കോഴിക്കോട്∙ സമൂഹ മാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ പൊലീസ് പിടികൂടിയതിൽ അടിമുടി നാടകീയത. ഷിംജിതയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധം ഉയർന്നതോടെ പ്രതിഷേധക്കാരെ തന്ത്രപരമായി കബളിപ്പിച്ചാണു പിടികൂടിയതും കോടതിയിൽ എത്തിച്ചതും.
അറസ്റ്റ് ചെയ്തു വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതു വരെ മാധ്യമങ്ങളിൽ നിന്നു നടപടികൾ മറച്ചു വയ്ക്കാനും പൊലീസിനു സാധിച്ചു.
യുവതിയിൽ നിന്നു തുടക്കത്തിൽ തന്നെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്നലെ പൊലീസിന്റെ നാടകീയ നീക്കം ഉണ്ടായത്. ഷിംജിതയ്ക്കു രക്ഷപ്പെടാൻ അവസരം നൽകുകയാണു പൊലീസെന്ന് ആരോപണം ഉയർന്നു.
അവർ വിദേശത്തേക്കു കടന്നതായി വരെ പ്രചാരണമുണ്ടായി. അതേസമയം, നാട്ടിൽ തന്നെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു.
സൈബർ പൊലീസിന്റെ പ്രാഥമികാന്വേഷണം കഴിയുംവരെ ബന്ധുവീട്ടിൽ തന്നെയുണ്ടാകണമെന്ന പൊലീസ് നിർദേശത്തെ തുടർന്നായിരുന്നു ഇത്.
അതേസമയം, യുവതി മുൻകൂർ ജാമ്യാപേക്ഷ നൽകിയതോടെ പൊലീസ് ജാഗരൂകമായി. ഔദ്യോഗിക വാഹനം ഒഴിവാക്കി പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽ വടകരയിൽ എത്തി 12 മണിയോടെ ഷിംജിതയെ കസ്റ്റഡിയിലെടുത്തു. മഫ്ടിയിലായിരുന്ന പൊലീസുകാർ, വിശദീകരണം തേടാനെന്നു പറഞ്ഞാണു കസ്റ്റഡിയിലെടുത്തത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചത് രോഗിയെ കൊണ്ടുവരുന്ന രീതിയിലായിരുന്നു. വിവരം അറിഞ്ഞു മാധ്യമങ്ങൾ എത്തിയതോടെ പൊലീസ് വീണ്ടും അടവ് മാറ്റി.
കേസെടുത്ത മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിക്കുന്നതിനു പകരം, നേരെ കുന്നമംഗലം കോടതിയിൽ എത്തിച്ചു. ഇതിനു തൊട്ടു മുൻപു സ്വകാര്യകാറിൽ നിന്നു പൊലീസ് ജീപ്പിലേക്കു പ്രതിയും പൊലീസ് ഉദ്യോഗസ്ഥരും മാറിക്കയറി. പൊലീസുകാർ യൂണിഫോമിലേക്കു മാറിയതും ഇതിനിടയിലാണ്.
ഷിംജിതയെ ഹാജരാക്കുന്നതിനു മുന്നോടിയായി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും പരിസരത്തും കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. കറുത്ത ബുർഖ ധരിച്ചാണു ഷിംജിതയെ കോടതിയിൽ ഹാജരാക്കിയത്. ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
വൈദ്യപരിശോധനയ്ക്ക്സ്വകാര്യ കാറിൽ
കൊയിലാണ്ടി∙ വടകരയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം താലൂക്ക് ആശുപത്രിയിൽ ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതു സ്വകാര്യ കാറിൽ.
3 മണിക്കാണു ഷിംജിതയെ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. കാറിൽ നിന്നു പുറത്തിറങ്ങുമ്പോൾ പർദയും മുഖത്ത് മാസ്കും ധരിച്ചതിനാൽ താലൂക്ക് ആശുപത്രി പരിസരത്തുള്ള ആരും തിരിച്ചറിഞ്ഞിരുന്നില്ല.
മഫ്തിയിൽ ഒരു വനിതാ പൊലീസും ഒരു പുരുഷ പൊലീസുമാണ് ഷിംജിതക്കൊപ്പം അകത്തു പ്രവേശിച്ചത്.
10 മിനിറ്റിനുള്ളിൽ തന്നെ വൈദ്യ പരിശോധന പൂർത്തിയായി. ഇതിനുള്ളിൽ ചുരുക്കം ചില മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് സ്ഥലത്തെത്തി.
ഷിംജിത പുറത്തേക്കു വരുന്നതു മാധ്യമ പ്രവർത്തകർ പകർത്തി. പൊതുജനങ്ങളാരും ഷിംജിതയെ തിരിച്ചറിഞ്ഞില്ല.
