സന്ദേശം സിനിമയെക്കുറിച്ച് പരാമർശിക്കാത്ത ഒരു തിരഞ്ഞെടുപ്പുകാലം പോലും മലയാളികൾക്കില്ല. ഇതൊന്നും റാഡിക്കലായിട്ടുള്ള മാറ്റമല്ലെന്നും പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്നുമൊക്കെ പറയാത്ത മലയാളികളില്ല.
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കിയ സന്ദേശം പൂർണമായും ചിത്രീകരിച്ചത് കോഴിക്കോട്ടെ എലത്തൂരിലാണ്. എലത്തൂർ കോരപ്പുഴ പാലത്തിനടുത്ത് ഇടതുവശത്തുള്ള ചെറൂടി മാട്ടുവയൽ തറവാട്ടിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
എലത്തൂരിലെ പഴയകാല ജന്മിമാരായ സിഎംസി കുടുംബത്തിന്റെ തറവാട് വീടുകളിലൊന്നാണിത്.
സിനിമയിൽ തിലകൻ അവതരിപ്പിക്കുന്ന രാഘവൻനായരെന്ന കഥാപാത്രം താമസിക്കുന്ന ഈ വീട്ടിലാണ്, രാഘവൻനായരുടെ മക്കളായ ആർഡിപി നേതാവ് പ്രഭാകരൻ കോട്ടപ്പള്ളിയും ഐഎൻഎസ്പി നേതാവ് പ്രകാശനും താമസിക്കുന്നത്.കെ.ജി.പൊതുവാൾജി ദേശീയനേതാവ് യശ്വന്ത് സഹായ്ജിയുമായി വന്നുകയറുന്നത് ഇതേ വീട്ടിലാണ്. ചാത്തുനായരുടെ കൊലപാതകത്തിലെ പ്രതിയെ, വിപ്ലവകാരിയായ പ്രഭാകരൻ ഒളിപ്പിച്ചു താമസിപ്പിക്കുന്നത് ഇതേ വീടിന്റെ മച്ചിലാണ്. ഈ വീടിന്റെ മുക്കുംമൂലയും അടുത്തറിയാവുന്ന ശ്രീനിവാസൻ വീടിനെയും കഥാപാത്രമാക്കിയാണ് സന്ദേശം സിനിമ എഴുതിയതെന്ന് ഈ വീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ സി.എം.ഗോകുൽദാസ് ഓർക്കുന്നു.
സന്ദേശം സിനിമയ്ക്കു മുൻപ് ഇവിടെ ശ്രീനിവാസൻ തിരക്കഥയെഴുതിയ വെള്ളാനകളുടെ നാട് എന്ന സിനിമ ചിത്രീകരിച്ചിരുന്നു.
അന്ന്, ശ്രീനിവാസൻ എഴുതാനുപയോഗിച്ചിരുന്ന മുറിയിൽ ഒരു മച്ചുണ്ടെന്നത് ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം സന്ദേശം സിനിമയുടെ ചിത്രീകരണത്തിന് എത്തിയപ്പോൾ ശ്രീനിവാസൻ ഓർത്തെടുത്ത് ചോദിക്കുകയായിരുന്നുവെന്നും ഗോകുൽദാസ് പറഞ്ഞു.
പിന്നീട്, പലപ്പോഴും ഇതുവഴി ശ്രീനിവാസൻ വന്നിട്ടുണ്ട്. എക്കാലത്തും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗോകുൽദാസ് പറഞ്ഞു.
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലൂടെ
മോഹൻലാലിനെ ജനകീയ നടനാക്കി മാറ്റിയ സിനിമകളിൽപ്പെട്ടതാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്.
ശ്രീനിവാസന്റെ ആദ്യകാല ഹിറ്റ് സിനിമകളിലൊന്നായ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ പ്രധാന ലൊക്കേഷൻ വെസ്റ്റ്ഹിൽ ഭട്ട്റോഡിലെ ഗാന്ധിനഗർ കോളനിയാണ്. ഇവിടെ തുറന്നുകിടന്ന മൈതാനത്ത് ഇപ്പോൾ ഒരു പൊതുസ്റ്റേജുണ്ട്.
മറ്റു മാറ്റങ്ങളൊന്നും കോളനിക്കു സംഭവിച്ചിട്ടേയില്ല. മൈതാനത്താണ് മോഹൻലാലിന്റെ രാംസിങ് ടെന്റടിച്ച് താമസിച്ചത്.
ഇതിനോടു ചേർന്ന കുറ്റിയിൽ വീട്ടിലാണ് ശ്രീനിവാസന്റെ കഥാപാത്രം ആദ്യം തന്റെ ഓഫിസ് പ്രവർത്തിപ്പിച്ചിരുന്നത്. പിന്നീട് കള്ളന്റെ വേഷം കെട്ടി പിടിക്കപ്പെട്ടതും ഇതേ റോഡിൽവച്ചാണ്.
ശ്രീനിവാസന്റെ കഥാപാത്രം ഒഴിഞ്ഞ വീട്ടിലാണ് നായികയായ കാർത്തിക പിന്നീട് വന്ന് താമസമാക്കുന്നത്.
