
പൊള്ളലേറ്റ് നഗരഹൃദയം: ഷോർട്ട് സർക്കീറ്റ് സാധ്യത തള്ളാതെ വിദഗ്ധസംഘം, അന്വേഷണ ഫലത്തിനായി കാത്തിരിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙12 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ ആളിക്കത്തിയ തീയണച്ചു. ഞായറാഴ്ച വൈകിട്ട് 5.02 തുടങ്ങിയ തീപിടിത്തം ഇന്നലെ രാവിലെ അഞ്ചരയോടെയാണ് പൂർണമായും അണച്ചത്.വിമാനത്താവളത്തിൽനിന്ന് എത്തിച്ച ക്രാഷ് ടെൻഡർ ഫയർ ട്രക്ക് അടക്കം ആകെ 26 അഗ്നിരക്ഷാ വാഹനങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിരക്ഷാസേന, കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കെഎസ്ഇബി സെൻട്രൽ മെയിന്റനൻസ് യൂണിറ്റ്, പൊലീസ്, സംസ്ഥാന സ്പെഷൽ ബ്രാഞ്ച്, ദുരന്തനിവാരണ സേന, ഫൊറൻസിക് സംഘം, ഫിംഗർപ്രിന്റ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.സബ് കലക്ടർ ഹർഷിൽ ആർ.മീണ, എസ്എസ്ബി ഡപ്യൂട്ടി സൂപ്രണ്ട് കെ.സുദർശൻ, ജില്ലാ ഫയർ ഓഫിസർ കെ.എം.അഷ്റഫ്, കലക്ടർ സ്നേഹിൽകുമാർ സിങ്, ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി തുടങ്ങിയവർ പരിശോധനകൾക്കു നേതൃത്വം നൽകി.
ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം 2 ദിവസത്തിനകം കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും. ഇതുപ്രകാരം വിദഗ്ധ പരിശോധനയ്ക്കു ശേഷമുള്ള അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് കലക്ടർക്കു കൈമാറും. അഗ്നിരക്ഷാസേനയുടെ റിപ്പോർട്ട് ഫയർഫോഴ്സ് ഡിജിപിക്കും പകർപ്പ് കലക്ടർക്കും കൈമാറും.മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.പ്രദീപ്കുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.വിവിധ വകുപ്പുകളുടെ പരിശോധനയിൽ അനധികൃതമായ നിർമാണ പ്രവൃത്തികളാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം കെട്ടിടത്തിൽ അനധികൃത പ്രവൃത്തി കണ്ടെത്തിയിട്ടും കോർപറേഷൻ നടപടി എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
തുടക്കം രണ്ടാം നിലയിലെന്ന് നിഗമനം
തീപിടിത്തത്തിന്റെ തുടക്കം രണ്ടാംനിലയിലെ താൽക്കാലിക കെട്ടിടത്തിൽ നിന്നാണെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. ആളില്ലാതെ അടച്ചിട്ടിരുന്ന ഈ ഭാഗത്ത് തീ പടർന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഇവിടെനിന്ന് ഒന്നാം നിലയിലേക്ക് തീ പടർന്നതോടെയാണ് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. വെള്ളം ചീറ്റാൻ തുടങ്ങിയതോടെ വായു അകത്തേക്കു കടക്കാനുള്ള ഇടം ലഭിച്ചു. ഇതോടെ തീ ആളിക്കത്തിയെന്നും അഗ്നിരക്ഷാസേനയുടെ കണ്ടെത്തലിലുണ്ട്.
നഷ്ടം 25 കോടിയെന്ന് അഗ്നിരക്ഷാ സേന
പൊലീസ് നിഗമനം അനുസരിച്ച് 15 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 25 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അഗിനരക്ഷാ സേനയുടെ നിഗമനം. അതേസമയം 75 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. എഫ്ഐആർ പ്രകാരം കാലിക്കറ്റ് ടെക്സ്റ്റൈൽസ്, പിആർസി മെഡിക്കൽസ്, കാലിക്കറ്റ് അപ്പാരൽസ്, ഫാഷൻ ബസാർ, കാലിക്കറ്റ് ഫർണിഷിങ് എന്നിവയിക്കും മറ്റു നാലു ചെറു സ്ഥാപനങ്ങൾക്കുമാണ് തീപിടിത്തത്തിൽ നഷ്ടമുണ്ടായത്. കെട്ടിടത്തിനുതാഴെ പാർക്ക് ചെയ്ത വാഹനത്തിനും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടിലുണ്ട്.കാലിക്കറ്റ് ടെക്സ്റ്റൈൽസിന് 8 കോടിയുടെ നഷ്ടവും പിആർസി മെഡിക്കൽസിന് ഒന്നരക്കോടിയുടെ ഏകദേശ നഷ്ടവുമാണ് പൊലീസിന്റെ അനുമാനം. മറ്റെല്ലാ സ്ഥാപനങ്ങൾക്കുമായി 7 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കണക്കാക്കിയിട്ടുണ്ട്. കൃത്യമായ കണക്കുകൾ കലക്ടറുടെ റിപ്പോർട്ടുകളിലൂടെ മാത്രമേ വ്യക്തമാകൂ.
