
വടകര ∙ വിഎസ് പക്ഷം എന്നു പറയുന്നത് പാർട്ടിക്ക് അകത്തെ പ്രശ്നമായിരുന്നെങ്കിലും വടകരയിൽ വലിയൊരു ജനപക്ഷം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മറ്റു സംസ്ഥാന നേതാക്കളെ അപേക്ഷിച്ച് ഇദ്ദേഹം വടകരയിൽ വന്നത് വളരെ കുറച്ച് ആണെങ്കിലും ഓരോ വേദിക്ക് മുൻപിലും എതിർ പാർട്ടികളുടെ അനുഭാവികളും പ്രസംഗം കേൾക്കാൻ എത്തുമായിരുന്നു.
പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്തുന്നതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഎസ് നിർബന്ധമായിരുന്നു.
ഏറ്റവും ഒടുവിൽ അദ്ദേഹം എത്തിയത് 2016ൽ കുന്നത്ത് കരയിൽ കെ.കെ.ലതികയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു. അതിനു തൊട്ടു മുൻപ് നഗരസഭ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനും എത്തിയിരുന്നു.മേമുണ്ട
ഹൈസ്കൂൾ ഇഎംഎസ് ബ്ലോക്ക് ഉദ്ഘാടനം, വടകര ഗവ.ആശുപത്രി ശിലാസ്ഥാപനം എന്നീ പരിപാടികൾക്കായിരുന്നു അതിനു മുൻപ് എത്തിയത്.
കല്ലാച്ചിയുടെ ഓർമയിൽ വിഎസ്
നാദാപുരം∙ 2001ൽ കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ബിനു കൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടിലെങ്ങും അക്രമങ്ങൾ ഉണ്ടായപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ നാദാപുരം മേഖലയിൽ എത്തിയത് സമാധാന സന്ദേശവുമായിട്ടായിരുന്നു. ബിനുവിന്റെ വീട്ടിലും സംഘർഷത്തെ തുടർന്ന് നഷ്ടം സംഭവിച്ച ഇടങ്ങളിലുമെല്ലാം എത്തിയ വി.എസ്, തീ വച്ചു നശിപ്പിച്ച വീടുകളും സ്ഥാപനങ്ങളുമൊക്കെ സന്ദർശിച്ചു.
അക്രമത്തെ സിപിഎം അംഗീകരിക്കുന്നില്ലെന്ന് പറയാനും വി.എസ്.സന്നദ്ധനായി. കർക്കശ സ്വഭാവക്കാരനെങ്കിലും വി.എസിന്റെ സമാധാനത്തിനായുള്ള വിട്ടുവീഴ്ചകൾ നാദാപുരത്തിന് ഏറെ പ്രയോജനം ചെയ്തതായി സിപിഎമ്മിന്റെ സമുന്നത നേതാവായ വി.പി.കുഞ്ഞിക്കൃഷ്ണൻ സ്മരിക്കുന്നു.
പലപ്പോഴും പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ വി.പി.കുഞ്ഞിക്കൃഷ്ണന്റെ വീട്ടിലായിരുന്നു വി.എസിനു ഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നത്.
വ്യത്യസ്തനായ കമ്യൂണിസ്റ്റ്: മുല്ലപ്പള്ളി
വടകര∙ അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവും ഉള്ള കമ്യൂണിസ്റ്റ് നേതാവിനെ ആണ് വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തോടെ നഷ്ടമായതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു. ആഭ്യന്തര സഹ മന്ത്രിയായ കാലത്ത് സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം വിളിക്കാറുണ്ടായിരുന്നു.
നാദാപുരത്ത് ബിഎസ്എഫ് ബറ്റാലിയൻ സ്ഥാപിക്കാൻ അരീക്കര കുന്നിൽ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ പൂർണമായും സഹകരിച്ച രണ്ടു പേരായിരുന്നു വിഎസും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും.
പാർട്ടി നിലപാട് തള്ളി വടകരയിൽ എത്തി കെ.കെ.രമയെ ആശ്വസിപ്പിച്ച വിഎസ് വ്യത്യസ്തനായ കമ്യൂണിസ്റ്റായി മാറുകയായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലപാടിൽ ഉറച്ച കമ്യൂണിസ്റ്റ്: ആർഎംപി
വടകര ∙ നയ വ്യതിയാനങ്ങൾക്കെതിരെ പ്രസ്ഥാനത്തിന് അകത്തും പുറത്തും പോരാടിയ ധീരനായിരുന്ന വി.എസ്.അച്യുതാനന്ദൻ എന്ന് ആർഎംപി. ടി.പി.ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നും അനശ്വര രക്തസാക്ഷി എന്നും വിശേഷിപ്പിച്ച വിഎസ് നേരിനു വേണ്ടിയുള്ള പോരാട്ടത്തെ സ്വീകരിച്ചു. യഥാർഥ കമ്യൂണിസ്റ്റുകാരെ പാർട്ടിയിൽ നിന്ന് അകറ്റിയ സംഘത്തിനെതിരെ ഒറ്റയാനായി ഉൾപാർട്ടി സമരം നയിച്ച കമ്യൂണിസ്റ്റ് എന്ന നിലയ്ക്കും വിഎസ് എന്നും ഓർമിക്കപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]