
കോഴിക്കോട്∙ ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ഓണം ആഘോഷിക്കാൻ കേരളത്തിൽ നിന്നു വാഴയിലയും നേന്ത്രക്കായയും കടൽ കടന്നു തുടങ്ങി. കൊച്ചി തുറമുഖം വഴി, കണ്ടെയ്നറുകളിൽ ഇതിനകം പച്ചക്കറി അയച്ചുതുടങ്ങി.
കൊച്ചിയിൽ നിന്നു ദുബായിലേക്കു നേരിട്ടും ഗുജറാത്ത് മുന്ദ്ര തുറമുഖം വഴിയും പച്ചക്കറി അയയ്ക്കുന്നുണ്ട്.
സ്ഥിരം കയറ്റി അയയ്ക്കുന്ന പച്ചക്കറികൾക്കു പുറമേ, നേന്ത്രക്കായ, നേന്ത്രപ്പഴം, വെള്ളരി, ഞാലിപ്പൂവൻ പഴം എന്നിവയും വാഴയിലയും ഓണത്തിനായി കടൽ കടക്കും. കോഴിക്കോട് വിമാനത്താവളത്തിനു സമീപം പ്രവർത്തിക്കുന്ന പതിനഞ്ചോളം കയറ്റുമതി ഏജൻസികൾ കണ്ടെയ്നറുകളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ആഴ്ചയിൽ 250 ടൺ പച്ചക്കറികളാണ് ഒരാഴ്ച പൊതുവേ അയയ്ക്കാറ്.
ഓണത്തിന് ഇത് 500 ടൺ ആകും.
ദുബായിലേക്കു നേരിട്ട് ചരക്കു കപ്പൽ എത്താൻ 5 ദിവസവും മുന്ദ്ര വഴിയാണെങ്കിൽ 10 ദിവസവും എടുക്കും. 2.5 ലക്ഷം രൂപയാണ് 20 ടൺ വരുന്ന ഒരു കണ്ടെയ്നർ പച്ചക്കറിക്കുള്ള കടത്തു കൂലി.
കോഴിക്കോട്ടു നിന്നു റോഡ് മാർഗം കൊച്ചിയിൽ എത്തിച്ചാണു കയറ്റി അയയ്ക്കുന്നത്.
കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്കു വിമാനങ്ങളിൽ ഓണം സ്പെഷൽ പച്ചക്കറിയുടെ കയറ്റുമതി ഈ മാസം 25നോ 26നോ തുടങ്ങും. ഓണക്കാലത്ത്, 300 ടൺ പച്ചക്കറി കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് രാജ്യങ്ങളിലേക്കു മാത്രം കയറ്റുമതിയുണ്ടാകുമെന്നാണു കരുതുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് അടക്കമുള്ള 30 ടൺ ഓണം സ്പെഷൽ പച്ചക്കറി ഇതിനു പുറമേയാണ്.
ഇതെല്ലാം കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ മാത്രമല്ല. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികളാണു കൂടുതലും.
ചരക്കു വിമാനങ്ങളില്ലാത്തതിനാൽ, ചെറിയ യാത്രാ വിമാനങ്ങളിലാണു കോഴിക്കോട്ടു നിന്നുള്ള പച്ചക്കറികൾ കയറ്റിവിടുന്നത്. കോവിഡ് കാലത്ത് യാത്രാ വിമാനങ്ങൾ മുടങ്ങിയപ്പോൾ, പ്രവാസികൾക്കായി ഓണപ്പച്ചക്കറി പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ അയച്ച ചരിത്രവുമുണ്ട്, കോഴിക്കോട് വിമാനത്താവളത്തിന്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വലിയ യാത്രാവിമാനങ്ങളും ചരക്കു വിമാനങ്ങളുമുണ്ടെങ്കിൽ, പച്ചക്കറിയുടെ കയറ്റുമതി വൻ തോതിൽ വർധിക്കും.
കേരളത്തിൽ നിന്നുള്ള പച്ചക്കറിക്കു വിദേശങ്ങളിൽ അത്രയേറെ ആവശ്യക്കാരുണ്ട്
സുഫിയാൻ കാരി, ചെയർമാൻ, കെഎൻപി എക്സ്പോർട്സ്, കരിപ്പൂർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]