കോഴിക്കോട് ∙ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 1250ൽ ഏറെ പക്ഷികളെ കൊന്നൊടുക്കി. 250 മുട്ട, 100 കിലോ പക്ഷിത്തീറ്റ എന്നിവയും നശിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ അടങ്ങുന്ന 20 സ്ക്വാഡുകളാണ് പ്രവർത്തനം നിയന്ത്രിച്ചത്. കൊന്നൊടുക്കിയ പക്ഷികളെ അതതു തദ്ദേശ സ്ഥാപന പരിധിയിൽ സംസ്കരിച്ചു.
ചില സ്ഥലങ്ങളിൽ നാട്ടുകാർ സ്ക്വാഡിനോട് നിസ്സഹകരിച്ചതായി പരാതിയുണ്ട്. ഒളവണ്ണ ഭാഗത്ത് സ്ക്വാഡ് അംഗങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
അതുകൊണ്ട്, ഇന്നു മുതൽ പൊലീസ് സംരക്ഷണത്തോടെ പ്രവർത്തനം നടത്താനാണ് തീരുമാനമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസർ പറഞ്ഞു.
നിർദേശങ്ങൾ
ജില്ലയിലെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി (H5N1) റിപ്പോർട്ട് ചെയ്തതിനാൽ വളർത്തു പക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.കെ.രാജാറാം അറിയിച്ചു.
പക്ഷികൾ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കണം. പക്ഷികളുടെ കാഷ്ഠമോ മറ്റു സ്രവങ്ങളോ ശരീരത്തിൽ വീഴുകയോ മൃതശരീരം തൊടുകയോ ചെയ്യേണ്ടിവന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുകയോ കുളിക്കുകയോ വേണം.
വളർത്തു പക്ഷികളുടെ കൂട് വൃത്തിയാക്കുമ്പോഴും മുട്ട, മാംസം എന്നിവ കൈകാര്യം ചെയ്യുമ്പോഴും മാസ്കും നീളമുള്ള കയ്യുറയും ധരിക്കണം.
എന്താണ് പക്ഷിപ്പനി?
പ്രത്യേകയിനം വൈറസ് കാരണമുണ്ടാകുന്ന പകർച്ചാ രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ലുവൻസ. പക്ഷികളിൽനിന്നു പക്ഷികളിലേക്കാണ് ഇത് പകരാറുള്ളത്.
പക്ഷികളിൽനിന്നു മനുഷ്യരിലേക്ക് പകരാനും ഇടയുണ്ട്. മനുഷ്യരിലെ രോഗം ഗുരുതരമായേക്കാം.
അതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിത അകലം പാലിക്കണം. രോഗബാധയേറ്റ കോഴി, താറാവ്, വളർത്തു പക്ഷികൾ എന്നിവയെ പരിപാലിക്കുന്നവർ, അടുത്ത സമ്പർക്കം പുലർത്തുന്നവർ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്ററിനറി ഡോക്ടർമാർ, രോഗ നിയന്ത്രണത്തിനായി പക്ഷികളെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ, സഹായികൾ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, മൂക്കൊലിപ്പ്, കഫത്തിൽ രക്തം കാണുക എന്നിവയാണ് മനുഷ്യരിലെ രോഗലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലുള്ളവർ കോഴി, താറാവ്, കാട
തുടങ്ങിയ വളർത്തു പക്ഷികളുമായി കഴിയുന്നതും അകലം പാലിക്കുക. വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
മുട്ട, മാംസം എന്നിവ നന്നായി സമയമെടുത്ത് വേവിച്ച് (70 ഡിഗ്രി സെൽഷ്യസിൽ അര മണിക്കൂർ) മാത്രം കഴിക്കുക. ഓംലറ്റ്, ബുൾസ്ഐ എന്നിങ്ങനെ കുറഞ്ഞ സമയം മാത്രം എടുത്തു പാകം ചെയ്യുന്ന മുട്ട
വിഭവങ്ങൾ കഴിക്കരുത്. പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

