
കോടഞ്ചേരി∙ കർക്കടകപ്പെയ്ത്തിൽ കുത്തിയൊഴുകുന്ന ഇരുവഞ്ഞിപ്പുഴയിൽ തുഴഞ്ഞുകയറി കലക്ടർ സ്നേഹിൽകുമാർ സിങ്. കലക്ടർക്കൊപ്പം തുഴയെറിയാൻ ലിന്റോ ജോസഫ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസും.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘മലബാർ റിവർ ഫെസ്റ്റിവൽ’ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിൽ നടന്ന ‘റിവർ റാഫ്റ്റ്’ യാത്രയിലാണ് കലക്ടറും എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ഒരുമിച്ച് റാഫ്റ്റിൽ കയറി സാഹസികയാത്ര നടത്തിയത്.
കൂറ്റൻ പാറക്കല്ലുകളെയും ആറ്റുവഞ്ചിച്ചെടികളെയും ഒഴുക്കിനെയും ഭേദിച്ച് 6 പേരടങ്ങിയ സംഘം 4 കിലോമീറ്റർ ദൂരമാണ് റാഫ്റ്റ് ചെയ്തത്.പാഡിൽ മോങ്ക്സ് അഡ്വഞ്ചേഴ്സിന്റെ റാഫ്റ്റിൽ കയറിയാണ് ആനക്കാംപൊയിൽ ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്തിൽ നിന്നും പുല്ലൂരാംപാറ കുമ്പിടാൻകയത്തിലേക്ക് റാഫ്റ്റിങ് നടത്തിയത്.സേഫ്റ്റി കയാക്കർ കെ.കെ.വിശ്വാസ് രാധ്, റാഫ്റ്റ് ഗൈഡ് ഉത്തരാഖണ്ഡ് സ്വദേശി ദീപക് ഥാപ്പ എന്നിവരാണ് റാഫ്റ്റ് നിയന്ത്രിച്ചത്. പുഴയിലൂടെ ഇവർ കയറിയ റാഫ്റ്റ് കടന്നുപോകുന്നതു കാണാൻ കുറുങ്കയം, ഇലന്തുകടവ് പാലം, പുല്ലൂരാംപാറ പള്ളിപ്പടിപാലം എന്നിവിടങ്ങളിൽ നാട്ടുകാർ കാത്തുനിന്നു.
ചുരം മഴയാത്ര ഇന്ന്
കോഴിക്കോട്∙ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന് വയനാട് ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ചുരം മഴയാത്ര നടത്തും.
ലക്കിടിയിൽ നിന്നാരംഭിച്ച് നാലാം വളവിൽ അവസാനിക്കും. ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.
ഓഫ്റോഡ് മത്സരങ്ങൾ ആരംഭിച്ചു
കോടഞ്ചേരി∙ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തും കേരള മോട്ടർ സ്പോർട്സ് വെൽഫെയർ സൊസൈറ്റിയും തുഷാരഗിരി അഡ്വഞ്ചർ പാർക്കും സംയുക്തമായി നടത്തുന്ന കേരള അഡ്വഞ്ചർ ട്രോഫി 2025 ഓഫ് റോഡ് മത്സരങ്ങൾ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു.
മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ ഷിജി ആന്റണി, സി.എസ്.ശരത്, എം.എസ്.
ഷെജിൻ, റോഷൻ കൈനടി, സുജേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ ഇനങ്ങളിലായി 50 ഓഫ് റോഡ് വാഹനങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. രാത്രി ഏറെ വൈകിയും മത്സരങ്ങൾ തുടർന്നു.
കോടഞ്ചേരി ടൗണിനു സമീപം കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കിലാണ് ഓഫ് റോഡ് ട്രാക്ക് ഒരുക്കിയിട്ടുള്ളത്. ഓഫ് റോഡ് മത്സരങ്ങൾ കാണാൻ വിവിധ ജില്ലകളിൽ നിന്നുമായി വൻ ജനാവലി എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]