പുറത്തിറങ്ങിയ ഉടൻ പൊലീസിനൊപ്പം കാറിനടുത്തേക്ക് നീങ്ങുകയും ഉടനെ അവിടെ നിന്നു പോകുകയുമായിരുന്നു. പ്രതിക്കു വിഐപി പരിഗണന ലഭിച്ചെന്നും പെറ്റി കേസിൽ പോലും കയ്യാമം വച്ചു കൊണ്ടു പോകുന്ന പൊലീസ് പ്രതിയെ വിഐപി പരിഗണന നൽകിയ സംഭവം അന്വേഷിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ജനം തടിച്ചുകൂടി; ഗതാഗതം കുരുങ്ങി
ചേവായൂർ∙ ഷിംജിതയെ കാണാൻ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ജനങ്ങൾ തടിച്ചു കൂടിയതോടെ, ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക്. ഉച്ചയ്ക്ക് രണ്ടരയോടെ മാധ്യമ പ്രവർത്തകർ എത്തിയതോടെയാണ് ആളുകൾ വിവരം അറിഞ്ഞത്. തടിച്ചുകൂടിയവരിൽ ഭൂരിപക്ഷം പേരും ഷിംജിതയ്ക്കു നേരെ പ്രതിഷേധിക്കാൻ എത്തിയതായിരുന്നു. ബിജെപി പ്രവർത്തകരും ഇവിടെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതു സ്റ്റേഷൻ മുറ്റത്തു വലിയ ജനക്കൂട്ട
ഉണ്ടാക്കാനിടയാക്കി.
ബിജെപി സിറ്റി പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു, കൗൺസിലർമാരായ ടി.റെനിഷ്, ഇന്ദിരാ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തകരെത്തിയത്. പക്ഷേ, വടകരയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനിൽ കൊണ്ടുവരാതെ നേരെ കുന്നമംഗലം കോടതിയിൽ ഹാജരാക്കുകയായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചാൽ സംഘർഷം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. മെഡിക്കൽ കോളജ് എസ്ഐ വി.ആർ.അരുണിന്റെ സ്വകാര്യ കാറിലാണ് പ്രതിയെ കൊണ്ടുപോയതെന്നും ഐടി ആക്ട് പ്രകാരമുള്ള കേസ് കൂടി എടുക്കണമെന്നും കെ.പി.പ്രകാശ്ബാബു ആവശ്യപ്പെട്ടു.
മഞ്ചേരിയിലും പ്രതിഷേധം
മഞ്ചേരി ∙ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഷിംജിത മുസ്തഫയെ മഞ്ചേരി സ്പെഷൽ സബ് ജയിലിൽ എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വൻ പൊലീസ് സന്നാഹത്തോടെ ഇന്നലെ വൈകിട്ട് 7ന് ജയിലിൽ പ്രവേശിപ്പിച്ചു.സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു സമൂഹമാധ്യമത്തിൽ ഇവർ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു ദീപക് ജീവനൊടുക്കിയത്.
കോഴിക്കോട്ട് റിമാൻഡിലായ പ്രതിയെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും സ്ക്രീനിങ് ടെസ്റ്റും നടത്തിയാണ് മഞ്ചേരിയിൽ എത്തിച്ചത്.
ഷിംജിത എത്തുന്നതറിഞ്ഞ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജയിൽ പരിസരത്തു തടിച്ചുകൂടി. മെഡിക്കൽ കോളജ് പൊലീസിന്റെ വാഹനം എത്തിയോടെ പ്രതിഷേധക്കാർ വാഹനം വളഞ്ഞു. സമരക്കാരെ തള്ളിമാറ്റിയാണ് പ്രതിയെ പൊലീസ് ജീപ്പിൽനിന്ന് ഇറക്കിയത്.
പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ നീക്കാൻ പൊലീസ് പാടുപെട്ടു.
ഇതിനിടെ പത്ര ഫൊട്ടോഗ്രഫർമാരെ തടയാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി.
സ്പെഷൽ സബ് ജയിലിലെ വനിതാ സെല്ലിലാണ് ഷിംജിതയെ പാർപ്പിച്ചത്.
വീട്ടിലെത്തി ആശ്വസിപ്പിച്ച് പന്ന്യൻ
കോഴിക്കോട്∙ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ‘‘ഒരു തെറ്റും ചെയ്യാത്ത ചെറുപ്പക്കാരനാണു വിട്ടുപിരിഞ്ഞത്. ഒരാളെ പ്രതിയാക്കി വലിയ ആളാകാൻ നോക്കിയപ്പോൾ, ഒരു ചെറുപ്പക്കാരന്റെ ജീവനാണ് ഇല്ലാതായത്.
ജാഗ്രതയോടെയുള്ള സമീപനം സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഭാഗത്തു നിന്നുണ്ടാകണം. അനാഥരാക്കപ്പെട്ട
മാതാപിതാക്കളെ ചേർത്തുപിടിക്കണം.’ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, മണ്ഡലം സെക്രട്ടറി പി.അസീസ് ബാബു, എഐവൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത് കോറോത്ത്, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി.ദർശിത്. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ സാറ ജാഫർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി.പ്രേംകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച ദീപക്കിന്റെ കുടുംബത്തെ സർക്കാർ സഹായിക്കണമെന്നു സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
വയോധികരായ മാതാപിതാക്കളുടെ ഭാവി ജീവിതം ചോദ്യചിഹ്നമാണ്. കുടുംബത്തിനു സർക്കാരിന്റെ പൂർണ സഹായവും പിന്തുണയും ഉണ്ടാകണം.’ സിപിഐ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