നമുക്കിടയിലുണ്ട് പ്രതികൾ
കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിച്ച വസ്ത്രവ്യാപാര സ്ഥാപനം നിൽക്കുന്ന ഭാഗത്ത് പണ്ട് ഉണ്ടായിരുന്നത് കോർപറേഷൻ വക ‘‘നൈറ്റ് ഷെൽട്ടർ’’ താമസ സൗകര്യം. ഇത് തരംമാറ്റി വാടകയ്ക്കു കൊടുത്തത് 2000നു ശേഷമാണെന്ന് പഴയകാല കച്ചവടക്കാർ പറഞ്ഞു.ആദ്യകാലത്ത് ഒരു രാത്രി 75 രൂപ നിരക്കിൽ താമസസൗകര്യം ലഭിച്ചിരുന്ന നൈറ്റ് ഷെൽട്ടറാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായിരുന്നത്. വിശാലമായ ശുചിമുറി സൗകര്യവും ഉണ്ടായിരുന്നു.കോർപറേഷൻ നടത്തുന്ന നൈറ്റ് ഷെൽട്ടർ സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. 20 വർഷത്തോളം മുൻപ് ചെറിയ തോതിൽ ഇവിടം കച്ചവടത്തിനായി വിട്ടുനൽകി. പതിയെപ്പതിയെ നൈറ്റ് ഷെൽട്ടർ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് പൂർണമായും കച്ചവടത്തിനായി കൈമാറ്റം ചെയ്യുകയുമായിരുന്നുവെന്നും കച്ചവടക്കാരും തൊഴിലാളികളും പറഞ്ഞു.ശുചിമുറികൾ അടച്ചുകെട്ടി. മുകൾനിലയിൽ താൽക്കാലിക സംവിധാനമുണ്ടാക്കി. ഇതിന് ഷീറ്റിട്ട് ചുറ്റും അടച്ചുകെട്ടി. എയർകണ്ടീഷൻ സംവിധാനം ഒരുക്കി. കെട്ടിടത്തിലെ നിയമലംഘനങ്ങൾക്കു നേരെ കോർപറേഷൻ കണ്ണടച്ചു. ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ച മേയർ കെട്ടിടം വാടകയ്ക്കു കൊടുത്തത് തന്റെ കാലയളവിലല്ലെന്ന് വ്യക്തമാക്കി. താൻ മേയറായിരിക്കുന്ന കാലയളവിലല്ല കെട്ടിടം വിട്ടുനൽകിയതെന്നു സ്ഥലം എംഎൽഎ തോട്ടത്തിൽ രവീന്ദ്രനും വ്യക്തമാക്കി.
ആദ്യ പരിഗണന പ്രശ്നപരിഹാരത്തിന്:മന്ത്രി റിയാസ്
കോഴിക്കോട്∙ തീപിടിത്തമുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ആദ്യ പരിഗണന പ്രശ്നപരിഹാരത്തിനെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. തീപിടിത്തമുണ്ടായ ഉടനെ സാധ്യമായ എല്ലാ ഇടപെടലുമുണ്ടായി. ജില്ലയിലെ എല്ലാ അഗ്നിരക്ഷാനിലയങ്ങളിലെയും യൂണിറ്റുകളും എത്തിച്ചു. വിമാനത്താവളത്തിലെ സംവിധാനം വരെ എത്തിച്ചു. കലക്ടർ വിശദമായ റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറി കൃത്യമായ നിർദേശം കലക്ടർക്കു നൽകിയിട്ടുണ്ട്.അനധികൃതമായ നിർമാണം നടന്നോ എന്നതു പിന്നീട് പരിശോധിക്കും. കെട്ടിടം തുറന്നു പ്രവർത്തിക്കണമെങ്കിൽ കെട്ടിടത്തിന്റെ ഉറപ്പ് പരിശോധിക്കണം. ഇതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ലോട്ടറി കടകൾ തുറക്കാനുള്ള ഇടപെടൽ നടത്തി. ഇവിടെ മറ്റു വ്യാപാരികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം ഇതു സംബന്ധിച്ചു മുഖ്യമന്ത്രി വിശദീകരിക്കുമെന്നും റിയാസ് പറഞ്ഞു.
