തിരുവമ്പാടി ∙ കൃഷിവകുപ്പിന്റെ കാണാതായ ട്രാക്ടർ 2 വർഷത്തിനു ശേഷം കർണാടക അതിർത്തിയിൽ നിന്ന് പൊലീസ് സഹായത്തോടെ കണ്ടെത്തി നാട്ടിൽ എത്തിച്ചു. ട്രാക്ടർ കാണാതായതു മലയാള മനോരമ റിപ്പോർട്ട് ചെയ്തതിനെ തുടർന്നു കൃഷി വകുപ്പ് അധികൃതരും പൊലീസും ഇടപെട്ടാണു കണ്ടെത്തിയത്.
തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ കെ.പ്രജീഷിന്റെ മേൽനോട്ടത്തിൽ എഎസ്ഐ കെ.ടി.ജതീർ, സീനിയർ സിപിഒ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ട്രാക്ടർ കൊണ്ടുവരാൻ പോയത്.
കൊടുവള്ളി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലുള്ള ട്രാക്ടർ 2023 ഡിസംബർ 28നാണു കാണാതായത്. കുറ്റ്യാടി സ്വദേശിയായ ടെക്നിഷ്യൻ എൻ.പി.ഷൈജിത് കുറ്റ്യാടിയിൽ കൃഷിപ്പണി ചെയ്യാൻ വാഹനം കൊണ്ടുപോയ ശേഷം 2 വർഷമായിട്ടും വിവരം ഇല്ലായിരുന്നു. അയാൾ മറ്റൊരു ഡ്രൈവർക്ക് ഇത് പ്രവർത്തിപ്പിക്കാൻ കൊടുത്തു.
അയാൾ കർണാടക അതിർത്തിയിൽ കൊണ്ടുപോയി മറ്റൊരാൾക്ക് ജോലിക്കായി നൽകി. ഇതിനിടയിൽ ട്രാക്ടർ മറ്റൊരാൾ മോഷ്ടിച്ചതായും പറയപ്പെടുന്നു.
മനോരമ വാർത്തയെ തുടർന്ന് കൃഷി അസി.ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും പൊലീസുമായി ബന്ധപ്പെട്ടു ട്രാക്ടർ വീണ്ടെടുക്കാൻ തുടങ്ങി. ബാവലിക്ക് സമീപം കബനീ നദിക്കരയിലെ കൃഷിയിടത്തിലാണു ട്രാക്ടർ ഉണ്ടായിരുന്നത്.
കരാറുകാർ തമ്മിൽ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അവസാനം ജോലി എടുത്ത ഡ്രൈവർ ട്രാക്ടർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു.
1000 മണിക്കൂർ ജോലി എടുത്തതിന്റെ പണം കിട്ടിയാലേ ട്രാക്ടർ വിട്ടുകൊടുക്കൂവെന്നാണ് ഇത് കൈവശമുണ്ടായിരുന്നയാൾ പറഞ്ഞത്. നാട്ടുകാരും ഒപ്പം ചേർന്നതോടെ ബലമായി ട്രാക്ടർ കൊണ്ടുപോരാൻ സാധിച്ചില്ല.
തുടർന്ന് ബാവലിയിൽ ഉള്ള ചില നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പരിസരം നിരീക്ഷിച്ച ശേഷം ട്രാക്ടർ വീണ്ടെടുക്കാൻ നടപടി തുടങ്ങി.
കഴിഞ്ഞ ദിവസം ട്രാക്ടർ വീണ്ടെടുക്കാൻ തിരുവമ്പാടി പൊലീസ് കബനിയിലേക്കു പോയെങ്കിലും വിവരം ചോർന്നതോടെ ട്രാക്ടർ അവിടെ നിന്ന് മാറ്റി. ഇതോടെ, പൊലീസ് മറ്റൊരു വാഹനം ഉപയോഗിച്ച് ട്രാക്ടർ തടഞ്ഞു കസ്റ്റഡിയിലെടുത്തു. കർണാടക പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം തിരുവമ്പാടിയിലേക്ക് ഓടിച്ചു കൊണ്ടുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ട്രാക്ടർ കൃഷി വകുപ്പിനു വിട്ടു കൊടുക്കുമെന്നു എന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രജീഷ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

