കോഴിക്കോട് ∙ കാൻസർ ബാധിതരായ കുഞ്ഞുങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യരുടെ കഥയാണ് ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ‘ഹോപ് ഹോംസി’നു പറയാനുള്ളത്. കോഴിക്കോട്ടെ കോവൂരിൽ പത്തുവർഷം മുൻപു പ്രവർത്തനം തുടങ്ങുകയും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചൈൽഡ് ഹുഡ് കാൻസർ ചികിത്സയുള്ള പ്രധാന ആശുപത്രികൾക്കു സമീപത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്ത ഹോപ് ഹോംസ് സാന്ത്വനമെന്നത് വെറുമൊരു വാക്കല്ലെന്ന് അടിവരയിട്ടു പറയുന്നു.
∙ എന്താണ് ഹോപ് ഹോംസ്?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടി ശാരീരിക പ്രശ്നവുമായി ആശുപത്രിയിലെത്തുകയും അവിടെനിന്ന് കാൻസറാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന നിമിഷം ആ കുടുംബത്തിന്റെ താളം തെറ്റുകയാണ്.
എന്നാൽ കുട്ടിക്കും മാതാപിതാക്കൾക്കും ചികിത്സ പൂർത്തിയാക്കി രോഗം മാറുന്നതുവരെ താമസസൗകര്യവും പോഷകാഹാരവും ഒരുക്കുകയും മാനസികപിന്തുണ നൽകുകയും ചെയ്യുന്ന സംവിധാനമാണ് ഹോപ് ഹോംസ്.
∙ പ്രതീക്ഷ
കൊടുങ്ങല്ലൂർ സ്വദേശിയായ കെ.കെ.ഹാരിസാണ് ഹോപ്പിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ യുഎസ്സിലാണ്.
2016ൽ ഹാരിസ് കുടുംബസമേതം യുഎസ്സിലേക്ക് യാത്ര പോയി. ഹാരിസിന്റെ നാലു മക്കളിൽ ഇളയയാൾക്ക് അന്നു പത്തു മാസം മാത്രമാണ് പ്രായം.
അവിടെവച്ച് കുഞ്ഞിനു ബ്രെയിൻ ട്യൂമർ കണ്ടെത്തി. നാട്ടിലേക്കുള്ള യാത്ര മുടങ്ങി.
യുഎസ്സിൽ തന്നെ ചികിത്സിക്കാൻ തീരുമാനിച്ചു. ലോകത്തെ ഏറ്റവും മികച്ച ചൈൽഡ്ഹുഡ് കാൻസർ ഹോസ്പിറ്റലാണ് യുഎസ്സിലെ സെന്റ് ജൂഡ്സ് ഹോസ്പിറ്റൽ.
കുഞ്ഞിന് അവിടെ ചികിത്സ തുടങ്ങി. മികച്ച ചികിത്സ ലഭിക്കുമെങ്കിലും കുടുംബം ആശങ്കയിലായി.
ഈ സമയത്ത് യുഎസ്സിൽ ഒരു പരിചയവുമില്ലാത്ത ഒട്ടേറെ നല്ല മനുഷ്യർ ഹാരിസിനു പിന്തുണ നൽകാനെത്തി.
മലയാളികൾ വീട്ടിൽ ഭക്ഷണം പാചകം ചെയ്ത് എത്തിച്ചുകൊടുക്കുന്നു. പലരും സ്വയം സമയക്രമമുണ്ടാക്കുകയും അതനുസരിച്ച് നിശ്ചിതസമയത്ത് കൂട്ടിരിക്കാൻ വരികയും ചെയ്തു.ചികിത്സ പൂർത്തിയാവാനെടുത്ത ഒരു വർഷത്തോളം കാലം അദ്ദേഹം അനുഭവിച്ചത് ആ നാട്ടുകാരുടെ കരുതലാണ്.
ഇത്തരമൊരു മാനസിക പിന്തുണ കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികൾക്ക് ലഭിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് ഹാരിസ് ചിന്തിച്ചു. അങ്ങനെ സെന്റ് ജൂഡ്സ് ആശുപത്രിയിലെ ഐസിയുവിന്റെ മുന്നിൽനിന്നാണ് ഹോപ് എന്ന എൻജിഒയുടെ ജനനം.
∙ ഹോപ്പിന്റെ അടിത്തറ
നാട്ടിൽവന്ന ശേഷം ഹാരിസ് കോഴിക്കോട് മെഡിക്കൽകോളജിനടുത്തു പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് വഴി മാസംതോറും കുഞ്ഞുങ്ങൾക്ക് ധനസഹായം നൽകി.
എന്നാൽ കുറച്ചുകൂടി പ്രഫഷനലായ സമീപനം വേണമെന്നും അദ്ദേഹം തീരുമാനിച്ചു. എംഎസ്ഡബ്ല്യു കഴിഞ്ഞ അഞ്ചു പേരെ മലബാറിലെ ജില്ലകളിൽ സർവേക്കായി നിയമിച്ചു.