വെസ്റ്റ്ഹിൽ, ഈസ്റ്റ്ഹിൽ ഭാഗങ്ങളിൽ ചിത്രീകരിച്ച സിനിമയിലെ അങ്കണവാടിയായി ഷൂട്ട് ചെയ്ത ചക്കോരത്തുകുളത്തെ ടൈനി ടോട്സ് നഴ്സറി സ്കൂളിനും ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. തിരുവനന്തപുരം ജവാഹർ നഗറിനുശേഷം സംസ്ഥാനത്ത് നിർമിച്ച രണ്ടാമത്തെ ഹൗസിങ് കോളനിയാണ് ഗാന്ധിനഗർ.
അക്കാലത്ത് ഹൗസിങ് കോളനിയുമായി ബന്ധപ്പെട്ട കഥയെഴുതാനാണ് ശ്രീനിവാസൻ ഇവിടെയെത്തിയത്.
വിവിധ വീടുകളിലെ താമസക്കാരുമായി ചർച്ച ചെയ്താണ് ഇവിടെയിരുന്ന് സീനുകളെഴുതിയതെന്നും ഗാന്ധിനഗറിലെ താമസക്കാരനായ സുന്ദർ രാജൻ പറഞ്ഞു.
മിഥുനത്തിന്റെ ലാൻഡ് സ്കേപ്പ്
ഒരു സംരംഭകനാവാൻ പ്രയത്നിച്ച് ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സേതുവിന്റെ കഥയാണ് മിഥുനത്തിലൂടെ ശ്രീനിവാസൻ പറഞ്ഞത്. എലത്തൂർ കോരപ്പുഴയ്ക്കപ്പുറം കാട്ടിലപ്പീടികയ്ക്കു സമീപത്തെ കല്ലുംപുറത്തുവീട്ടിലാണ് മിഥുനം പൂർണമായും ചിത്രീകരിച്ചത്.
തിക്കുറിശ്ശിയും മോഹൻലാലും ജഗതിയും ഇന്നസെന്റുമൊക്കെ താമസിക്കുന്ന തറവാട്ടുവീട് ഇതായിരുന്നു. സിനിമയുടെ ചിത്രീകരണസമയത്ത് വീടിന്റെ പിൻവശത്തുള്ള മുറിയിലിരുന്ന് ശ്രീനിവാസൻ തിരക്കഥ തിരുത്തുന്നത് അന്നു കൗതുകത്തോടെ കണ്ടുനിന്നതായി വീട്ടിലെ ഇപ്പോഴത്തെ താമസക്കാരിയായ കല്ലുംപുറത്ത് ഉമ പറഞ്ഞു.
അക്കാലത്ത് വീടിന്റെ പിൻവശത്ത് വലിയൊരു തെങ്ങിൻതോപ്പും അതിനപ്പുറത്ത് മൈതാനവുമായിരുന്നു.അതിനുമപ്പുറത്ത് നോക്കിയാൽ കാണുന്ന ദൂരത്തിലുള്ള വീടാണ് ഉർവശിയുടെ വീടായി ചിത്രീകരിച്ചത്.
കാമുകിയെ പായയിൽകെട്ടി മോഹൻലാലിന്റെ സേതുവും ശ്രീനി അവതരിപ്പിച്ച കൂട്ടുകാരൻ പ്രേമനും ചുമന്നുകൊണ്ടുവന്നത് ആ മൈതാനത്തുകൂടിയാണെന്നും ഉമ പറഞ്ഞു. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ഇന്ത്യൻ റുപ്പിയുമടക്കമുള്ള ഒട്ടേറെ സിനിമകൾ ഇവിടെ ചിത്രീകരിച്ചു.
ഏറ്റവുമൊടുവിൽ ഹൗഡിനിയെന്ന സിനിമയാണ് ഇവിടെ ഷൂട്ട് ചെയ്തത്. ഉമയും ഭർത്താവ് സുരേഷ്കുമാറും മകൻ ഷിഗിലുമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.
നാടോടിക്കാറ്റ് വീശിയ ഈസ്റ്റ്ഹിൽ
മലയാളികളുടെ നാവിൻതുമ്പിൽ തഗ് ഡയലോഗുകളുമായി ദാസനും വിജയനും അഴിഞ്ഞാടിയ നാടോടിക്കാറ്റിന്റെ പ്രധാന ലൊക്കേഷൻ ഈസ്റ്റ്ഹിൽ, ചക്കോരത്തുകുളം ഭാഗമായിരുന്നു.
തൊഴിലന്വേഷിച്ച് നടക്കുന്ന ദാസനും വിജയനും പശുവിനെ വാങ്ങിയതും പാൽവിൽക്കാൻ ചായക്കടയിൽ പോവുന്നതുമെല്ലാം ചിത്രീകരിച്ചത് ഈസ്റ്റ്ഹില്ലിലും വെസ്റ്റ്ഹിൽ പോളി പരിസരത്തുമാണ്. ശ്രീനിവാസൻ എഴുതിയ വെള്ളാനകളുടെ നാട്ടിലെ ‘താമരശ്ശേരിച്ചൊരം’ അടക്കമുള്ള സീനുകളും ഈസ്റ്റ്ഹില്ലിലും പിഡബ്ല്യുഡി ഗെസ്റ്റ്ഹൗസിലുമായാണ് ചിത്രീകരിച്ചത്. ഇങ്ങനെ ശ്രീനിവാസനെഴുതിയതും അഭിനയിച്ചതുമായ അനേകം സിനിമകളുടെ ലൊക്കേഷൻ കോഴിക്കോടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

