കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ 8 അസിസ്റ്റന്റ്, കാഷ്യർ തസ്തികകളിലേക്ക് അനധികൃത നിയമനങ്ങളാണു നടന്നതെന്നു വെളിപ്പെടുത്തി ആരോഗ്യ വകുപ്പ്. വർഷങ്ങളായി കരാർ ജോലി ചെയ്യുന്ന ഇവരുടെ സേവനം ക്രമപ്പെടുത്തുന്നതിനു മുൻപേ ചട്ടപ്രകാരമല്ലാതെ പ്രൊബേഷൻ ഡിക്ലയർ ചെയ്ത സാഹചര്യം വിശദീകരിക്കാൻ ആരോഗ്യ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടർക്ക് അടിയന്തര നിർദേശം നൽകി.
ആരോഗ്യ മന്ത്രി ഉൾപ്പെടെ നേരത്തേ ഇക്കാര്യത്തിൽ സംശയം ഉന്നയിച്ചിരുന്നെങ്കിലും ഡയറക്ടർ ബോർഡ് തീരുമാനം എന്നു വിശദീകരിച്ച് ഇവരെ സ്ഥിരപ്പെടുത്താനായിരുന്നു കെഎംഎസ്സിഎൽ അധികൃതരുടെ ശ്രമം.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് ഈ നടപടികൾ പൂർത്തിയാക്കാൻ, ആരോഗ്യ വകുപ്പ് അധികൃതരുടെ ഓഫിസ് കേന്ദ്രീകരിച്ച് വൻതോതിൽ പണപ്പിരിവു നടന്നതായി സൂചനയുണ്ടെങ്കിലും മാധ്യമ വാർത്തകൾ വന്നതോടെ അവസാന മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കാതെ മാറ്റുകയായിരുന്നു.
തുടർന്നു ചീഫ് സെക്രട്ടറിയും ഈ നിയമനങ്ങളുടെ സാധുത പരിശോധിക്കാൻ കോർപറേഷനോടു നിർദേശിച്ചിട്ടുണ്ട്. മുൻ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടുന്നതാണ് അസിസ്റ്റന്റ്, കാഷ്യർ പട്ടിക.
പത്രപ്പരസ്യവും പരീക്ഷയും അഭിമുഖവും നടത്തിയാണ് ഇവരെ തിരഞ്ഞെടുത്തത് എന്ന് കെഎംഎസ്സിഎൽ വിശദീകരിക്കുന്നുണ്ടെങ്കിലും നിയമനപ്രക്രിയ മുഴുവൻ ക്രമക്കേടായിരുന്നുവെന്ന് പൊലീസ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിയമനം പുനഃപരിശോധിക്കണമെന്ന വിജിലൻസ് ശുപാർശയും കോർപറേഷനിലെ ജീവനക്കാർ തന്നെ ഇടപെട്ടു പൂഴ്ത്തി.
കരാർ നിയമനം നൽകുന്നവർക്കു പരമാവധി 60,000 രൂപ ശമ്പളം എന്നതാണു സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ഇതിൽ പലർക്കും 80,000 രൂപയ്ക്കു മുകളിൽ വർഷങ്ങളായി ശമ്പളം നൽകുന്നുണ്ട്. ഇവരുടെ ശമ്പള ഇനത്തിൽ മാത്രം 8.37 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ നിയമപ്രകാരം കോർപറേഷൻ മറുപടി നൽകിയിട്ടുമുണ്ട്.
നിയമനം ക്രമക്കേടായിരുന്നു എന്ന് വിജിലൻസും പ്രൊബേഷൻ പ്രഖ്യാപിച്ചത് ചട്ടപ്രകാരമല്ലെന്ന് ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറിയും വ്യക്തമാക്കുന്ന സ്ഥിതിക്ക് ഈ തുക തിരിച്ചു പിടിക്കുമോ എന്നതാണ് കെഎംഎസ്സിഎല്ലിലെ സജീവചർച്ച. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