കാൻസർ ബാധിതരായ കുട്ടികളുള്ള 100 വീടുകളിൽ പഠനം നടത്തി. ഈ പഠനഫലം കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായിരുന്ന ചൈൽഡ് കാൻസർ വിദഗ്ധൻ ഡോ.അജിത് കുമാർ, ആശുപത്രി സൂപ്രണ്ട് ടി.പി.അഷ്റഫ്, ആർസിസിയിലെ ഡോ.
കുസുമകുമാരി എന്നിവരുമായി ചർച്ച ചെയ്തു. എന്തു ചെയ്യണമെന്ന് രൂപരേഖയുണ്ടാക്കി.
വികസിത രാജ്യങ്ങളിൽ ചൈൽഡ്ഹുഡ് കാൻസറിനെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ അതിജീവന നിരക്ക് 50 ശതമാനമാണ്. ഇതു കൂട്ടാൻ എന്തു ചെയ്യണം എന്നാണ് ആലോചിച്ചത്.കുട്ടികൾ ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയാലുള്ള അണുബാധ, ചികിത്സാസമയത്ത് പോഷകാഹാരം ലഭിക്കാത്ത അവസ്ഥ, ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, ചികിത്സിക്കാനുള്ള മാനസിക സന്നദ്ധതയില്ലായ്മ എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
ഇതിനു പരിഹാരം കണ്ടെത്താൻ ഒരു വഴി ഹാരിസിനു തോന്നി. അങ്ങനെയാണ് ഹോപ് ഹോംസ് തുടങ്ങാൻ തീരുമാനിച്ചത്.
ഡോ.സൈനുൽ ആബിദീനാണ് മെഡിക്കൽ ഡയറക്ടർ.
∙ വാതിൽ തുറക്കുന്നു
മെഡിക്കൽ കോളജ് ആശുപത്രിക്കടുത്ത് കോവൂരിൽ ഒരു വീട് വാടകയ്ക്കെടുത്ത് ആദ്യ ഹോപ് ഹോം പ്രവർത്തനം തുടങ്ങി.ഒരു കുട്ടിക്ക് കുടുംബത്തിനൊപ്പം ഇവിടെ താമസിച്ച് ചികിത്സിച്ച് രോഗം മാറി തിരികെപ്പോവാൻ സൗകര്യമൊരുക്കി. അച്ഛനും അമ്മയ്ക്കും കുട്ടിക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.ഇവിടെ കൃത്യസമയത്ത് പോഷക ഭക്ഷണം ഒരുക്കി കൊടുക്കും.
കുട്ടി ആശുപത്രിയിൽ പോവുമ്പോൾ അവിടെയും ഭക്ഷണം എത്തിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലർമാരും ശാസ്ത്രീയമായ രീതിയിൽ ബോധവൽക്കരണം നടത്തും.
∙ വികസനത്തിന്റെ വഴിയിലേക്ക്
കോവൂരിലെ വീട്ടിൽ കൂടുതൽ പേർ എത്തിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഒരുകിലോമീറ്റർ അകലെ മായനാട് പ്രദേശത്ത് ഒരു കെട്ടിടം വാടകയ്ക്ക് എടുത്തു.
ഇവിടെ 15 കുട്ടികൾക്ക് താമസിക്കാൻ സൗകര്യമുണ്ട്.മായനാട്ടെ സെന്ററിനു പുറമെ ചൂലൂർ എംവിആർ കാൻസർ സെന്ററിലെ കുട്ടികൾക്കായി ചൂലൂര്–കട്ടാങ്ങൽ റോഡിൽ രണ്ടാമത്തെ ഹോപ് ഹോംസ് തുടങ്ങി. പിന്നീട് തലശ്ശേരി, കൊച്ചി, തിരുവനന്തപുരം ആർസിസി എന്നിവിടങ്ങളിലും ഹോപ് ഹോംസ് തുടങ്ങി.
കോഴിക്കോട് മായനാട് 15 കുട്ടികൾ, കട്ടാങ്ങലിൽ 10, തലശ്ശേരിയിൽ 9, കൊച്ചിയിൽ 9, തിരുവനന്തപുരത്ത് 9 കുട്ടികൾ വീതമാണ് ഇപ്പോഴുള്ളത്.24 മണിക്കൂറും മെഡിക്കൽ സേവനവും ആശുപത്രിയിലേക്ക് പോവാനും വരാനുമുള്ള വാഹനവുമടക്കം എല്ലാ പിന്തുണയും ഹോപ് ഹോംസ് നൽകുന്നുണ്ട്. കുഞ്ഞിനും കുഞ്ഞിന്റെ സഹോദരങ്ങൾക്കും പഠനപിന്തുണയും നൽകിവരുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]