കോഴിക്കോട് ∙ പ്രശസ്ത എല്ലുരോഗ വിദഗ്ധനും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി എല്ലുരോഗ വിഭാഗം മേധാവിയുമായിരുന്ന ഡോ.
ജോർജ് ഇട്ടി (78) വെല്ലൂരിൽ അന്തരിച്ചു. കൊടൽ സിഎസ്ഐ മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ബോർഡ് സെക്രട്ടറി, സിഎസ്ഐ ഉത്തര കേരള മഹായിടവക കൗൺസിൽ അംഗം, മഹായിടവക കൗൺസിൽ ചെയർപഴ്സൻ, സിഎസ്ഐ ചെന്നൈ സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഗവേണിങ് ബോഡി അംഗമായിരുന്നു.
ഡൽഹി എയിംസ്, തൃശൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു.
വിരമിച്ച ശേഷം വടകര സഹകരണ ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു.
നാളെ വൈകിട്ട് അത്താണിക്കലിലെ വസതിയിൽ കൊണ്ടുവരും. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലിഷ് ചർച്ചിലെ പൊതുദർശനത്തിനു ശേഷം 4ന് വെസ്റ്റ്ഹിൽ സിഎസ്ഐ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ആനി ജോർജ്.
മക്കൾ: ഡോ. ഇജി ഏബ്രഹാം ജോർജ് (യുഎസ്), ഡോ.
ഡോണ എലിസബത്ത് ജോർജ് (സൈക്യാട്രി വിഭാഗം മേധാവി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്). മരുമക്കൾ: ഡോ.
പ്രീത ജോർജ് (യുഎസ്), ഡോ. സക്കറിയ മാത്യു (വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്).
കരുതലും കരുണയും നിറഞ്ഞ ചികിത്സ
കോഴിക്കോട് ∙ ഗവ.
മെഡിക്കൽ കോളജ് ആശുപത്രി എല്ലുരോഗ വിഭാഗത്തിലെ ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെ വർധിപ്പിക്കുന്നതിനു പ്രധാന പങ്കുവഹിച്ച വിദഗ്ധനായിരുന്നു ഇന്നലെ അന്തരിച്ച ഡോ. ജോർജ് ഇട്ടി.
അക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ എല്ലുരോഗ ചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിച്ചിരുന്നു.
രോഗികളോട് അനുകമ്പയോടെ പെരുമാറിയ അദ്ദേഹം പാവപ്പെട്ട
രോഗികളെ സഹായിക്കാൻ പ്രത്യേകം സമയം കണ്ടെത്തി. ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു മടങ്ങുന്നവർക്കു പോകാൻ പണമില്ലെങ്കിൽ കൊടുത്തു സഹായിച്ചതു പലരും ഓർക്കുന്നു. സ്നേഹത്തോടെ, വിശേഷം തിരക്കിയാണ് അദ്ദേഹം ചികിത്സ തുടങ്ങിയിരുന്നത്. ഒരിക്കൽ പരിചയപ്പെട്ട
എല്ലാവരുമായി അടുത്ത സൗഹൃദ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു.
ആതുരസേവന രംഗത്ത് അദ്ദേഹം തുടക്കമിട്ട സേവന പദ്ധതിയുടെ തുടർച്ചയെന്നോണമാണു നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലിഷ് ചർച്ചിൽ ‘നൈബർഹുഡ്’ എന്ന പേരിൽ രോഗികൾക്കായി ആരംഭിച്ച സൗജന്യ ചികിത്സാ മരുന്നു വിതരണ പദ്ധതി.
രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതോടൊപ്പം സൗജന്യമായി മരുന്നും എത്തിച്ചു കൊടുത്തിരുന്ന ഈ പദ്ധതി അനേകർക്ക് ഏറെ ആശ്വാസമായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള രോഗികളെ അവരുടെ വീടുകളിലെത്തിയും ഡോക്ടർ ചികിത്സിച്ചു മരുന്നു നൽകി. കോവിഡ് കാലം വരെ അതു തുടർന്നു. പരിചയമുള്ള മറ്റു ഡോക്ടർമാരുടെ അടുത്തുനിന്നു മരുന്നു സംഭരിച്ചും സ്വന്തം പണമെടുത്തു മരുന്നു വാങ്ങി കൊടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.
മികച്ച അധ്യാപകനും ക്വിസ് മാസ്റ്ററും; ഡോ.
ജോർജ് ഇട്ടിയെ ഡോ. എൻ.ജെ.മാണി അനുസ്മരിക്കുന്നു
മികച്ച എല്ലുരോഗ വിദഗ്ധനും നല്ല അധ്യാപകനുമായിരുന്നു ഡോ.
ജോർജ് ഇട്ടിയെന്നു അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുകയും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം മേധാവിയായി വിരമിക്കുകയും ചെയ്ത ഡോ.
എൻ.ജെ.മാണി. പറ്റ്നയിലായിരുന്നു ഡോ.
ജോർജ് ഇട്ടി ഉപരിപഠനം നടത്തിയത്.
ഇംഗ്ലിഷ് ഭാഷയിൽ അപാര പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്. എല്ലുരോഗ ചികിത്സയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശത്തിനായി പലരും ഡോ.
ജോർജ് ഇട്ടിയെയാണ് ആശ്രയിച്ചിരുന്നത്. പിജി വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹത്തിനു പ്രത്യേക ശൈലിയുണ്ടായിരുന്നു.
പിജി വിദ്യാർഥികൾക്കായി എല്ലാ വർഷവും ക്വിസ് മത്സരം നടത്തിയിരുന്ന ഡോ. ജോർജ് ഇട്ടി മികച്ച ക്വിസ് മാസ്റ്റർ കൂടിയായിരുന്നുവെന്നും ഡോ.എൻ.ജെ.മാണി അനുസ്മരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]