കോഴിക്കോട്∙ ബീച്ചിൽ ഉന്തുവണ്ടി കച്ചവടക്കാരുടെ ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ നറുക്കെടുപ്പിനെച്ചൊല്ലി വിവാദം. ആവശ്യത്തിനു സമയം നൽകാതെ നടത്തിയ നറുക്കെടുപ്പ് ഒരു വിഭാഗം തൊഴിലാളികൾ ബഹിഷ്കരിച്ചു. അതേസമയം ആവശ്യത്തിനു സമയം നൽകിയാണ് നറുക്കെടുപ്പ് നടത്തിയതെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. ബീച്ചിൽ ഉന്തുവണ്ടി കച്ചവടം ഒരേ മാതൃകയിലാക്കി ബീച്ചിനു പുതുമുഖം നൽകാനായാണു പദ്ധതി പ്രഖ്യാപിച്ചത്.
ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന കച്ചവടക്കാരെ കൊണ്ട് മൂന്നു ലക്ഷം രൂപയാളം വായ്പ എടുപ്പിച്ച് ഒരേ മാതൃകയിലുള്ള ഉന്തുവണ്ടികൾ വാങ്ങിപ്പിച്ചിരുന്നു. ഫുഡ് സ്ട്രീറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 8 കോടിയോളം രൂപയാണ് ചെലവാക്കിയത്.
6 മാസം കൊണ്ട് പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതി രണ്ടു വർഷമായിട്ടും പൂർത്തിയായിട്ടില്ല.
ഇതിനിടെയാണ് ഉന്തുവണ്ടി കച്ചവടക്കാർക്ക് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ ഓഫിസിൽ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് നടക്കുന്നതന്റെ തലേദിവസമാണ് കച്ചവടക്കാരെ വിവരം അറിയിച്ചതെന്നും അതിനാൽ എല്ലാവർക്കും പങ്കെടുക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും നറുക്കെടുപ്പ് മാറ്റിവയ്ക്കാൻ കോർപറേഷൻ തയാറായില്ല.
തുടർന്നാണ് ഒരു വിഭാഗം തൊഴിലാളികൾ നറുക്കെടുപ്പ് ബഹിഷ്കരിച്ചത്.
ആകെയുള്ള 90 കച്ചവടക്കാരിൽ ഇരുപത്തിയഞ്ചിൽ താഴെ പേർ മാത്രമാണ് നറുക്കെടുപ്പിന് എത്തിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹര്യത്തിൽ തിരക്കിട്ട് ഉദ്ഘാടനം നടത്താനാണു കോർപറേഷന്റെ നീക്കമെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
മതിയായ സൗകര്യങ്ങൾ ഒരുക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങിയാൽ തടയുമെന്നും തൊഴിലാളികൾ വ്യക്തമാക്കി.
ബീച്ചിൽ മുഴുവൻ വണ്ടികളും സ്ഥാപിക്കുകയോ വണ്ടികൾക്ക് നമ്പറിട്ട് തരംതിരിച്ചു നൽകുകയോ ചെയ്തിട്ടില്ല. നിലവിലുള്ള കച്ചവടക്കാരെ പോലും അറിയിക്കാതെ വണ്ടികൾ തിടുക്കപ്പെട്ടു നൽകാൻ കോർപറേഷൻ ഓഫിസിൽ നറുക്കെടുപ്പ് നടത്തുകയായിരുന്നു.
ഇതാണ് യൂണിയനുകൾ ബഹിഷ്കരിക്കാൻ കാരണം. തിരക്കിട്ട് തട്ടിക്കൂട്ട് ഉദ്ഘാടനം നടത്താൻ അനുവദിക്കില്ല.
ഫൈസൽ പള്ളിക്കണ്ടി (സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, എസ്ടിയു)
കച്ചവടക്കാരെ എല്ലാവരെയും കാര്യങ്ങൾ കൃത്യമായി അറിയിച്ചു തന്നെയാണു നറുക്കെടുപ്പ് നടത്തിയത്.
ഫുഡ്സ്ട്രീറ്റിനുള്ള തയാറെടുപ്പുകൾ എല്ലാം കൃത്യമായി നടത്തിയിട്ടുണ്ട്. ചെറിയ ചില പരാതികൾ ഉണ്ട്.
അതു കേൾക്കാൻ കോർപറേഷൻ തയാറാണ്. പദ്ധതിയുമായി മുന്നോട്ടു പോകും.
പി.ദിവാകരൻ (കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]