കെട്ടിടത്തിന് ഫയർ എൻഒസി ഇല്ല!
കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിന് ഫയർ എൻഒസി നൽകിയിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫിസർ കെ.എം.അഷ്റഫ് പറഞ്ഞു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നിരക്ഷാസേനയുടെ പരിശോധനയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.ഞായറാഴ്ച വൈകിട്ട് 5.05ന് ആണ് വെള്ളയിൽ ഫയർ സ്റ്റേഷനിൽ തീപിടിത്തത്തെക്കുറിച്ച് ആദ്യ കോൾ വന്നത്. 5.08ന് വണ്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ആകെ 26 വാഹനങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 15 വലിയ അഗ്നിരക്ഷാ യൂണിറ്റുകൾ, 5 മൊബൈൽ അഗ്നിരക്ഷായൂണിറ്റുകൾ, ആറ് ചെറുവാഹനങ്ങൾ എന്നിവയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 120 അഗ്നിരക്ഷാ ഉദ്യോഗസ്ഥരും 60 സിവിൽ ഡിഫൻസ് വൊളന്റിയർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടിത്തം നിയന്ത്രിക്കുന്നതിൽ അഗ്നിരക്ഷാ വിഭാഗത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ അഞ്ചരയോടെ തീ പൂർണമായും അണച്ചു.
കെട്ടിടം തകര ഷീറ്റുകൾ ഉപയോഗിച്ച് കെട്ടിയടച്ച നിലയിലായിരുന്നു. കയറിപ്പോകാൻ ഒരു പ്രധാന വഴിയാണുണ്ടായിരുന്നത്. വരാന്തകളിലും ഇടനാഴികളിലും സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതുകൊണ്ടാണ് തീ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയത്. ഗ്ലാസുകളും ഷീറ്റുകളും വച്ച് അടച്ചതിനാൽ വെള്ളം അകത്തേക്ക് എത്തുന്നുണ്ടായിരുന്നില്ല.കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഒന്നാംനിലയിലും അതിനുമുകളിലെ രണ്ടാംനിലയിലുമാണ് തീ ആദ്യമുണ്ടായതെന്നാണ് സൂചന. മെഡിക്കൽ ഷോപ്പിന്റെ ഗോഡൗണിലും തീപിടിച്ചിട്ടുണ്ട്. ഷോർട്ട് സർക്കീറ്റ് ഉണ്ടാകുമ്പോൾ രണ്ടു മൂന്ന് ഇടങ്ങളിൽ ഒരേ സമയം തീപിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ സാധ്യതയാണ് കാണുന്നത്. ദുരൂഹതയുണ്ടോ എന്നത് ഫൊറൻസിക് അന്വേഷണ ഫലം ലഭിച്ച ശേഷം മാത്രമേ വ്യക്തമാവൂ. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് വരും ദിവസങ്ങളിലുണ്ടാവുമെന്നും കെ.എം.അഷ്റഫ് പറഞ്ഞു.
തീപിടിത്തം: പ്രതി കോർപറേഷനെന്ന് കോൺഗ്രസ്
കോഴിക്കോട്∙ ബസ് സ്റ്റാൻഡിനു സമീപത്തെ നഗരസഭ കെട്ടിടത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഒന്നാം പ്രതി കോർപറേഷനാണെന്ന് കോൺഗ്രസ്. സുരക്ഷാ സംവിധാനങ്ങളെ ആകെ അട്ടിമറിച്ച കൂട്ടിച്ചേർക്കലുകളും അടച്ചുപൂട്ടലുകളുമാണു തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. വേണ്ടപ്പെട്ടവർക്കു വേണ്ടി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയ കോർപറേഷനാണ് ഇതിനു വഴിയൊരുക്കിയത്. നിയമലംഘനങ്ങൾക്കു കൂട്ടു നിന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. നഗരത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഏറ്റവും അടിസ്ഥാന കാര്യങ്ങൾ പോലും നടത്താൻ കഴിയാത്ത കോർപറേഷൻ ഭരണാധികാരികൾ രാജിവയ്ക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ, പി.എം.നിയാസ്, കെപിസിസി അംഗം കെ.പി.ബാബു എന്നിവർ ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ് ഇരുട്ടിൽ
കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തെ തുടർന്ന് വൈദ്യുദി ബന്ധം വിച്ഛേദിച്ച് ഒരു ദിവസം പിന്നിട്ടു. സ്റ്റാൻഡിന്റെ കിഴക്കേ ഭാഗത്തെ വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ യാത്രക്കാർ ഇരുട്ടിലായി. തീപിടിത്തം ഉണ്ടായപ്പോൾ പടിഞ്ഞാറേ കെട്ടിടത്തിനു ചുറ്റുമുള്ള 4 ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്ത് വൈദ്യുതി വിച്ഛേദിച്ചിരുന്നു.ഈ കെട്ടിടത്തോടു ചേർന്നുള്ള ഭാഗത്തെ ബസുകൾ പുറത്തിറക്കുകയും ചെയ്തു. എന്നാൽ മഞ്ചേരി, പാലക്കാട്, തൃശൂർ, കണ്ണൂർ അത്തോളി, പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള ബസുകൾ സർവീസ് നടത്തുന്ന ഭാഗത്ത് പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇവിടെ സജീവമായി ബസ് സർവീസുകൾ നടന്നു. ഇന്നലെ വൈകിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാതായതോടെയാണ് യാത്രക്കാർ ഇരുട്ടിലായത്.
