രാമനാട്ടുകര∙ ആവർത്തിച്ചുള്ള ദുരന്തങ്ങൾ പാഠമാക്കാതെ നിരത്തിൽ സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. സമയക്രമത്തെ ചൊല്ലി മത്സരിച്ച് ഓടിയെത്തുന്ന ബസുകൾ റോഡ് കുരുതിക്കളമാക്കുകയാണ്.
എല്ലാ വേഗ പരിധികളും ലംഘിച്ചുള്ള ചില ബസുകളുടെ കുതിപ്പിന് മൂക്കുകയറിടാൻ നടപടിയില്ലാത്തതിനാൽ യാത്രക്കാർ ഭീതിയിലാണ്.ഇന്നലെ വൈകിട്ട് ഒൻപതാം മൈൽസ് പെരുമുഖം റോഡ് ജംക്ഷനു സമീപം ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന്റെ കൺമുന്നിലാണ് വീട്ടമ്മ മരിച്ചത്. അയൽക്കാരിയുടെ ബന്ധുവിന്റെ ഫറോക്ക് ചുങ്കത്തുള്ള മരണ വീട്ടിൽനിന്നു മടങ്ങുന്നതിനിടെ പള്ളിക്കൽ ചെട്ട്യാർമാട് കള്ളിക്കൂട്ടത്തിൽ കെ.എം.അബൂബക്കറിന്റെ ഭാര്യ തസ്ലീമ(55)യാണ് ദേഹത്ത് ബസ് കയറി മരിച്ചത്.
കോഴിക്കോട്–മഞ്ചേരി റൂട്ടിലോടുന്ന ടീപീസ് ബസും കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന റൊസാരിയോ ബസും മത്സരിച്ചാണ് നഗരത്തിലേക്ക് വന്നത്.
അമിത വേഗത്തിൽ എത്തിയ ടീപീസ് ബസാണ് സ്കൂട്ടറിനെ മറികടന്നു പോകുന്നതിനിടെയാണ് തട്ടിയത്. അപകടമുണ്ടായ ഉടൻ ടീപീസ് ബസ് ഡ്രൈവർ ഇറങ്ങിയോടി.
ഇരു ബസുകളും ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഡറുള്ള പെരുമുഖം റോഡ് ജംക്ഷൻ പരിസരത്ത് പല വിധത്തിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗം കുറയ്ക്കാൻ ബസ് ഡ്രൈവർമാർ തയാറാകുന്നില്ല.
ബസുകളുടെ മത്സരയോട്ടത്തിന് എതിരെ അപകട സ്ഥലത്ത് ജനരോഷം ഉയർന്നു.
അതിവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യബസുകൾ കുതിച്ചു പായുന്നത് കാൽനട യാത്രക്കാരുടെ ജീവനു ഭീഷണിയായിട്ടുണ്ട്. നഗരത്തിൽ ബസ് സ്റ്റാൻഡ് കവാടത്തിൽ ബസുകളുടെ വരവു കണ്ട് ജീവനും കൊണ്ടോടുകയാണു ജനം.
അപകടങ്ങൾ പതിവായിട്ടും ട്രാഫിക് പൊലീസും മോട്ടർ വാഹന വകുപ്പും ബസുകളുടെ വേഗ പരിശോധന നടത്തുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്.ശ്രീജിത്ത്, ഫറോക്ക് എസ്ഐ എസ്.അനൂപ്, എയ്ഡ് പോസ്റ്റ് എസ്ഐ എം.രാജശേഖരൻ എന്നിവർ എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

