കോഴിക്കോട് ∙ ചലച്ചിത്ര കലാസംവിധായകനും മുന്നൂറോളം ചലച്ചിത്രങ്ങളുടെ ടൈറ്റിൽ ബോർഡ് രചയിതാവുമായ മക്കട ദേവദാസ് (78) അന്തരിച്ചു.
കാവൽമാടം, തടവറ, തിരക്കിൽ അൽപസമയം, ഉയരും ഞാൻ നാടാകെ, കള്ളൻ പവിത്രൻ, തിങ്കളാഴ്ച നല്ല ദിവസം, പച്ചവെളിച്ചം, നന്ദി വീണ്ടും വരിക, ബ്രഹ്മരക്ഷസ്സ്, അയനം, തുമ്പോളിക്കടപ്പുറം, പ്രേംപൂജാരി, വക്കീൽ വാസുദേവ്, പ്രവാചകൻ, വധു ഡോക്ടറാണ് തുടങ്ങി നൂറോളം സിനിമയ്ക്കു കലാസംവിധാനം ഒരുക്കിയിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പെയിന്റിങ്ങിൽ ഒന്നാം സമ്മാനം നേടിയ ദേവദാസ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കത്തുമായാണ് സിനിമാ മോഹങ്ങളുമായി മദ്രാസിന് വണ്ടി കയറിയത്. ചെമ്മീൻ സിനിമയുടെ വസ്ത്രാലങ്കാരം നടത്തിയ രാമചന്ദ്രനാണ് അദ്ദേഹത്തെ സംവിധായകൻ പി.എൻ.മേനോനെ പരിചയപ്പെടുത്തിയത്.
ദേവദാസ് വരച്ചു നൽകിയ സിനിമ ടൈറ്റിൽ ഇഷ്ടമായതോടെ ദേവദാസിനെ മേനോൻ ഒപ്പം കൂട്ടി. ഗ്രാഫിക് സങ്കേതങ്ങളില്ലാതിരുന്ന ആ കാലത്ത് എഴുതിയും പെയിന്റ് ചെയ്തും തയാറാക്കുന്ന സിനിമ ടൈറ്റിലുകൾ ക്യാമറയിൽ പകർത്തുന്നതായിരുന്നു രീതി.
തമിഴും മലയാളവുമടക്കം മുന്നൂറോളം ചിത്രങ്ങൾക്ക് ദേവദാസ് ടൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
ഗുരുതുല്യനായ കലാസംവിധായകൻ എസ്.കൊന്നനാട്ടിനൊപ്പം ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോ ഒരുക്കിയ ചിത്രങ്ങളിൽ സഹകരിച്ചതോടെ കലാസംവിധാനത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചെടുത്തു. പി.ചന്ദ്രകുമാറിന്റെ ‘നീയോ ഞാനോ’ എന്ന ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര കലാസംവിധായകനായി.
പിന്നാലെ പി.പത്മരാജന്റെ ‘കള്ളൻ പവിത്രൻ’ എന്ന ചിത്രത്തിൽ കലാസംവിധാനം. കളളൻ പവിത്രൻ എന്ന ചിത്രത്തിലെ പാത്രക്കട
ദേവദാസ് ഒരുക്കിയത് തിരുവനന്തപുരത്തെ ഒരു ഹാളിനുള്ളിലാണ്. ഇത് ശ്രദ്ധേയമായതോടെ പത്മരാജന്റേതുൾപ്പെടെ നിരവധി ചിത്രങ്ങളുടെ കലാസംവിധാനത്തിലേക്ക് അത് വഴിതുറന്നു.
നിരവധി ടെലി സീരിയലുകൾക്കും കലാസംവിധാനമൊരുക്കി. ഇതിൽ ‘സുൽത്താൻ വീടി’ന് സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.
ഭാര്യ: തങ്കം. മകൾ: പ്രേംകല.
മരുമകൻ: രമേശ് (യുഎസ്എ). സംസ്കാരം നടത്തി.
സഞ്ചയനം ചൊവ്വാഴ്ച. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]