
കോഴിക്കോട്∙ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ് വിഭാഗത്തിനു മാത്രമായി ഒരു പുരസ്കാരം ഏർപ്പെടുത്തുന്നതു പരിഗണിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ഇറോ ട്രാഫെ ട്രാൻസ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ ട്രാൻസ് വിഭാഗത്തിനും സ്ത്രീ വിഭാഗത്തിനുമായി നൽകുന്ന അവാർഡ് ഒരു തവണ മാത്രമാണ് ട്രാൻസ് വിഭാഗത്തിനു ലഭിച്ചതെന്നും ഇതു പരിഹരിക്കണമെന്നും ഉദ്ഘാടനവേദിയിൽ ട്രാൻസ് അഭിനേത്രി റിയ ഈഷ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
സാംസ്കാരിക മന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും ആർ.ബിന്ദു പറഞ്ഞു.
സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്.നായർ അധ്യക്ഷനായിരുന്നു.
ട്രാൻസ് വിഭാഗത്തിലെ മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന പുരസ്കാര ജേതാവ് നേഘ, നടിയും ആക്ടിവിസ്റ്റുമായ എ.രേവതി, അഭിനേതാക്കളായ ശീതൾ ശ്യാം, നാദിറ മെഹറിൻ, സാന്ദ്ര ലാർവിൻ, സഞ്ജന ചന്ദ്രൻ, സംവിധായിക എസ്.ഏരിയൽ, സാമൂഹികനീതി വകുപ്പ് അഡീഷനൽ ഡയറക്ടർ കെ.ജലജ, അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് എന്നിവർ പ്രസംഗിച്ചു.
രാഷ്ട്രീയനിലപാടുള്ള ഏതൊരാൾക്കും സിനിമ ചെയ്യാം: ടി.ദീപേഷ്
കോഴിക്കോട്∙ സ്വന്തമായി രാഷ്ട്രീയനിലപാടുള്ള ഏതൊരാൾക്കും ഒരിത്തിരി പരിശ്രമിച്ചാൽ സിനിമ ചെയ്യാൻ കഴിയുമെന്ന് സംവിധായകൻ ടി.ദീപേഷ് പറഞ്ഞു. സാമൂഹിക നീതിവകുപ്പിന്റെ ‘ഇറോ ട്രാഫേ’ ട്രാൻസ്ജെൻഡർ ചലച്ചിത്രമേളയിൽ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പുരസ്കാര ജേതാക്കളായ ടി.ദീപേഷും ഷെറി ഗോവിന്ദനും സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂർ അഭിനയിച്ച അവനോവിലോനയാണ് ആദ്യ സിനിമയായി പ്രദർശിപ്പിച്ചത്.
പി.അഭിജിത്തിന്റെ സംവിധാനത്തിൽ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാൻസ് വുമൺ എ.രേവതിയുടെ ജീവിതം പറയുന്ന ‘ഞാൻ രേവതി’ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. ട്രാൻസ് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഉടലാഴം, ഇരട്ടജീവിതം, ഔട്ട്കാസ്റ്റ്, ന്യൂ നോർമൽ, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്ക്, ദാറ്റ്സ് മൈബോയ്, ജനലുകൾ, വി ആർ എലൈവ് എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]