
കോഴിക്കോട്∙ കെട്ടിട നമ്പർ തട്ടിപ്പിൽ മുഖ്യമന്ത്രിയെ കാണാൻ പുറപ്പെട്ട
കോൺഗ്രസ് നേതാവിനു പാർട്ടി വിലക്ക്. ഇതോടെ, കോർപറേഷന്റെ സർവകക്ഷി സംഘത്തിൽനിന്ന് യുഡിഎഫ് അംഗങ്ങളുടെ അപ്രതീക്ഷിത പിൻമാറ്റം.
പാർട്ടി വിലക്കിയതോടെ കോൺഗ്രസ് നേതാവ് കെ.സി.ശോഭിത സംഘത്തിൽ നിന്നു പിന്മാറിയതോടെയാണു മറ്റ് യുഡിഎഫ് അംഗങ്ങളും യാത്ര ഉപേക്ഷിച്ചത്. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അവസാന നിമിഷം അപ്രതീക്ഷിത വിലക്ക് വന്നതോടെ യുഡിഎഫ് സംഘം പാതിവഴിയിൽ മടങ്ങി.
കോർപറേഷനിലെ ജീവനക്കാരുടെ പാസ്വേഡ് ചോർത്തി മാഫിയ സംഘം നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ 3 വർഷമായിട്ടും അന്വേഷണം പൂർത്തിയായിരുന്നില്ല. അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റപത്രം വേഗം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഇന്നു മുഖ്യമന്ത്രിയെ തിരുവനന്തപുരത്തു കാണാനിരിക്കുകയായിരുന്നു കോർപറേഷൻ സർവകക്ഷി സംഘം.
മേയർ, ഡപ്യൂട്ടി മേയർ അടക്കമുള്ളവർക്കൊപ്പം പ്രതിപക്ഷത്തെ പാർട്ടി നേതാക്കളും സംഘത്തിലുണ്ടായിരുന്നു. നേതൃത്വം വിലക്കിയതോടെ യുഡിഎഫ് നേതാക്കൾ പിന്മാറുകയായിരുന്നു.തട്ടിപ്പിൽ കുറ്റക്കാരെ കണ്ടെത്താൻ കോർപറേഷൻ അധികൃതർക്കു താൽപര്യമില്ലെന്നു ചൂണ്ടിക്കാട്ടി കൗൺസിലിൽ അടക്കം സ്ഥിരം ബഹളമുണ്ടാക്കിയിരുന്നതു യുഡിഎഫ് അംഗങ്ങളായിരുന്നു.
മാസങ്ങൾക്കു മുൻപ് സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും അതു നടപ്പാകാത്തതിനെയും യുഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു.
തുടർന്നാണു ഇന്ന് സർവകക്ഷി സംഘം വീണ്ടും മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്. ഈ യാത്രയിൽ നിന്നാണ് യുഡിഎഫ് അംഗങ്ങളുടെ പിൻമാറ്റം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]