
ചെരിപ്പുകട ഉടമയുടെ വീട്ടിലും പരിശോധന: 6 ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങൾ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നരിക്കുനി ∙ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് പൊലീസ് പിടികൂടിയ ചെരിപ്പുകട ഉടമയുടെ വീട്ടിലും പരിശോധന. ഇവിടെനിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. 3 മാസം മുൻപ് പ്രവർത്തനം തുടങ്ങിയ പൂനൂർ റോഡിലെ ഷിക്കാഗോ ഫുട്വെയർ ഷോപ്പിൽ നിന്നു 890 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞദിവസം പിടികൂടിയത്. കട ഉടമ മുഹമ്മദ് മുഹ്സിന്റെ (33) മടവൂർ മുക്കിലെ കിഴക്കേകണ്ടി വീട്ടിൽ നടത്തിയ പരിശോധനയിലാണ് 14 ചാക്കുകളിൽ നിറയെ ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയത്. ചില്ലറ വിൽപനയ്ക്കായി സൂക്ഷിച്ച പന്ത്രണ്ടായിരത്തോളം പാക്കറ്റുകളാണ് ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവയ്ക്ക് 6 ലക്ഷത്തിൽ അധികം രൂപ വില വരും.
അറസ്റ്റിലായ മുഹമ്മദ് മുഹ്സിനിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പതിനൊന്നോടെയാണ് പൊലീസ് വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. മുൻപ് ആരാമ്പ്രത്തെ ഇയാളുടെ കടയിൽ നിന്നു വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. നിരോധിത പുകയില ഉൽപന്നങ്ങൾ കോഴിക്കോട് ജില്ലയിൽ വിൽപന നടത്തുന്നതിലെ പ്രധാനിയാണ് മുഹമ്മദ് മുഹ്സിനെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്ഐമാരായ ബിജേഷ്, സുനിത, സീനിയർ സിപിഒമാരായ അനൂപ് തറോൽ, രതീഷ്, വിപിൻദാസ്, സിപിഒമാരായ ശ്രീനിഷ്, അനൂപ് എന്നിവർ പങ്കെടുത്തു.