തള്ളാനാകില്ല,അട്ടിമറിസാധ്യത
കോഴിക്കോട്∙ ബസ് സ്റ്റാൻഡിലെ കോർപറേഷൻ കെട്ടിടത്തിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ അഗ്നിരക്ഷാസേനയുടെയും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെയും അന്വേഷണ റിപ്പോർട്ട്. തീപിടിത്തമുണ്ടായ സംഭവത്തിൽ കോർപറേഷന്റെ ഭാഗത്തു നിന്നു ഗുരുതര വീഴ്ചയുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.തീപിടിത്തമുണ്ടായത് ഷോർട്ട് സർക്കീറ്റ് മൂലമാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും അട്ടിമറി സാധ്യത തള്ളാനാകില്ല. ഇതു സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന നടത്തണം. സംഭവമുണ്ടായപ്പോൾ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രിക്കാൻ സാധിച്ചില്ല. 3 നിലകളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ അഗ്നിരക്ഷാ ഉപകരണങ്ങളോ അഗ്നിശമന സംവിധാനങ്ങളോ ക്രമീകരിച്ചിരുന്നില്ല. ഗോഡൗണിൽ ഉൽപന്നങ്ങൾ കൂട്ടിയിട്ടത് തീ പെട്ടെന്ന് പടരാനും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും ഇടയാക്കി. കോർപറേഷൻ നമ്പറുള്ള കെട്ടിടത്തിന് അഗ്നിരക്ഷാ വിഭാഗം നിരാക്ഷേപ പത്രം അനുവദിച്ചിട്ടില്ല.
കെട്ടിടത്തിന്റെ മുഴുവൻ ഭാഗങ്ങളും കെട്ടിയടച്ചതിനാൽ തുടക്കത്തിൽ തീ കെടുത്താൻ ബുദ്ധിമുട്ടി. വരാന്തയിലും മറ്റും കൂട്ടിയിട്ട തുണികൾ കത്തിയതോടെ കെട്ടിടത്തിനുള്ളിലേക്ക് കയറാൻ കഴിയാത്ത സ്ഥിതിയായി.തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിന്റെ മേൽക്കൂര തുണികൾക്കു മേൽ വീണു. ഇതോടെ എത്ര പമ്പ് ചെയ്തിട്ടും തീ കെടുത്താൻ കഴിയാത്ത സ്ഥിതിയായെന്നും അഗ്നിരക്ഷാ സേന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെട്ടിടത്തിന്റെ കാര്യത്തിൽ കോർപറേഷന്റെ ഭാഗത്തു നിന്നു കുറ്റകരമായ വീഴ്ച ഉണ്ടായിട്ടുണ്ട്. അഗ്നിരക്ഷാ വിഭാഗം നിരാക്ഷേപ പത്രം നൽകാത്ത കെട്ടിടത്തിൽ ചട്ടവിരുദ്ധമായി കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും അഗ്നിരക്ഷാ സേന കണ്ടെത്തി.സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലും അട്ടിമറി സാധ്യതയെ കുറിച്ചും ചട്ടവിരുദ്ധ നിർമാണങ്ങളെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. അവധി ദിവസം തന്നെ തീപിടിത്തം ഉണ്ടായതും കെട്ടിടത്തിലെ കടകളുടെ ഉടമസ്ഥത സംബന്ധിച്ചും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഭവ സ്ഥലത്ത് എത്തി മൊഴിയെടുത്തെങ്കിലും ഇന്നും മൊഴിയെടുപ്പ് തുടരും