവന്ദ്യ തൂങ്കുഴിപ്പിതാവിനെ ഉന്നതനാക്കിയത് അദ്ദേഹത്തിനു ലഭിച്ച സ്ഥാനങ്ങൾ ആയിരുന്നില്ല. മറിച്ച് അദ്ദേഹത്തിന്റെ ലാളിത്യം ആയിരുന്നു.
അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ മുഖമുദ്ര പദവികൾ ആയിരുന്നില്ല. പകരം, പകർന്നു കൊടുക്കുന്ന സ്നേഹമായിരുന്നു.
ആരെയും മുറിപ്പെടുത്താതെ തന്റെ നിലപാടുകൾ പങ്കുവയ്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്യാദൃശ്യമാണ്. ആഴമേറിയ ആത്മീയത ഉള്ളവർക്ക് വിപരീത സാഹചര്യങ്ങളെ ശാന്തമായി നേരിടുവാൻ കഴിയും.
അദ്ദേഹത്തിന്റെ മുഖത്ത് ശോഭിച്ച ചൈതന്യം വ്യക്തി ജീവിതത്തിൽ കാത്തു സൂക്ഷിച്ചിരുന്ന പ്രാർഥന അരൂപിയുടെയും ആത്മീയതയുടെയും പ്രതിഫലനമായിരുന്നു.
തുങ്കുഴിപ്പിതാവും ‘കയ്റോസും’
69 വർഷം പുരോഹിതനായും അതിൽ 52 വർഷം മെത്രാനായും ജീവിച്ച അഭിവന്ദ്യ തൂങ്കുഴി പ്പിതാവിനെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഞാൻ കൂടുതൽ കാണാൻ ഇട വന്നതു തിരുവമ്പാടിയിലെ കയ്റോസ് എന്ന ഭവനത്തിൽ വച്ചാണ്.
പിതാവിന് സ്വന്തമായി ഉണ്ടായിരുന്ന സ്ഥലത്ത്, അദ്ദേഹം സ്ഥാപിച്ച ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഉള്ള കയ്റോസ് എന്ന ഭവനം. ഒട്ടേറെ കുട്ടികൾ അവിടെ താമസിച്ചു പഠിക്കുന്നു. പഠിക്കാനും പ്രാർഥിക്കാനും സ്വഭാവ രൂപവൽക്കരണത്തിനും ഇണങ്ങുന്ന നല്ല അന്തരീക്ഷം സൃഷ്ടിച്ച് കുട്ടികൾക്ക് വളരാൻ അവിടെ സാഹചര്യം ഒരുക്കിയിരിക്കുന്നു. തന്റെ മാതാപിതാക്കളായ കുര്യൻ-റോസമ്മ എന്നിവരുടെ സ്മരണയാണ് ‘Kai’-‘ros’.
വന്ദ്യ പിതാവ് അവിടെയെത്തി കുട്ടികളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. ആ കുഞ്ഞുങ്ങളെ പിതാവ് വളരെ സ്നേഹിച്ചു, അവർ തങ്ങളുടെ പിതാവിനെയും.
‘Kairos’ എന്ന ഗ്രീക്ക് വാക്കിന് ‘ദൈവം ആഗ്രഹിക്കുന്ന സമയം’ എന്ന വിവക്ഷ ഉണ്ട്. ദൈവം ആഗ്രഹിച്ചത് അവിടുന്ന് ആഗ്രഹിക്കുന്ന സമയത്ത് ചെയ്തു തീർക്കുന്നതിനു സ്വന്തം ജീവിതത്തെ സമർപ്പിച്ച വ്യക്തിയാണ് അഭിവന്ദ്യ തൂങ്കുഴി പിതാവ്.
ആയുസ്സും ആരോഗ്യവും ദൈവത്തിന്റെ ദാനമാണ്. അതു നൽകി വിശുദ്ധ വഴിയിലൂടെ ദൈവം അദ്ദേഹത്തെ നടത്തി.
വിശുദ്ധൻ തന്റെ വിശുദ്ധിയിൽനിന്ന് അമരത്വം നേടുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]