
കാഴ്ചപരിമിതിയിലും ശിഷ്യർക്ക് വീടൊരുക്കി പി.ടി.മുഹമ്മദ് മുസ്തഫ; ഒന്നല്ല, രണ്ടല്ല, ഇത് പതിമൂന്നാം തവണ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ കാഴ്ചപരിമിതി ഉണ്ടെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ ശിഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന വേറിട്ട അധ്യാപകൻ. അതാണ് പി.ടി.മുഹമ്മദ് മുസ്തഫ. മറ്റുള്ളവരെ അടുത്തറിയാനും സഹായിക്കാനും കാഴ്ചശക്തിയല്ല, മനസ്സിന്റെ തെളിച്ചമാണു വേണ്ടതെന്ന വലിയ പാഠം പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിക്കുകയാണു മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ നല്ലളം ചേനംകുഴി പറമ്പ് സുബൈദ മൻസിലിൽ മുഹമ്മദ് മുസ്തഫ.
ബാല്യത്തിൽ തന്നെ പിതാവ് മരിച്ചു. 14 –ാം വയസ്സിൽ കാഴ്ചയും ഇല്ലാതായി, ജീവിതം ഇരുളാണ്ട ആദ്യ നാളുകളിൽ പതറിയെങ്കിലും പരീക്ഷണങ്ങളെ നേരിടാൻ മനസ്സു കൊണ്ട് ഉറപ്പിച്ചു. അങ്ങനെ എല്ലാ പരീക്ഷണങ്ങളെയും മറികടന്നു, പരീക്ഷകൾ പലതു പാസായി. സർക്കാർ സ്കൂളിൽ അധ്യാപകനായി. വെല്ലുവിളികളെ തളരാതെ നേരിടണമെന്നു ജീവിതം കൊണ്ടു തന്നെയാണ് സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്ന മുഹമ്മദ് മുസ്തഫ മാഷ് മറ്റുള്ളവരെ പഠിപ്പിക്കുന്നതും. തന്നെപ്പോലെ ജീവിതത്തിൽ കടുത്ത പരീക്ഷണങ്ങൾ നേരിടുന്നവരെ സഹായിക്കാനും മാഷ് തയാറായി. അതിൽ പ്രധാനമാണു വീടില്ലാത്ത തന്റെ ശിഷ്യർക്കു വീടു നിർമിച്ചു നൽകുന്ന പ്രവൃത്തി. അങ്ങനെ നിർമിച്ച 13 –ാമത്തെ വീടിന്റെ താക്കോൽദാനം 25 നു രാവിലെ 11 നു പയ്യാനക്കൽ കോയവളപ്പിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
ലൈഫ് പദ്ധതിയിലെ 4 ലക്ഷം രൂപയും അൽ ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും സ്ക്വാഷ് മാത്തോട്ടത്തിന്റെയും സഹകരണവും കൊണ്ടാണു ‘അനുഗ്രഹ’ എന്ന വീട് നിർമിച്ചത്. 650 ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണു പത്താം ക്ലാസ് വിദ്യാർഥിനിക്കായി നിർമിച്ചത്. ഈ വിദ്യാർഥിനിയുടെ പിതാവ് നേരത്തെ മരിച്ചു. അമ്മയുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷ ഫലം വന്നപ്പോൾ 9 വിഷയങ്ങളിൽ എ പ്ലസ് നേടിയ മിടുക്കിയാണവൾ എന്നു ശിഷ്യയെക്കുറിച്ച് അഭിമാനത്തോടെ മാഷ് പറയുന്നു. നേരത്തെ 12 വിദ്യാർഥികൾക്കു വീട് നിർമിച്ചു നൽകിയിട്ടുണ്ട്.
നല്ലളം തോട്ടുങ്ങല്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, നല്ലളം തൃപ്തി റസിഡന്റ്സ് പ്രസിഡന്റ്, കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വം വഹിക്കുന്ന അദ്ദേഹം മീഞ്ചന്ത സ്കൂളില്‍ വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കനിവ് യൂണി്റ്റ് കോഓര്‍ഡിനേറ്ററാണ്. പരിമിതികളെ മറികടന്നു വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ പരിശീലനം നല്‍കാനും ഈ അധ്യാപകന്റെ നേതൃത്വമുണ്ട്. അക്ഷരാഭ്യാസം നേടാനാകാത്ത കാഴ്ച വൈകല്യമുള്ളവര്‍ക്ക് ബ്രെയില്‍ സാക്ഷരത യജ്ഞവും ഇദ്ദേഹം നടത്തുന്നു. തൊഴില്‍രഹിതരായ കാഴ്ച പരിമിതര്‍ക്ക് പെട്ടിക്കട ഒരുക്കി നല്‍കിയും കാരുണ്യപ്രവര്‍ത്തനം നടത്തുന്നു. രക്ഷിതാക്കള്‍ മരിച്ച 33 വിദ്യാര്‍ഥികളുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനു അല്‍ ഇഹ്സാന്‍ പദ്ധതിക്കും നേതൃത്വം നല്കുന്നു. അർഹിക്കുന്നവർക്കു കഴിയുന്ന സഹായം ചെയ്യുക എന്ന നല്ല പാഠമാണ് സ്വജീവിതത്തിലൂടെ ഈ അധ്യാപകൻ സമൂഹത്തിനു പകരുന്നതും.